ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് വില്ലനായി മഴ. ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ശക്തമായ നിലയിൽ തുടരുമ്പോഴാണ് മഴ മത്സരത്തിന് വില്ലനായെത്തിയത്. മഴയെ തുടർന്ന് മത്സരം നിർത്തിവെയ്ക്കുമ്പോൾ ബംഗ്ലാദേശ് സ്കോർ നാലിന് 423 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മുഷ്ഫിഖർ റഹീമും അർധ സെഞ്ച്വറിയുമായി ലിട്ടൻ ദാസുമാണ് ക്രീസിൽ തുടരുന്നത്.
നേരത്തെ രണ്ടാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 148 റൺസെടുത്ത നജ്മുൾ ഹൊസൈൻ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് രണ്ടാം ദിവസം ആകെ നഷ്ടമായത്. 279 പന്തിൽ 15 ഫോറും ഒരു സിക്സറും സഹിതമാണ് ഷാന്റോയുടെ ഇന്നിങ്സ്. മുഷ്ഫിഖറുമായി ചേർന്ന് നാലാം വിക്കറ്റിൽ 264 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഷാന്റോ പുറത്തായത്.
സെഞ്ച്വറിയുമായി മുഷ്ഫിഖർ റഹീം ക്രീസിൽ തുടരുന്നുണ്ട്. 325 പന്തിൽ ഒമ്പത് ഫോറുകൾ സഹിതം 159 റൺസ് മുഷ്ഫിഖറിന്റെ ബാറ്റിൽ നിന്ന് പിറന്നുകഴിഞ്ഞു. ലിട്ടൻ ദാസാണ് മുഷ്ഫിഖറിന് കൂട്ടായി ക്രീസിലുള്ളത്. 84 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം ലിട്ടൻ ദാസ് 61 റൺസ് നേടിക്കഴിഞ്ഞു. ഇരുവരും ചേർന്ന പിരിയാത്ത അഞ്ചാം വിക്കറ്റിൽ 114 റൺസും കൂട്ടിച്ചേർത്തു.
Content Highlights: SL vs BAN 1st Test Match Suspended due to rain