മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറി നേടി ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. മേജർ ലീഗ് ക്രിക്കറ്റിൽ വാഷിങ്ടൺ ഫ്രീഡത്തിന്റെ താരമാണ് മാക്സ്വെൽ. 49 പന്തിൽ പുറത്താകാതെ 106 റൺസാണ് മാക്സ്വെൽ നേടിയത്. രണ്ട് ഫോറുകളും 13 സിക്സറും ഉൾപ്പെടുന്നതായിരുന്നു മാക്സിയുടെ ഇന്നിങ്സ്. ട്വന്റി 20 ക്രിക്കറ്റിൽ താരത്തിന്റെ എട്ടാം സെഞ്ച്വറിയാണിത്.
ടി20 ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിൽ രോഹിത് ശർമ, ജോസ് ബട്ലർ, വാഷിങ്ടൺ ഫ്രീഡം സഹപരിശീലകൻ മൈക്കൽ ക്ലിങർ എന്നിവർക്കൊപ്പമെത്താൻ മാക്സ്വെല്ലിന് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടം വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 22 തവണയാണ് ഗെയ്ൽ ട്വന്റി 20 ക്രിക്കറ്റിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്.
മാക്സ്വെല്ലിന്റെ തകർപ്പൻ സെഞ്ച്വറിയിൽ വാഷിങ്ടൺ ഫ്രീഡത്തിന് 113 റൺസിന്റെ വിജയം നേടാനും സാധിച്ചു. ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സിനെതിരെയാണ് മാക്സ്വെൽ നായകനായ ടീമിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വാഷിങ്ടൺ ഫ്രീഡം ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലായിരുന്നു. പിന്നീടാണ് മാക്സിയുടെ വെടിക്കെട്ട് ഇന്നിങ്സിന് ആരാധകർ സാക്ഷ്യം വഹിച്ചത്.
ആദ്യ 15 പന്തിൽ 11 റൺസ് മാത്രമാണ് മാക്സ്വെല്ലിന് നേടാനായത്. എന്നാൽ അടുത്ത 34 പന്തിൽ 95 റൺസ് മാക്സിയുടെ ബാറ്റിൽ നിന്ന് പിറന്നു. ആറാം വിക്കറ്റിൽ ഒബസ് പിയേനാറിനൊപ്പം 116 റൺസിന്റെ പിരിയാത്ത കൂട്ടുകെട്ട് ഉണ്ടാക്കാനും മാക്സ്വെല്ലിന് സാധിച്ചു.
മറുപടി ബാറ്റിങ്ങിൽ ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സിനായി ആർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. 32 റൺസെടുത്ത സൈഫ് ബദാർ ലോസ് ഏയ്ഞ്ചൽസിന്റെ ടോപ് സ്കോററായി. ക്യാപ്റ്റൻ ജേസൺ ഹോൾഡർ 23 റൺസും നേടി. ഓപണർമാരായ അലക്സ് ഹെയ്ൽസ്, സുനിൽ നരെയ്ൻ, വൺഡൗണായി ക്രീസിലെത്തിയ ഉൻമുക്ത് ചന്ദ് എന്നിവർ പൂജ്യത്തിന് പുറത്തായി. 16.3 ഓവറിൽ 95 റൺസിൽ ലോസ് ഏയ്ഞ്ചൽസ് ഓൾഔട്ടാകുകയും ചെയ്തു.
Content Highlights: Glenn Maxwell equals Rohit Sharma's T20 record