ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഈ മാസാവസാനം; സീനിയർ താരങ്ങളും പങ്കെടുക്കും

അടുത്ത ദിവസങ്ങളിൽ ടീമിനെ പ്രഖ്യാപിക്കും

ഇന്ത്യൻ ക്രിക്കറ്റ് എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഈ മാസം അവസാനം ആരംഭിക്കും. അടുത്ത ദിവസങ്ങളിൽ ടീമിനെ പ്രഖ്യാപിക്കും. ഇംഗ്ലണ്ട് ലയണ്‍സുമായാണ് പരമ്പര. താരങ്ങളുടെ പട്ടിക മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംഘവും തയ്യാറാക്കി കഴിഞ്ഞതായി ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ട് ലയണ്‍സുമായി മേയ് 30ന് തുടങ്ങുന്ന പരമ്പരയിൽ നാല് മത്സരങ്ങളാണുളളത്. നാല് ദിവസമാണ് ഒരു മത്സരം ഉണ്ടാവുക. ജൂണ്‍ 20ന് ആരംഭിക്കുന്ന സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടില്‍ കളിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ടീമിനൊപ്പം ഉണ്ടാവും.

ഇന്ത്യന്‍ സീനിയര്‍ ടീമംഗങ്ങള്‍ രണ്ട് ഗ്രൂപ്പുകളായാണ് ഇംഗ്ലണ്ടിലേക്ക് പോവുക. ഐപിഎല്‍ പ്ലേ ഓഫില്‍ എത്താത്ത ടീമുകളിലെ താരങ്ങള്‍ ആദ്യം പുറപ്പെടും. ബാക്കിയുളളവര്‍ പിന്നാലെ ഇംഗ്ലണ്ടിലെത്തും. ഇന്ത്യന്‍ സീനിയര്‍ ടീമിലെ താരങ്ങളും ചതുര്‍ദിന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ന്യൂസിലാൻഡിനെതിരെയും നഷ്ടപ്പെട്ട ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ വിജയിച്ചു തുടങ്ങാൻ ഉള്ള തയ്യാറെടുപ്പായാണ് പരമ്പരയെ ബിസിസിഐ കാണുന്നത്.

Content Highlights: India A team to tour England later this month; senior players to also participate

To advertise here,contact us