ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി വീണ്ടും ഒന്നാമത്. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ 62 റൺസ് നേട്ടമാണ് കോഹ്ലിയെ ഓറഞ്ച് ക്യാപ് താരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിച്ചത്. ഈ ഐപിഎൽ സീസണിലെ കോഹ്ലിയുടെ ഏഴാം അർധ സെഞ്ച്വറിയുമാണിത്. 11 മത്സരങ്ങൾ പിന്നിട്ട കോഹ്ലിക്ക് ഇപ്പോൾ 505 റൺസുണ്ട്.
ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം. 10 മത്സരങ്ങളിൽ നിന്നായി സായി സുദർശൻ 504 റൺസെടുത്ത് രണ്ടാം സ്ഥാനത്തുണ്ട്. കോഹ്ലിയും സായിയും തമ്മിലുള്ള വ്യത്യാസം ഒറ്റ റൺമാത്രമാണ്. മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് മൂന്നാമൻ. സീസണിൽ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 475 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം.
ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലറാണ് റൺവേട്ടക്കാരിൽ നാലാമതുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 470 റൺസാണ് ജോസ് ബട്ലർ അടിച്ചെടുത്തിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ഗിൽ ആണ് സീസൺ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 465 റൺസാണ് ഗിൽ നേടിയത്.
Content Highlights: Kohli snatches the IPL 2025 Orange Cap back from Sai Sudharsan