ഐപിഎല്ലില് ചെന്നൈയ്ക്ക് ഇത് പരാജയങ്ങളുടെ സീസണ്. 11 മത്സരങ്ങള് പിന്നിടുമ്പോള് ഒമ്പതിലും സൂപ്പര് കിങ്സിന് തോല്വി. ഒടുവില് തോറ്റത് ചിന്നസ്വാമിയില് ആര്സിബിയോട്. ആവേശം അവസാന പന്ത് വരെ നീണ്ടപ്പോള് ചെന്നൈയുടെ തോല്വി സംഭവിച്ചത് രണ്ട് റണ്സ് അകലെ. തോല്വികള് തുടരുമ്പോഴും ചെന്നൈയ്ക്ക് പ്രതീക്ഷകളുണ്ട്. ആശ്വാസത്തിന്റെ പുതിയ കാറ്റ് വീശുന്നുണ്ട്. ആയൂഷ് മാത്രെയെന്ന കൗമാരക്കാരനിലൂടെ.
മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ആര്സിബി ഉയര്ത്തിയത് 214 റണ്സിന്റെ വിജയലക്ഷ്യം. വലിയ ലക്ഷ്യത്തിന് മുന്നില് ഭയക്കാതെ ചെന്നൈ തിരിച്ചടിച്ചു. ആ തിരിച്ചടിക്ക് ചുക്കാന് പിടിച്ചത് 17കാരനായ ആയൂഷ് മാത്രെ. 48 പന്തുകളില് ഒമ്പത് ഫോറുകള്, അഞ്ച് സിക്സറുകള്. 94 റണ്സുമായി മാത്രെ വീഴുമ്പോള് ചെന്നൈ സ്കോര് 172ല് എത്തിയിരുന്നു. മറുവശത്ത് രവീന്ദ്ര ജഡേജയുടെ പോരാടിയെങ്കിലും വിജയത്തിലെത്തിയില്ല. അര്ഹിച്ച വിജയം ആയൂഷ് മാത്രെയ്ക്ക് ലഭിക്കാതെ പോയി.
ഐപിഎല് സീസണില് ചെന്നൈ നായകന് റുതുരാജ് ഗെയ്ക്ക്വാദ് പരിക്കേറ്റ് വീണപ്പോള് പകരക്കാരനായ താരം. മുംബൈയ്ക്കാരനായ ആയൂഷ് ചെന്നൈയിലേക്ക് വണ്ടികയറി. സീസണില് തോല്വികള് കണ്ടുമടുത്ത ചെന്നൈ ആരാധകര് ചോദിച്ചു. എന്താണ് ആയൂഷില് നിങ്ങള് കണ്ട പ്രത്യേകത. ഒന്നിനും ചെവികൊടുക്കാതെ ചെന്നൈ ആയൂഷിന് മികച്ച പരിശീലനം നല്കി. അത് കളിക്കളത്തില് പ്രതിഫലിച്ച് തുടങ്ങി.
മുംബൈ ഇന്ത്യന്സിനെതിരെ 15 പന്തില് 32 റണ്സുമായി വരവറിയിച്ചു. ഓരോ മത്സരം കഴിയും തോറും ആയൂഷിന്റെ ബാറ്റില് നിന്നും ഉയരുന്ന റണ്സിന്റെ അളവുകള് വര്ധിക്കുകയാണ്. ഭുവനേശ്വര് കുമാറിനെപ്പോലൊരു അനുഭവ സമ്പത്തുള്ള പേസറിനെ അടിച്ചുതകര്ത്ത ബാറ്റിങ് വിസ്മയമായി ആയൂഷ് മാറി. ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഐപിഎല്ലിലും ആയൂഷ് ആവര്ത്തിക്കുകയാണ്.
ഇതിനോടകം തന്നെ ആയൂഷിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ ലഭിച്ചുകഴിഞ്ഞു. ആയൂഷിന്റെ ബാറ്റിങ് വിരേന്ദര് സെവാഗിനെ ഓര്മിപ്പിക്കുന്നുവെന്ന് സുരേഷ് റെയ്ന. ഇനി ഒരുപാട് ദൂരം സഞ്ചരിക്കേണ്ട താരമെന്ന് രവി ശാസ്ത്രിയുടെ പ്രവചനം. ആയൂഷിന്റെ പേര് ഓര്മയിലിരിക്കണമെന്ന് സൂര്യകുമാര് യാദവിന്റെ മുന്നറിയിപ്പ്. ആയൂഷ് ഇന്ത്യന് ക്രിക്കറ്റിന്റെ ഭാവിയാണ്. അതില് സംശയം വേണ്ടതില്ല.
Content Highlights: Ayush Mhatre: A breath of fresh air for CSK