ചിന്നസ്വാമി ആവേശം; RCBക്ക് മുന്നിൽ രണ്ട് റൺസ് അകലെ CSK വീണു

ആയൂഷ് മാത്രെയുടെ വെടിക്കെട്ടാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്

ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് വിജയം. ചെന്നൈ സൂപ്പർ കിങ്സിനെ രണ്ട് റൺസിനാണ് ആർസിബി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് വരെയെത്തി.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജേക്കബ് ബെഥലും വിരാട് കോഹ്‍ലിയും ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം 62 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടോപ് സ്കോറർ. 33 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം ബെഥൽ 55 റൺസുമെടുത്തു. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 97 റൺസാണ് പിറന്നത്. അവസാന ഓവറുകളിൽ കത്തിക്കയറിയ റൊമാരിയോ ഷെപ്പോർഡ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചു. 14 പന്തുകൾ മാത്രം നേരിട്ട ഷെപ്പേർഡ് പുറത്താകാതെ 53 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഓപണർ ആയൂഷ് മാത്രെയുടെ വെടിക്കെട്ടാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 48 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം 94 റൺസെടുത്താണ് ആയൂഷ് ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം നമ്പറിൽ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 45 പന്തിൽ പുറത്താകാതെ 77 റൺസെടുത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 114 റൺസാണ് കൂട്ടിച്ചേർത്തത്. ആയൂഷ് മാത്രെ പുറത്തായതിന് പിന്നാലെ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് വിജയം പിടിച്ചെടുത്തു.

Content Highlights: Royal Challangers beat Chennai Super Kings by two runs

To advertise here,contact us