മുംബൈ ഇന്ത്യൻസിനായി 6,000 റൺസ്; ചരിത്ര നേട്ടവുമായി രോഹിത് ശർമ

231-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി 6,000 റൺസ് തികച്ച് രോഹിത് ശർമ. ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിനായി ഒരു താരം 6,000 റൺസെന്ന നാഴികക്കല്ല് പിന്നിടുന്നത്. 231-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഐപിഎല്ലിൽ ആകെ 267 മത്സരങ്ങൾ കളിച്ച രോഹിത് ആകെ 6,900ത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഡെക്കാൻ ചാർജേഴ്സ് ആയിരുന്നു രോഹിത് കളിച്ച മറ്റൊരു ടീം.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബൗളിങ് ആണ് തിരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്സ് 10 ഓവർ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് വിക്കറ്റ് നഷ്ടമില്ലാതെ 99 റൺസെന്ന നിലയിലാണ്. 55 റൺസോടെ റയാൻ റിക്ലത്തണും 42 റൺസോടെ രോഹിത് ശർമയുമാണ് ക്രീസിൽ.

നേരത്തെ വ്യക്തി​ഗത സ്കോർ ഏഴിൽ നിൽക്കെ രോഹിത് കടുത്ത എൽബിഡബ്ല്യൂ അപ്പീൽ അതിജീവിച്ചിരുന്നു. രാജസ്ഥാൻ പേസർ ഫസൽഹഖ് ഫറൂഖി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. ഫറൂഖിയുടെ പന്ത് അടിക്കാൻ ശ്രമിച്ച രോഹിത് ശർമയ്ക്ക് പിഴച്ചു. താരം വിക്കറ്റിന് മുന്നിൽ കുരുങ്ങിയതോടെ ഫറൂഖി ശക്തമായി അപ്പീൽ ചെയ്തു. അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഔട്ടിൽ സംശയം തോന്നിയ രോഹിത് ശർമ അംപയറിന്റെ തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് നേരിയ വ്യത്യാസത്തിൽ ലെ​ഗ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ രോഹിത് ശർമ കഷ്ടിച്ച് ഔട്ടിൽ നിന്ന് രക്ഷപെട്ടു. പിന്നാലെ താരത്തിന്റെ റിയാക്ഷൻ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്.

Content Highlights: Rohit Sharma completes 6,000 runs for MI

To advertise here,contact us