നാളെമുതൽ സിംകാർഡ് നിയമങ്ങളിൽ മാറ്റം; നിശ്ചിത പരിധിയിൽ കൂടുതൽ കണക്ഷനുകൾ കൈവശം വെച്ചാല്‍ നടപടിയുണ്ടായേക്കാം

സിം കാര്‍ഡുകള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ 2026 ഓഗസ്റ്റ് 24 മുതല്‍ പ്രാബല്യത്തില്‍ വരും

നിങ്ങളുടെ പേരില്‍ ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉണ്ടോ?എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. സിം കാര്‍ഡുകള്‍ സംബന്ധിച്ച് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) തീരുമാനിച്ചു. ഈ നിയമം 2026 ഓഗസ്റ്റ് 24 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. നിശ്ചിത പരിധിക്കപ്പുറം മൊബൈല്‍ കണക്ഷനുകള്‍ ഉള്ള ഉപഭോക്താക്കളെ തിരിച്ചറിയാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എല്ലാ ടെലികോം കമ്പനികള്‍ക്കും ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് ഒരു സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. അത്തരം ഉപഭോക്താക്കള്‍ക്ക് ഇനി അവരുടെ പേരില്‍ പുതിയ മൊബൈല്‍ നമ്പര്‍ ലഭിക്കില്ലെന്ന് വ്യക്തമായി അറിയിക്കും. വ്യാജ സിം കാര്‍ഡുകളും കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് എത്ര സിം കാര്‍ഡുകള്‍ ഉപയോഗിക്കാം?

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വ്യത്യസ്ത ടെലികോം കമ്പനികളിലും സേവന മേഖലകളിലുമായി പരമാവധി ഒമ്പത് മൊബൈല്‍ കണക്ഷനുകള്‍ വരെ ഉണ്ടായിരിക്കാം. എങ്കിലും ചില പ്രദേശങ്ങളില്‍ ഈ പരിധി കുറവാണ്. ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് അവരുടെ പേരില്‍ പരമാവധി ആറ് മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടാവാം. കൂടാതെ ഉപഭോക്തൃ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അവരുടെ പേരില്‍ നിലവിലുള്ള മൊബൈല്‍ കണക്ഷനുകള്‍ വെളിപ്പെടുത്തേണ്ടതുണ്ട്.

പുതിയ സംവിധാനം എങ്ങനെ

പുതിയ സംവിധാനം തുടക്കത്തില്‍ പോസ്റ്റ്-ഫാക്‌റ്റോ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. അതായത് പുതിയ കണക്ഷനുകള്‍ എടുത്തതിന് ശേഷം പരിശോധിക്കുന്ന രീതിയിലായിരിക്കും. ഒരാളുടെ പേരിലുള്ള സിം കാര്‍ഡുകളുടെ എണ്ണം അനുവദിച്ച പരിധി കടന്നാല്‍ അധിക കണക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. എന്നാല്‍ പിന്നീട് സിം കാര്‍ഡ് പരിധി കവിയുന്നുണ്ടോ എന്ന് ഉടന്‍ കണ്ടെത്താന്‍ കഴിയുന്ന റിയല്‍ ടൈം സംവിധാനത്തിലേക്ക് മാറാനും ടെലികോം കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനായി ഉപഭോക്താക്കളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ഉപയോഗിക്കും. ഓഗസ്റ്റ് 24 മുതല്‍ അനുവദിച്ച പരമാവധി സിം കാര്‍ഡ് പരിധിയിലെത്തിയ ഉപഭോക്താക്കളുടെ ഫോട്ടോകള്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പിന് ലഭ്യമാകും. കമ്പനികള്‍ ഈ വിവരങ്ങള്‍ ദിവസവും പരിശോധിച്ച് പരിധിക്കപ്പുറം പുതിയ കണക്ഷന്‍ എടുക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തും.

Content Highlights :The Department of Telecommunications (DoT) of the Government of India has decided to implement new regulations regarding SIM cards. These new rules will come into effect on August 24, 2026.

To advertise here,contact us