വീട്ടില്‍നിന്ന് ഇറങ്ങും മുന്‍പ് ഒരു നാണയം ഫ്രിഡ്ജില്‍ വെച്ചാല്‍?; വൈറല്‍ ഹാക്കിന് പിന്നിലെ കാരണം ഇതാണ്

സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഹാക്കാണ് ഫ്രീസറില്‍ നാണയം വയ്ക്കുന്നത്

ഭക്ഷണം സൂക്ഷിക്കുന്നതിനും വെള്ളം തണുപ്പിക്കുന്നതിനും പഴങ്ങളും പച്ചക്കറികളും കേടാകാതെ സംരക്ഷിക്കുന്നതിനും റഫ്രിജറേറ്ററുകള്‍ അത്യാവശ്യമാണ്. റഫ്രിജറേറ്ററില്‍ വച്ചിരിക്കുന്ന സാധനം കേടായോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു വൈറല്‍ ഹാക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നിങ്ങള്‍ കുറച്ച് ദിവസത്തേക്ക് വീട്ടില്‍നിന്ന് എവിടെയെങ്കിലും പോവുകയാണെങ്കില്‍ ഫ്രീസറില്‍ ഒരു നാണയം വെച്ചിട്ട് പോവുക. നിങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പവര്‍കട്ട് മൂലം ഭക്ഷണം കേടായോ എന്ന് മനസിലാക്കാന്‍ ഇതിലൂടെ കഴിയും. വൈദ്യുതി പോയ സമയത്ത് ഫ്രിഡ്ജ് എത്ര സമയം പ്രവര്‍ത്തിക്കാതിരുന്നുവെന്ന് പലപ്പോഴും നമുക്ക് അറിയാന്‍ കഴിയില്ല. ഈ വൈറല്‍ ഹാക്കിലൂടെ രണ്ടാണ് ഗുണം. ഒന്ന് വൈദ്യുതി പോയോ എന്നറിയാം, ഭക്ഷണം കേടായോ എന്നും മനസിലാകും.

വൈറല്‍ ഹാക്ക് എങ്ങനെ ചെയ്യാം

ഒരു ഗ്ലാസിലോ കപ്പിലോ വെളളംനിറച്ച് ഐസാകുന്നത് വരെ ഫ്രീസറില്‍ വയ്ക്കുക. വെളളം ഐസായിക്കഴിയുമ്പോള്‍ അതിന് മുകളിലേക്ക് ഒരു നാണയം വയ്ക്കുക. തിരിച്ച് വീട്ടില്‍ വരുമ്പോള്‍ നാണയത്തിന്റെ സ്ഥാനം പരിശോധിക്കുക. നാണയം ഐസില്‍ ചരിഞ്ഞോ അല്‍പ്പം മുങ്ങിയോ കിടക്കുകയാണെങ്കില്‍ വൈദ്യുതി പോയി ഐസ് എപ്പോഴോ ഉരുകിയിരുന്നു എന്ന് മനസിലാക്കാം. നാണയം കൂടുതല്‍ ആഴത്തില്‍ മുങ്ങിയിരുന്നാല്‍ വൈദ്യുതി അധിക സമയം ഇല്ലായിരുന്നു എന്ന് അനുമാനിക്കാം.

എന്തുകൊണ്ടാണ് ഈ ഹാക്ക് ഗുണപ്രദമാണെന്ന് പറയുന്നത്

ഇത്തരത്തില്‍ വൈദ്യുതി പോയി ഐസ് ഉരുകിയിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങള്‍ കേടാകാനുള്ള സാധ്യതയുണ്ട്. മാംസം, മത്സ്യം, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ താപനില ഉയര്‍ന്ന ശേഷം വീണ്ടും തണുത്താല്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും. അതിനാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ അത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. അതുകൊണ്ടുതന്നെ യാത്രപോകും മുന്‍പ് ഫ്രിഡിജില്‍ നാണയം വയ്ക്കുന്ന ഹാക്ക് പ്രയോജനകരമാണെന്നാണ് പലരും പറയുന്നത്.

Content Highlights :

To advertise here,contact us