സര്‍ക്കാര്‍ ഓഫീസുകളിലെ കസേരകളില്‍ വെള്ള ടൗവ്വല്‍ ഇടുന്നതിന് പിന്നിലെ കാരണം

സര്‍ക്കാര്‍ ഓഫീസുകളിലെ കസേരകളില്‍ ടൗവ്വല്‍ ഇടുന്നത് എന്തിന്? അതിന് വെള്ള നിറം ഉള്ളതിന് കാരണം എന്താണ്?

സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിട്ടുണ്ടെങ്കില്‍ അവിടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കസേരയില്‍ വെള്ള നിറത്തിലുള്ള ടൗവ്വല്‍ വിരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. എന്തുകൊണ്ടായിരിക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരുപോലെ ഇത്തരത്തില്‍ കാണപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. അതിന് പിന്നില്‍ കാലങ്ങള്‍ക്ക് മുന്നേയുള്ള ഒരു ചരിത്രമുണ്ട്. രാഷ്ട്രീയക്കാരനായ ഗുര്‍ദീപ് സിങ് സപ്പല്‍ (@gurdeepsappal) ഇക്കാര്യത്തെക്കുറിച്ച് എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകം സൃഷ്ടിച്ച വാര്‍ത്തയായി മാറിയത്.

ഈ പാരമ്പര്യം ബ്രട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. അക്കാലത്ത് കഠിനമായ ചൂടുള്ള കാലാവസ്ഥയും പൊടിയും വിയര്‍പ്പും ഒക്കെക്കൊണ്ട് നീണ്ട ജോലി സമയങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ വിയര്‍പ്പ് തുടയ്ക്കാനും ഫര്‍ണിച്ചറുകള്‍ വൃത്തിയായി സൂക്ഷിക്കാനും തുണി ഉപയോഗിച്ചിരുന്നു. സ്വാതന്ത്രത്തിന് ശേഷവും ഈ രീതി ഭരണത്തില്‍ പിന്തുടരുകയും ക്രമേണ അതൊരു സ്ഥിരമായ രീതിയായി മാറുകയും ചെയ്തു. വെളുത്ത ടൗവ്വല്‍ കസേരയെ പൊടിയില്‍നിന്നും അഴുക്കില്‍നിന്നും സംരക്ഷിക്കുന്നു. ഇരിപ്പിടം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു. വെളുത്ത നിറത്തില്‍ അഴുക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയും. അതിനാല്‍ അത് മാറ്റി സ്ഥാപിക്കാനോ വൃത്തിയാക്കാനോ കഴിയും.

സ്വാതന്ത്രാനന്തരം ഓഫീസുകള്‍ നവീകരിക്കികയും പിന്നീട് കാലങ്ങള്‍ കടന്നപ്പോള്‍ എയര്‍ കണ്ടീഷ്‌നറുകള്‍ പോലുള്ള സൗകര്യങ്ങള്‍ വരെ എത്തുകയും ചെയ്തു. അപ്പോഴും ടൗവ്വലുകള്‍ കസേരകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. കാലക്രമേണ വെളുത്ത ടൗവ്വല്‍ ഒരു സാധാരണ വസ്തുവില്‍നിന്ന് അധികാരത്തിന്റെ സൂക്ഷ്മമായ അടയാളമായി മാറി. സാധാരണയായി തീരുമാനം എടുക്കാനുള്ള അധികാരമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് മാത്രമായിരുന്നു ടൗവ്വലുള്ള കസേര മാറ്റിവച്ചിരുന്നത്. പല ഓഫീസുകളിലും ഫര്‍ണിച്ചഫറുകളും ലേഔട്ടും പോലും സൂക്ഷ്മമായ റാങ്കിന്റെയും അധികാരത്തിന്റെയും സൂചന നല്‍കുന്നു. പല ഓഫീസുകളിലും ഈ ടൗവ്വല്‍ ഉദ്യോഗസ്ഥന്റെ സ്ഥാനവും അന്തസും സൂചിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളുടെ പാരമ്പരാഗതവും ഭരണപരവുമായി ഐഡന്റിറ്റിയായി മാറിക്കഴിഞ്ഞു.

എന്തുകൊണ്ട് വെളുത്ത നിറം

വെള്ള നിറം ശുചിത്വം, ക്രമം, ഔപചാരികത എന്നിവയെ സൂചിപ്പിക്കുന്നു. ചെറിയ കറ പോലും പെട്ടെന്ന് ദൃശ്യമാകുന്നതിനാല്‍ ഇടയ്ക്കിടെ മാറ്റാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും വെളുത്ത ടവലുകള്‍ ഉപയോഗിക്കുന്നത്. ഇത് സീറ്റ് വൃത്തിയായി സൂക്ഷിക്കുകയും ഔപചാരികമായ ഒരു ലുക്ക് നിലനിര്‍ത്തുകയും ചെയ്യുന്നു.

Content Highlights : Why are towels placed on chairs in government offices? What is the reason for the white color of the towel?

To advertise here,contact us