നിങ്ങളുടെ ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്തിട്ടുണ്ടോ? പറ്റിക്കപ്പെടാതിരിക്കണമെങ്കില്‍ വേഗം ലോക്ക് ചെയ്‌തോളൂ

വിരലടയാളമോ കണ്ണിന്റെ സ്‌കാനിംഗോ തെറ്റായ കൈകളില്‍ എത്തിയാല്‍ നിങ്ങളുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യപ്പെടാം

ഇക്കാലത്ത് പല തരത്തിലുള്ള തട്ടിപ്പ് രീതികളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതില്‍നിന്ന് രക്ഷപെടാന്‍ സ്വയം എന്തൊക്കെ സുരക്ഷാനടപടികള്‍ ചെയ്യാനാകുമോ അതൊക്കെ ചെയ്യേണ്ടതാണ്. അത്തരത്തിലൊന്നാണ് ആധാറുമായി ബന്ധപ്പെട്ട് ചെയ്യാന്‍ കഴിയുന്ന ചില സുരക്ഷാ നടപടികള്‍. ഒരു സിംകാര്‍ഡ് എടുക്കുന്നത് മുതല്‍ ബാങ്ക് സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതുവരെ പല കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ വിരലടയാളമോ കണ്ണ് സ്‌കാനിംഗോ മുഖം തിരിച്ചറിയല്‍ രീതികളോ ഒക്കെ തെറ്റായ കൈകളില്‍ എത്തിയാല്‍ നിങ്ങളുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യപ്പെടാം.

ഇത്തരത്തിലുള്ള അപകട സാധ്യത കുറയ്ക്കാനായി ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്യാനായുള്ള ഓപ്ഷന്‍ UIDAI (Unique Identification Authority of India) നല്‍കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈലിലൂടെത്തന്നെ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള എല്ലാ ആധാര്‍ ഉടമകളും അവരുടെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യണമെന്ന് UIDAI പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വ്യക്തിയുടെ ഡാറ്റയുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നു.

എന്താണ് ബയോമെട്രിക് ലോക്കിംഗ്

ആധാര്‍നമ്പര്‍ ഉടമകള്‍ക്ക് അവരുടെ ബയോമെട്രിക് ഡാറ്റ, പ്രത്യേകിച്ച് വിരലടയാളം, കണ്ണിന്റെ കൃഷ്ണമണി, മുഖം തിരിച്ചറിയല്‍ രീതികള്‍ എന്നിവ ലോക് ചെയ്യാനോ താല്‍ക്കാലികമായി അണ്‍ലോക്ക് ചെയ്യാനോ അനുവദിക്കുന്ന ഒരു സുരക്ഷാ സവിശേഷിതയാണ് ബയോമെട്രിക് ലോക്കിംഗ്. ആധാര്‍ ബയോമെട്രിക്കലായി ലോക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആര്‍ക്കും ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് അത് അണ്‍ലോക്ക് ചെയ്യാനും വീണ്ടും ലോക്ക് ചെയ്യാനും സാധിക്കും.

ഇത് ദുരുപയോഗം ചെയ്യപ്പെടുന്നത് എങ്ങനെയാണ്?

എങ്ങനെയാണ് നിങ്ങളുടെ ആധാര്‍ ബയോമെട്രിക്‌സ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന് ഒരു ഉദാഹരണം ഇതാ… നിങ്ങള്‍ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്തിട്ടുണ്ട് എങ്കില്‍ നിങ്ങളുടെ വിരലടയാളമോ മറ്റോ ഉപയോഗിച്ച് മറ്റാര്‍ക്കും ഒരു സിംകാര്‍ഡ് എടുക്കാനോ എന്തെങ്കിലും സേവനം ലോഗിന്‍ ചെയ്യാനോ സാധിക്കില്ല. സിസ്റ്റം ആ അറ്റംപ്റ്റ് നിരസിക്കും.

ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നതും അണ്‍ലോക്ക് ചെയ്യുന്നതും എങ്ങനെ

  • UIDAI യുടെ ഔദ്യേഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ mAadhaar ആപ്പ് വഴി ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ഫോണിലൂടെയും mAadhar ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ബയോമെട്രിക് ലോക്ക് ചെയ്യാന്‍ സാധിക്കും.
  • വെബ്‌സൈറ്റ് തുറന്ന് അതില്‍ ആധാര്‍നമ്പര്‍ നല്‍കുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കും. ആ OTP നല്‍കി അക്കൗണ്ട് തുറക്കുക.
  • ഇപ്പോള്‍ നിങ്ങള്‍ക്ക് ബയോമെട്രിക് ലോക്ക് ആന്‍ഡ് അണ്‍ലോക്ക് ഓപ്ഷന്‍ കാണാന്‍ സാധിക്കും.ഇവിടെ ലോക്ക് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിരലടയാളവും കൃഷ്ണമണി തിരിച്ചറിയലും ലോക്ക് ചെയ്യപ്പെടും.

അണ്‍ലോക്ക് ചെയ്യുന്ന വിധം

നിങ്ങള്‍ക്ക് ആവശ്യമുളള സമയത്ത് ആധാര്‍ ബയോമെട്രിക്‌സ് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും.

UIDAI വെബ്‌സെറ്റിനെയോ mAadhar ആപ്പോ ഡൗണ്‍ലോഡ് ചെയ്ത് OTP ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യുക. ഇതുവഴി ബയോമെട്രിക് ലോക്ക് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ തട്ടിപ്പുകള്‍ തടയാന്‍ സാധിക്കും.

Content Highlights : Lock Aadhaar biometric to prevent fraud through Aadhaar. How to lock and unlock Aadhaar biometric

To advertise here,contact us