രാജ്യത്തിന്റെ പ്രസിഡന്റാണ്, വലിയ ഉത്തരവാദിത്തം വഹിക്കുന്നയാളാണ് എന്നതിന്റെ അർത്ഥം എപ്പോഴും ഗൗരവമായി മാത്രം പെരുമാറണമെന്നാണോ? ഏറെക്കുറെ അങ്ങനെയാണെന്ന് പറയേണ്ടി വരും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിന്റെ കാര്യത്തിൽ. ഷീയുടെ കാര്യമെടുത്താൽ, ചെറിയൊരു പുഞ്ചിരി മാത്രമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മാത്രമാണ് ഇതുവരെ ഭൂരിഭാഗവും കണ്ടിട്ടുള്ളത്. എന്നാൽ വൈറ്റ്ഹൗസിലെ ഒരു യോഗത്തിൽ പങ്കെടുത്ത് കണ്ണുംപൂട്ടി ചിരിക്കുന്ന ഷീയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഷീയുടെ നേർക്ക് ഇരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ്. പക്ഷേ ഈ ചിത്രം ചൈനീസ് സോഷ്യൽ മീഡിയയിലൊന്നും ലഭിക്കില്ല. അതിന് പിന്നിലൊരു കാരണവുമുണ്ട്.
ചൈനീസ് പ്രസിഡന്റും യുഎസ് പ്രസിഡന്റും ഉഭയകക്ഷി ചർച്ചകൾക്കായാണ് ബുസാനിൽ ഒത്തു ചേർന്നത്. സൗത്ത് കൊറിയയിൽ നടക്കുന്ന ഏഷ്യ പസഫിക്ക് ഇക്കോണമിക്ക് കോർപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ചർച്ചകൾ നടന്നത്. ഇവിടെ സോയ്ബീൻസ്, ഫെന്റനൈൽ, റെയർ എർത്ത് മിനറൽസ്, കമ്പ്യൂട്ടർ ചിപ്പ്സ് എന്നിവയെല്ലാം ചർച്ചാവിഷയമായി.
ചർച്ചകളിലെ ഗൗരവം ഒരു വശത്ത് നിൽക്കുമ്പോൾ, വൈറ്റ് ഹൗസ് പുറത്തുവിട്ട ചില ചിത്രങ്ങൾ ചൈനീസ് പ്രസിഡന്റിന്റെ ഇതുവരെ കാണാത്ത ഭാവങ്ങളാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. മുഖാമുഖമായി ഇരിക്കുന്ന രണ്ട് ലോകനേതാക്കൾ, ട്രംപിനെ നോക്കി കണ്ണടച്ച് ചിരിക്കുന്ന ഷീ, അദ്ദേഹത്തിനടുത്തായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതും കാണാം. പക്ഷേ ഈ ചിത്രങ്ങളൊന്നും ചൈനകാരുടെ സോഷ്യൽ മീഡിയയിൽ ലഭിക്കില്ല. പ്രസിഡന്റിന് ലഭിച്ചിട്ടുള്ള ഗൗരവക്കാരൻ ഇമേജ് ഇല്ലാതാകുമെന്നതാണ് ഇതിന് കാരണമത്രേ.
കഴിഞ്ഞ മാസം ഇത്തരത്തിൽ തമാശ പറഞ്ഞ് ചിരിക്കുന്ന ഷീയുടെ വീഡിയോ റോയിട്ടേഴ്സ് പകർത്തിയിരുന്നു. സൗത്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങിനോടാണ് സമ്മാനങ്ങൾ കൈമാറവേ ഷീ തമാശ പറഞ്ഞത്. ചൈനയിൽ അവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളതിനാലും ഷീയുടെ ചിരി വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളു എന്ന കാരണം കൊണ്ടും ചൈനകാർക്ക് നേരിട്ടും അല്ലാതെയും സ്വന്തം പ്രസിഡന്റിന്റെ ഈ പൊട്ടിച്ചിരി കാണാൻ കഴിയാതെ പോയി.
സമൂഹമാധ്യമങ്ങളും പാശ്ചാത്യ ന്യൂസ് വെബ്സൈറ്റുകളും ചൈനയിൽ നിരോധിച്ചിട്ടുണ്ട്. അതിനാൽ ചൈനയില് സെൻസർമാർക്ക് നിരോധിത കണ്ടന്റുകൾ ഒഴിവാക്കാനും എളുപ്പമാണ്. ചൈനീസ് സമൂഹമാധ്യമങ്ങളിലൊന്നിൽ പോലും ഷീ പുഞ്ചിരിക്കുന്നതോ പൊട്ടിച്ചിരിക്കുന്നതോ ആയ ചിത്രങ്ങളോ ദൃശ്യങ്ങളോ ഒന്നും കാണാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്.Content Highlights: Xi Jingping's laughing photo from white house