ചത്തീസ്ഗഢില് മരിച്ചെന്ന് കരുതി സംസ്കരിച്ച യുവാവിനെ 'ജീവനോടെ' കണ്ടെത്തി. 25 വയസുള്ള പുരുഷോത്തം എന്ന യുവാവിനെയാണ് 'സംസ്കാരത്തിന് ശേഷം' ജീവനോടെ കണ്ടെത്തിയത്. സംഭവം ഗ്രാമത്തില് വലിയ ഞെട്ടലാണുണ്ടാക്കിയത്.
ചത്തീസ്ഗഢിലെ സൂരജ്പൂരിലാണ് സംഭവം. പുരുഷോത്തം എന്ന യുവാവിനെ കാണാതായതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഈ സമയം, പുരുഷോത്തമിന്റെ വീടിന് സമീപമുള്ള കിണറ്റില് നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആരുടെയാണെന്ന് കണ്ടെത്താന് ശ്രമിക്കുന്ന പൊലീസിനോട് അയല്വാസിയാണ് രണ്ട് ദിവസമായി പുരുഷോത്തമിനെ കാണാനില്ലായെന്ന വിവരം അറിയിച്ചത്. ഇതോടെ മരിച്ചത് പുരുഷോത്തമാണോ എന്ന സംശയത്തിലേക്ക് പൊലീസും നാട്ടുകാരും എത്തിചേർന്നു. പിന്നാലെ കുടുംബം സ്ഥലത്ത് എത്തി മരിച്ചത് ഇയാൾ തന്നെ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ശവസംസ്കാര ചടങ്ങുകള് സമീപത്തുള്ള ശ്മസാനത്തില് നടത്തുകയായിരുന്നു.
കടുത്ത ദുഖത്തിലൂടെ കുടുംബം കടന്നു പോകുന്നതിനിടയിലാണ് പുരുഷോത്തമിനെ മറ്റൊരിടത്ത് വെച്ച് കണ്ടെന്നറിയിച്ച് ഒരു ബന്ധു രംഗത്തെത്തുന്നത്. പുരുഷോത്തമിന്റെ വീട്ടില് നിന്നും 45 കി മി അകലെയുള്ള അമ്പികാപൂരിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു വിവരം. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില് അമ്പികാപൂരിലെ ഒരു ബന്ധു വീട്ടില് നിന്ന് ഇയാളെ കണ്ടെത്തി. വിവരം വീട്ടുകാര്ക്കും കുടുംബത്തിനും വലിയ ആശ്വാസവും സന്തോഷവുമാണ് നല്കിയത്. 'തൻ്റെ മകനാണെന്ന പേരിൽ ഒരു മൃതദേഹത്തിൻ്റെ ചിത്രം മാത്രമാണ് കണ്ടത്. എല്ലാവരും അത് പുരുഷോത്തം ആണെന്ന് പറഞ്ഞപ്പോൾ ഞാനും അങ്ങനെ വിശ്വസിച്ചു പോയി. ഇപ്പോൾ എനിക്ക് സന്തോഷമായി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല' പുരുഷോത്തമിൻ്റെ അമ്മ പറഞ്ഞു.
അതേ സമയം, കിണറ്റില് നിന്ന് ലഭിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി മൃതദേഹത്തിന്റെ വസ്ത്രത്തില് നിന്ന് ലഭിച്ച വിരലടയാളങ്ങളും ഡിഎന്എയുമെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Content Highlights- Dead man found alive after some days in chattisgarh