ഭാര്യയുടെ നമ്പർ 'ചബ്ബി'യെന്ന് സേവ് ചെയ്തു! വിവാഹമോചന നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് വൻ തുക

മുൻഭാര്യയുടെ പേര് ഇയാൾ ഫോണിൽ സേവ് ചെയ്തിരുന്നത് 'തോംബിക്ക്' എന്നാണ്

പശ്ചിമ തുർക്കിയിലെ ഉസാക്ക് പ്രവിശ്യയിൽ നടന്ന ഒരു കോടതി വിധിയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമായിരിക്കുന്നത്. മുൻഭാര്യയെ മാനസികമായി പീഡിപ്പിച്ചതിൻ്റെ പേരിലാണ് ഈ വിധിയെന്നതാണ് ശ്രദ്ധേയം.

മുൻഭാര്യയുടെ പേര് ഇയാൾ ഫോണിൽ സേവ് ചെയ്തിരുന്നത് 'തോംബിക്ക്' എന്നാണ്. തോംബിക്കെന്നാൽ തുർക്കിയിൽ അർഥമാക്കുന്നത് ചബ്ബി എന്നാണ്. തീർന്നില്ല, ഇതിന് പുറമേ ഇയാൾ ഭീഷണി സ്വരത്തിലുള്ള ഒരു ഡസനോളം സന്ദേശങ്ങളും ദിവസേന മുൻഭാര്യയ്ക്ക് അയച്ചിരുന്നു. വിവാഹമോചന കേസിന്‍റെ വാദത്തിനിടയില്‍ യുവതി തെളിവുകൾ സഹിതം ഇതെല്ലാം കോടതിയെ ധരിപ്പിച്ചു. ഭർത്താവിൻ്റെ സ്വഭാവം മാനസികമായി തനിക്കേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന് യുവതി കോടതിയിൽ പറഞ്ഞു.

ഇറങ്ങി പോകൂ, നിന്നെയെനിക്ക് കാണേണ്ട, നീ നശിച്ചു പോകട്ടെ തുടങ്ങിയ മെസേജുകളാണ് ഇയാൾ നിരന്തരം യുവതിക്ക് അയച്ചുകൊണ്ടിരുന്നത്. ഇത് കൂടാതെ ഭർതൃ പിതാവിൻ്റെ ശസ്ത്രക്രിയയ്ക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ടും മാനസികമായി ഉപദ്രവം സഹിച്ചിരുന്നുവെന്നും യുവതി മൊഴി നൽകി. തോംബിക്ക് എന്ന ലേബൽ ചെയ്ത് തന്നെ ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനുമാണ് ഇയാൾ ശ്രമിച്ചതെന്നും യുവതി പരാതി ഉന്നയിച്ചു. തുർക്കിഷ് നിയമം അനുസരിച്ച് യുവാവ് തന്റെ ചെയ്തികളിലൂടെ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് വിധി പറയുമ്പോൾ ജഡ്ജി ചൂണ്ടിക്കാട്ടി.

അതേസമയം യുവതിക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്‍റെ ആരോപണം. എന്നാൽ ആരോപണ വിധേയനായ ആ വ്യക്തി ഒറ്റത്തവണ ഒരു ബുക്ക് ഡെലിവറിക്കായി മാത്രമാണ് യുവതിയെ സന്ദർശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവാഹമോചനത്തിന് കാരണം ഭർത്താവിന്റെ ഭാഗത്തുള്ള പ്രവർത്തികൾ വളരെ മോശമായതിനാലാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ ശക്തമായ നിയമമാണ് തുർക്കിയിലുള്ളത്. ഏത് രീതിയിൽ നടത്തുന്ന വ്യക്തിഹത്യയ്ക്കും രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ. ഈ കേസിൽ വലിയൊരു തുക ഭർത്താവ് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിയുടെ വിധി. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. തുർക്കി നിയമത്തിന് കീഴിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ ശിക്ഷാവിധിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.Content Highlights: Saved wife's number as Chubby, Man ended up in paying hefty Compensation

To advertise here,contact us