ദീപാവലി കഴിഞ്ഞു മകളെ യാത്രയയച്ചത് അവസാന യാത്രയായി! കുര്‍ണൂല്‍ ദുരന്തത്തില്‍ നോവായി ടെക്കി യുവതി

വിഷപ്പുക ശ്വസിച്ചും തീപ്പൊള്ളലേറ്റും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉറ്റവരുടെ വിയോഗം ഇപ്പോഴും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല

ആന്ധ്രയിലെ കുർണൂലിലെ ബസ് അപകടത്തിൻ്റെ നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. അപകടത്തിന് ഇടയാക്കിയ ബൈക്ക് ഓടിച്ചിരുന്ന യുവാവ് അപകടത്തിന് മണിക്കൂറുകൾ മുമ്പ് പെട്രോൾ പമ്പിൽ നിന്ന് അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നോയെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട ബൈക്ക് ബസിന് അടിയിലേയ്ക്ക് പോകുകയും തീപിടിക്കുകകയുമായിരുന്നുവെന്നാണ് വിവരം. ബസിനിടയിലായ ബൈക്കില്‍ നിന്നും ഇന്ധനം ചോര്‍ന്നത് തീപിടിക്കാനിടയാക്കി. പിന്നാലെ ബസിന്റെ മുന്‍ഭാഗം കത്തിയമരാന്‍ തുടങ്ങി. ബസിനുള്ളിലുണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയും എയര്‍കണ്ടിഷന്‍ ബാറ്ററിയും പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. അലൂമിനിയം കൊണ്ട് നിര്‍മിച്ച വണ്ടി നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി. അപകടത്തിൽ 20 പേരാണ് അതിദാരുണമായി മരിച്ചത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉറ്റവരുടെ വിയോഗം ഇപ്പോഴും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. പലരുടെ സ്വപ്‌നങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്. ഈ ദുരന്തത്തില്‍ മരിച്ചവരിലൊരാള്‍ 23കാരിയായ അനുഷയാണ്. കാമ്പസ് പ്ലെയ്‌സ്‌മെന്റിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അനുഷയ്ക്ക് ബെംഗളുരുവിലെ അസേന്‍ച്വര്‍ എന്ന സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഇപ്പോള്‍ മകള്‍ക്ക് ആ ജോലി ലഭിക്കണ്ടായിരുന്നുവെന്നാണ് മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് പറയുന്നത്.

മകളുമായുള്ള അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് അനുഷയുടെ മാതാപിതാക്കള്‍. പഠിച്ചിറങ്ങിയപ്പോള്‍ തന്നെ അവള്‍ക്ക് ജോലി കിട്ടിയതില്‍ അഭിമാനമായിരുന്നു രണ്ടുപേര്‍ക്കും. ബസ് സ്റ്റോപ്പില്‍ കൊണ്ട് പോയി യാത്ര അയച്ചതാണ് പിതാവ്. സ്ഥിരം യാത്രയയപ്പ് അവസാനയാത്രയാവുമെന്ന് ആ പിതാവ് അറിഞ്ഞില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയാല്‍ മതിയെന്ന് മകളോട് പറഞ്ഞതാണ്. അതവള്‍ കേട്ടിരുന്നെങ്കിലെന്ന് പറഞ്ഞാണ് മാതാവ് കരയുന്നത്. ദീപാവലി അവധിക്കെത്തി മടങ്ങിയതായിരുന്നു അനുഷ.

അഞ്ച് മാസം മുമ്പ് ബെംഗളുരുവില്‍ ജോലി കിട്ടിയ മകന്‍ മേഘനാഥന്റെ വിയോഗമാണ് മറ്റൊരു കുടുംബത്തെ തളര്‍ത്തിയത്. അപകടസ്ഥലത്തെത്തിയ മേഘനാഥിന്റെ അമ്മ അലറിവിളിച്ചത് എന്റെ മകന് ഇത്തരത്തിലൊരു മരണം ഉണ്ടാകില്ലെന്നാണ്… എന്റെ മകനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞുകൊണ്ടവര്‍ കുഴഞ്ഞ് വീണു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗുണസായിക്ക് ഇപ്പോഴും ആ നിമിഷങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ പുകയും ഇരുട്ടുമായിരുന്നെന്ന് സായി ഓര്‍ക്കുന്നു. ജനല്‍ വഴി ചാടിയാണ് സായി രക്ഷപ്പെട്ടത്. ഗ്ലാസ് പൊട്ടിക്കാന്‍ ഒരു ചുറ്റികപോലും ഉണ്ടായിരുന്നില്ലെന്ന് സായി പറയുന്നു. ബസ് ഡ്രൈവര്‍ സഹായിക്കാന്‍ കൂട്ടാക്കിയില്ല. പുറത്ത് നിന്നാരോ ഗ്ലാസ് പൊട്ടിച്ച് സഹായിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഭവത്തില്‍ ട്രാവല്‍ ഏജന്‍സിക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു വ്യക്തമാക്കിയിട്ടുണ്ട്.Content Highlights: Anusha 23 year old victim of Kurnool tragedy

To advertise here,contact us