മിസ് ഇന്ത്യ കിരീടം അന്ന് ഐശ്വര്യക്ക് നഷ്ടപ്പെട്ടു,സുസ്മിതയായിരുന്നു വിജയി;കാരണം വെളിപ്പെടുത്തി സഹ-മത്സരാര്‍ഥി

ഐശ്വര്യ തന്നെയാവും വിജയി എന്ന് താനുള്‍പ്പടെ പലരും ചിന്തിച്ചിരുന്നുവെന്നും ജയസാധ്യത കുറവായതിനാൽ അടുത്തവട്ടം മത്സരിച്ചാലോ എന്നുവരെ ചിന്തിച്ചിരുന്നുവെന്നും സുസ്മിത തന്നെ വെളിപ്പെടുത്തിയിരുന്നു

1994 ല്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ് പട്ടങ്ങള്‍ നെടിയെടുത്തവരാണ് സുസ്മിതാ സെന്നും ഐശ്വര്യ റായിയും. അതിന് മുന്‍പ് ഇരുവരും ഒരുമിച്ച് മത്സരിച്ചത് മിസ് ഇന്ത്യ മത്സരത്തിനായിരുന്നു.മോഡലിങ് രംഗത്ത് തിളങ്ങി നിന്ന ഐശ്വര്യ തന്നെയാവും വിജയി എന്ന് താനുള്‍പ്പടെ പലരും ചിന്തിച്ചിരുന്നുവെന്നും ജയ സാധ്യത കുറവായതിനാൽ അടുത്ത വട്ടം മത്സരിച്ചാലോ എന്ന വരെ ചിന്തിച്ചിരുന്നുവെന്നും സുസ്മിത തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ മിസ് ഇന്ത്യ കിരീടം നേടിയത് സുസ്മിതയാണ്. ഫസ്റ്റ് റണര്‍ അപ്പ് സ്ഥാനമായിരുന്നു ഐശ്വര്യ നേടിയത്. പിന്നീട് സുസ്മിത മിസ് യൂണിവേഴ്‌സ് മത്സരത്തിലും ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തിനും ജേതാക്കളായി മാറി.

എന്നാല്‍ എന്തുകൊണ്ട് മിസ് ഇന്ത്യ മത്സരത്തിന് ഐശ്വര്യ വിജയി ആയില്ലെന്ന ചോദ്യം പലര്‍ക്കുമുണ്ടായിരുന്നു. ആ ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് സഹ മത്സരാര്‍ത്ഥിയായിരുന്ന റൂബി ഭാട്ടിയ. അന്നത്തെ മിസ് വേള്‍ഡ് മത്സരത്തിലെ ജൂറിയായി വന്നിരുന്ന വിമലാ പാട്ടീലുമായി റൂബി ഒരിക്കല്‍ നടത്തിയ സംഭാഷണത്തിനിടയില്‍ ഐശ്വര്യക്ക് മിസ് ഇന്ത്യ കിരീടം നഷ്ടപ്പെട്ടതിനെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നു.

മത്സരത്തിനിടയിലുള്ള റാമ്പ് വാക്കില്‍ ഐശ്വര്യയുടെ കാല്‍ വഴുതിയിരുന്നു. ഇതാണോ അവര്‍ക്ക് മിസ് ഇന്ത്യ നഷ്ടമാകാന്‍ കാരണം എന്ന് റൂബി ചോദിച്ചു. എന്നാല്‍ മത്സരത്തിനിടയില്‍ അതെല്ലാം സ്വഭാവികമാണെന്നും അതല്ല കിരീടം ലഭിക്കാത്തതിന് പിന്നിലെന്നും വിമല വിശദീകരിക്കുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ വിജയിക്കുന്നയാളാണ് മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുക. മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടേണ്ടയാള്‍ ബുദ്ധിയും സൗന്ദര്യവുമുള്ളയാളായിരിക്കണം. സുസ്മിത അതിന് അനുയോജ്യയായിരുന്നു.

അതേസമയം, മിസ് ഇന്ത്യയിൽ ഫസ്റ്റ് റണര്‍ അപ്പ് സ്ഥാനം ലഭിക്കുന്നയാള്‍ മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നു. അവിടെ വേണ്ടത് സ്വപ്‌നതുല്യമായ സൗന്ദര്യവും അതേസമയം, സ്ത്രീത്വമുള്ളതുമായ സ്ത്രീയെയാണ് അവിടെ ഐശ്വര്യയ്ക്ക് തിളങ്ങാനാകും. ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര കിരീടങ്ങള്‍ നേടാനാവുന്ന വിധത്തിലായിരുന്നു മിസ് ഇന്ത്യയുടെ വിധിയെന്ന് വിമല പറയുന്നു.

ആ വര്‍ഷം ഐശ്വര്യ മിസ് വേള്‍ഡ് കിരീടവും സുസ്മിത മിസ് യൂണിവേഴ്‌സ് കിരീടവും നേടി. സുസ്മിതയിലൂടെയാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് കിരീടം ആദ്യമായി എത്തുന്നത്. 1966 ൽ റീത്ത ഫാരിയയ്ക്ക് ശേഷം മിസ് വേൾഡ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായിരുന്നു ഐശ്വര്യ.

Content Highlights- Reason why Sushmita became Miss India despite Aishwarya's presence

To advertise here,contact us