റാമ്പ് കീഴടക്കി 'സുന്ദരന്മാർ'! 'മിസ്റ്റർ പോത്തായി' ടോഡ്!

കൊയ്ത് ആഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ കാർഷിക അഭിവൃദ്ധിയുടെ ഭാഗമാകുന്ന മൃഗങ്ങളെയും ആദരിക്കുന്നവരാണ് തായ് ജനത

സൗന്ദര്യ മത്സരം മനുഷ്യർക്ക് മാത്രം മതിയോ? ഒരു വെറൈറ്റിക്ക് മൃഗങ്ങളുടെയും സൗന്ദര്യ മത്സരം സംഘടിപ്പിച്ചാലോ? തായ്‌ലന്റിലാണ് ഈ അപൂർവ മത്സരം നടന്നത്. സൗന്ദര്യ കിരീടമണിയാന്‍ അണിനിരന്നത് പോത്തുകളും. സാധാരണയായി നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്, പോത്തിനെ പോലെ പണിയെടുക്കുക എന്ന്. അതിവിടൊന്ന് തിരുത്തിയെന്ന് പറഞ്ഞാൽ മതിയല്ലോ, പണിയെടുക്കാൻ മാത്രമല്ല സൗന്ദര്യ സങ്കൽപ്പങ്ങളുടെ അടയാളം കൂടിയാണ് തായ്‌ലന്റുകാർക്ക് പോത്തുകൾ എന്ന് പറയാം. കാരണം ഒരുകാലത്ത് അവരുടെ ജീവിതത്തിന്‍റെ അടിസ്ഥാനമായിരുന്നു ഇവ.

കൊയ്ത്ത് ആഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ കാർഷിക അഭിവൃദ്ധിയുടെ ഭാഗമാകുന്ന മൃഗങ്ങളെയും ആദരിക്കുന്നവരാണ് തായ് ജനത. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മത്സരത്തിൽ അഞ്ച് വയസുകാരനായ ടോഡാണ് വിജയിയായത്. ബാങ്കോക്കിൽ നിന്നും ഒരു മണിക്കൂർ മാത്രം ദൂരമുള്ള ചോൻബുരിയിലാണ് മത്സരം നടന്നത്. പോത്തുകളുടെ ഓട്ടമത്സരത്തിലും ടോഡ് പങ്കെടുത്തിരുന്നുവെന്ന് അവന്റെ ഉടമയും കർഷകനുമായ തവാച്ചായ് ടീങ്- നാങ് പറയുന്നു.

ചോൻബുരിയിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ പ്രധാന ആകർഷണം പോത്തുകളായിരുന്നു. പാരമ്പര്യ തായ് നൃത്താവതരണത്തോടെയാണ് തായ്‌ലന്റിലെ ഈ ആഘോഷ പരിപാടി ആരംഭിക്കുന്നത്. പോത്തുകൾക്കും മറ്റ് മൃഗങ്ങൾക്കും പകരം നിലമുഴുവാനുള്‍പ്പെടെ ട്രാക്ടറുകളും ആധുനിക സംവിധാനങ്ങളും ഇന്ന് വന്നു കഴിഞ്ഞു. രാജ്യത്തെ പോത്തുകളുടെ എണ്ണത്തിൽ വലിയ കുറവുകൾ നേരിടുന്ന സമയത്താണ് അവയെ ഉൾപ്പെടുത്തി ഇപ്പോഴും തായ് ജനത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നിലവിൽ തായ്‌ലന്റിൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഈ സാഹചര്യത്തിലാണ് സർക്കാരും ഇത്തരം മത്സരങ്ങളെ പിന്തുണയ്ക്കുന്നത്. 2017ലാണ് തായ്‌ലന്റിൽ ഇവയുടെ സംരക്ഷണാർഥം ഒരു ദിനാചരണം തന്നെ നടപ്പിലാക്കി തുടങ്ങിയത്. അതേസമയം വിജയിയായ ടോഡിനെ ഇത്തരം മത്സരങ്ങളുടെ ഭാഗമായാണ് പരിപാലിക്കുന്നതെന്നും അല്ലാതെ പണികളൊന്നും എടുപ്പിക്കാറില്ലെന്നുമാണ് ഉടമ പറയുന്നത്.

വമ്പൻ ഫാമുകളിൽ ഇവയ്ക്ക് സമ്പുഷ്ടമായ ഭക്ഷണക്രമങ്ങൾ അടക്കം നൽകിയാണ് പരിപാലിക്കുന്നത്. ഇതിൽ ചോളം, സോയാബീൻ, വൈറ്റമിൻ എന്നിവയെല്ലാം ഉൾപ്പെടും. മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇവയുടെ കൊമ്പ്, ശരീരത്തിന്റെ ആരോഗ്യം എന്നിവയെല്ലാം കണക്കാക്കിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്ന കാണികൾ ഇവയ്‌ക്കൊപ്പം ചിത്രങ്ങൾ പകർത്താനും മത്സരമാണ്.

നിലവിൽ നിലം ഉഴുകുന്നത് പോലെയുള്ള പണികൾ ഈ മൃഗങ്ങളെ കൊണ്ട് എടുപ്പിക്കുന്നില്ലെങ്കിലും തങ്ങളുടെ കുടുംബങ്ങളിലെ അംഗത്തെ പോലെയാണ് ഇവയെ പരിപാലിക്കുന്നതെന്നാണ് ആഘോഷങ്ങൾക്കെത്തുന്ന കർഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

Content Highlights: A beauty peagent for water buffaloes in Thailand

To advertise here,contact us