ഹോട്ടല്‍ ഭക്ഷണം മുതല്‍ വിമാനയാത്രവരെ ഇനി ചെലവ് കുറയും; GST Cut മധ്യവര്‍ഗത്തിന് ലഭിച്ച ഓണസമ്മാനം

22 മുതല്‍ നിലവില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം 175 ഉല്പന്നങ്ങളുടെ വിലയാണ് കുറയാന്‍ പോകുന്നത്.

ചരക്കുസേവന നികുതിയില്‍ സമഗ്ര മാറ്റം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. വ്യക്തിഗത ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സിന് ഇനി മുതല്‍ നികുതിയുണ്ടായിരിക്കില്ലെന്ന് മാത്രമല്ല 33 ജീവന്‍രക്ഷാമരുന്നുകളുടെ നികുതിയും ഒഴിവാക്കി. 22 മുതല്‍ നിലവില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം 175 ഉല്പന്നങ്ങളുടെ വിലയാണ് കുറയാന്‍ പോകുന്നത്. ഇതുമാത്രമല്ല പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് മുതല്‍ അവധി ആസ്വദിക്കുന്നതിന് വരെ ഇനി ചെലവുകുറയും. ഉത്സവ-വിവാഹ സീസണുകള്‍ക്ക് മുന്നോടിയായുള്ള കേന്ദ്രത്തിന്റെ നീക്കത്തെ അതുകൊണ്ടുതന്നെ പൊതുജനം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഭക്ഷണം വില കുറയും

റെസ്റ്ററന്റുകളിലെ ഭക്ഷണത്തിന് 5 ശതമാനമായിരിക്കും ഇനി ജിഎസ്ടി. വിശേഷാവസരങ്ങളില്‍ ഇനി കുടുംബത്തോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിന് അതുകൊണ്ട് വലിയ തുക ചെലവാക്കേണ്ടി വരില്ല. റെസ്റ്ററന്റുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് ഇത് സഹായകമാകും.

ഹോട്ടല്‍ മുറി വാടക കുറയും

വിനോദസഞ്ചാരികള്‍ക്ക് ഹോട്ടല്‍ താമസവും ഇനി ചെലവുകുറയും. ആയിരം രൂപയ്ക്ക് താഴെയുള്ള റൂമുകള്‍ക്ക് ഇനി ജിഎസ്ടി ഉണ്ടായിരിക്കില്ല. ആയിരം മുതല്‍ 7500 രൂപ വരെയുള്ളവര്‍ക്ക് 12 ശതമാനമായിരിക്കും നികുതി. നേരത്തേ ഇത് 18 ശതമാനമായിരുന്നു. 7500 രൂപയ്ക്ക് മുകളിലുള്ളതിന് നേരത്തേതിന് സമാനമായി 18 ശതമാനം തന്നെയായിരിക്കും ജിഎസ്ടി. വിനോദസഞ്ചാരത്തിനായി കുടുംബത്തിനൊപ്പം പോകുന്ന മധ്യവര്‍ഗക്കാര്‍ക്ക് തീര്‍ച്ചയായും ഇത് ഗുണം ചെയ്യും.

വിമാന ടിക്കറ്റുകള്‍ ചീപ്പാകും

എകോണമി ക്ലാസ് ടിക്കറ്റിന് 5 ശതമാനമായിരിക്കും ജിഎസ്ടി. നേരത്തേ ഇത് 12 ശതമാനമായിരുന്നു. ബിസിനസ്സ് ക്ലാസിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ആക്കി കുറച്ചിട്ടുണ്ട്. ഇതോടെ വിമാനയാത്ര എല്ലാവര്‍ക്കും ആക്‌സസബിള്‍ ആകും.

യഥാര്‍ഥത്തില്‍ ജിഎസ്ടി വെട്ടിക്കുറച്ചത സേവനമേഖലയിലെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും മധ്യവര്‍ഗത്തിന് ഇത് വലിയൊരു ആശ്വാസമാകും. ഉത്സവസീസണ്‍ വരുന്നതിനാല്‍ ജിഎസ്ടിയില്‍ ഉണ്ടായിട്ടുള്ള ഈ പ്രകടമായ മാറ്റം അവശ്യവസ്തുക്കള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇടത്തരം കാറുകള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ നികുതിയും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. 1200 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 1500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്കും 40 ശതമാനമായിരിക്കും നികുതി. ചപ്പാത്തി, പൊറോട്ട എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി. കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ എല്ലാ സാമ്പത്തിക മേഖലയിലും വലിയ ഉണര്‍വാണ് ഇതോടെ പ്രതീക്ഷിക്കുന്നത്.

Content Highlights: GST Cuts Bring Relief: Savings on Restaurants, Flights, and Hotel Stays

To advertise here,contact us