മലേഷ്യയിലേക്ക് ഇനി എളുപ്പത്തിൽ പോകാൻ കഴിയില്ല;വിസ വേണം;പുതിയ മാറ്റം ജനുവരി 1 മുതൽ

വിസയില്ലാതെ 30 ദിവസം വരെ മലേഷ്യയില്‍ താമസിക്കാനുള്ള സൗകര്യം 2026 ഡിസംബര്‍ 31ന് അവസാനിക്കും. പുതിയ വിസയ്ക്കായി ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദേശയാത്രയ്ക്ക് മലേഷ്യ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കുക. 2027 ജനുവരി 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള സൗകര്യം അവസാനിക്കും. മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ അറിയിപ്പനുസരിച്ച് പുതുവര്‍ഷം മുതല്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ യാത്രയ്ക്ക് മുമ്പ് സാധുവായ വിസ നേടണം എന്നാണ്. നിലവില്‍ വിനോദസഞ്ചാരത്തിനും കുടുംബസന്ദര്‍ശനത്തിനുമായി 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം. 2023 ഡിസംബറില്‍ ആരംഭിച്ച ഈ സൗകര്യം 2026 അവസാനം വരെയാണ് അനുവദിച്ചിരിക്കുന്നത്.

എപ്പോള്‍ മുതല്‍ വിസയ്ക്ക് അപേക്ഷിക്കാം?

മലേഷ്യയുടെ ഔദ്യോഗിക MyVISA ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 2026 ഡിസംബര്‍ 1 മുതല്‍ വിസയ്ക്കായി അപേക്ഷിക്കാം. യാത്രയ്ക്ക് മുമ്പ് വിസ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് ആവശ്യമായ രേഖകളും ഫീസും സംബന്ധിച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതും പ്രധാനമാണ്.

എന്തുകൊണ്ടാണ് ഈ മാറ്റം?

വിസയില്ലാതെ പ്രവേശിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്ത് ജോലി തേടി മലേഷ്യയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിനോദസഞ്ചാരത്തിനും സാമൂഹിക സന്ദര്‍ശനങ്ങള്‍ക്കുമായി അനുവദിച്ചിട്ടുള്ള സൗകര്യം തൊഴില്‍ തേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഉപയോഗിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതുപോലെതന്നെ വ്യാജ തൊഴില്‍വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് മലേഷ്യയിലെത്തുന്ന ആളുകള്‍ നിയമവിരുദ്ധമായി രാജ്യത്ത് തുടരേണ്ട സാഹചര്യം, ചൂഷണം, തടങ്കല്‍, നിയമനടപടികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും ഹൈക്കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2027 ജനുവരി 1 മുതല്‍ മലേഷ്യയിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ വിസാനിയമങ്ങളിലെ മാറ്റങ്ങള്‍ പ്രത്യേകം പരിശോധിക്കണം. വിസയുടെ തരം, അപേക്ഷയ്ക്കാവശ്യമായ രേഖകള്‍, ഫീസ് തുടങ്ങിയവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രം യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് ഉചിതം.

Content Highlights:Starting January 1, 2027, the facility for Indians to enter Malaysia without a visa will come to an end

To advertise here,contact us