ട്രെയിൻ യാത്രയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ലഭിച്ചേക്കാം

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റില്ലാതെ കയറുന്നതു മാത്രമല്ല നിയമലംഘനം. മറ്റ് ചില പ്രവൃത്തികളും യാത്രക്കാരെ നിയമനടപടികളിലേക്ക് നയിച്ചേക്കാം. ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങള്‍ അറിയാം.

ഇന്ത്യയില്‍ ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര ചെയ്യുന്നത്. കുറഞ്ഞ ചെലവിലും സൗകര്യപ്രദമായും യാത്ര ചെയ്യാമെന്നതാണ് ട്രെയിന്‍ യാത്രയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ യാത്രയ്ക്കിടെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയോ മറ്റ് നിയമനടപടികളോ നേരിടേണ്ടിവരും. ഒഴിവാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ ഇതാ.

ആവശ്യമില്ലാതെ അലാറം ചെയിന്‍ വലിക്കരുത്

അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ നിര്‍ത്താന്‍ സഹായിക്കുന്ന സംവിധാനമാണ് അലാറം ചെയിന്‍. എന്നാല്‍ ചെറിയ ആവശ്യങ്ങള്‍ക്കോ വ്യക്തിപരമായ കാരണങ്ങള്‍ക്കായോ ചെയിന്‍ വലിക്കുന്നത് കുറ്റകരമാണ്. റെയില്‍വേ നിയമത്തിലെ 141-ാം വകുപ്പ് പ്രകാരം അനാവശ്യമായി ചെയിന്‍ വലിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം. കുറ്റത്തിന്റെ സാഹചര്യത്തിനനുസരിച്ച് ഒരു വര്‍ഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാം.

മൊബൈലില്‍ ഉച്ചത്തില്‍ പാട്ടും റീല്‍സും വേണ്ട

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ സ്പീക്കറിലൂടെ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും വീഡിയോകളും റീല്‍സുകളും ശബ്ദത്തോടെ കാണുന്നതും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം. ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ റെയില്‍വേ നിയമത്തിലെ 145-ാം വകുപ്പ് പ്രകാരം നടപടിയുണ്ടാകാം. അതിനാല്‍ പാട്ട് കേള്‍ക്കാനും വീഡിയോകള്‍ കാണാനും ഇയര്‍ഫോണ്‍ ഉപയോഗിക്കുക. ഫോണ്‍ സംഭാഷണങ്ങള്‍ ശബ്ദം കുറച്ച് നടത്താനും ശ്രദ്ധിക്കണം.

സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിഴയ്ക്ക് കാരണമാകുന്ന പ്രധാന നിയമലംഘനമാണ്. സാധുവായ ടിക്കറ്റോ യാത്രാനുമതിയോ ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് നിയമപ്രകാരമുള്ള യാത്രാക്കൂലിയും അധിക ചാര്‍ജും ഈടാക്കാം. റെയില്‍വേ നിയമത്തിലെ 138-ാം വകുപ്പ് പ്രകാരം അധിക തുക ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. വഞ്ചനാപരമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതുപോലുള്ള സാഹചര്യങ്ങളില്‍ 137-ാം വകുപ്പ് പ്രകാരം തടവും പിഴയും ലഭിക്കാം. അതിനാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ടിക്കറ്റ് ഉറപ്പാക്കുക.

റെയില്‍വേ ജീവനക്കാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കരുത്

ടിക്കറ്റ് പരിശോധനയ്ക്കിടെയോ മറ്റ് ഔദ്യോഗിക നടപടികള്‍ക്കിടെയോ റെയില്‍വേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. ജീവനക്കാരെ അവരുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നവര്‍ക്കെതിരെ റെയില്‍വേ നിയമത്തിലെ 146-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാം. കുറ്റം തെളിഞ്ഞാല്‍ ആറുമാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

സംവരണം ചെയ്ത കോച്ചുകളില്‍ അനധികൃതമായി കയറരുത്

ഓരോ കോച്ചും നിശ്ചിത വിഭാഗം യാത്രക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ടാകാം. പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന കോച്ചുകളില്‍ അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് നിയമനടപടിക്ക് കാരണമാകും. റെയില്‍വേ നിയമത്തിലെ 155 ാം വകുപ്പ് പ്രകാരം സംവരണവുമായി ബന്ധപ്പെട്ട ചില നിയമലംഘനങ്ങള്‍ക്ക് പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാം.യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഏത് കോച്ചിലാണ് യാത്ര ചെയ്യുന്നതെന്നും അതിന് അര്‍ഹതയുണ്ടോയെന്നും ഉറപ്പാക്കണം.

Content Highlights :Boarding a train without a ticket is not the only violation of the law. Certain other actions can also lead to legal proceedings against passengers. Let’s look at the rules of Indian Railways.

To advertise here,contact us