50 വർഷമാണ് ട്രെയിനുകൾ ടോയ്‌ലറ്റ് ഇല്ലാതെ ഓടിയത്; പിന്നെ എപ്പോഴാണ് ടോയ്‌ലറ്റ് സൗകര്യം വന്നത്

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോച്ചുകളില്‍ ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചത്. ഒരു യാത്രക്കാരന്‍ എഴുതിയ കത്തിന്റെ ഫലമായിട്ടായിരുന്നു ട്രെയിനുകളില്‍ ഈ സൗകര്യം ഉണ്ടായത്.

ഇന്ന് ട്രെയിന്‍ യാത്രക്കാര്‍ക്ക് ടോയ്ലറ്റുകള്‍ ഒരു സാധാരണ സൗകര്യമാണ്. ഒരുകാലത്ത് ഇന്ത്യന്‍ ട്രെയിനുകളില്‍ ഈ സൗകര്യം ഇല്ലായിരുന്നു. രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോച്ചുകളില്‍ ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചത്. അതിന് പിന്നില്‍ ഒരു യാത്രക്കാരന്‍ എഴുതിയ കത്താണെന്നത് കൗതുകകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഈ കത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.

ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് എപ്പോഴാണ്?

ബ്രിട്ടീഷ് ഭരണകാലത്ത് 1853 ഏപ്രില്‍ 16 നാണ് ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചത്. പിന്നീട് രാജ്യത്തിന്റെ റെയില്‍ ശൃംഖല ക്രമേണ വികസിച്ചു. ആദ്യകാലങ്ങളില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് അത്യാവശ്യമായ പല സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്ന് ഓണ്‍-ബോര്‍ഡ് ടോയ്ലറ്റുകളുടെ അഭാവമായിരുന്നു. ഏകദേശം 50 വര്‍ഷത്തോളം യാത്രക്കാര്‍ ടോയ്ലറ്റുകളില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായി.അക്കാലത്ത് യാത്രക്കാര്‍ക്ക് വിശ്രമമുറി ഉപയോഗിക്കാന്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഇത് പലപ്പോഴും ആളുകള്‍ക്ക് ട്രെയിനുകള്‍ നഷ്ടപ്പെടുന്നതിനും കാര്യമായ അസൗകര്യങ്ങള്‍ നേരിടുന്നതിനും കാരണമായി.

ട്രെയിനുകളില്‍ ടോയ്ലറ്റ് സൗകര്യം ആരംഭിച്ചത് ആ കത്തിലൂടെയാണ്?

റിപ്പോര്‍ട്ടുകള്‍ പ്രകാരം 1909ലാണ് ഈ പറയുന്ന സംഭവം നടക്കുന്നത്. ഓഖില്‍ ചന്ദ്ര സെന്‍ എന്ന യാത്രക്കാരന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെട്ടു. ട്രെയിന്‍ പശ്ചിമ ബംഗാളിലെ അഹമ്മദ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അയാള്‍ ടോയ്‌ലറ്റില്‍ പോകുന്നതിനായി പുറത്തേക്ക് പോയി. അപ്പോഴേക്കും ട്രെയിന്‍ ഗാര്‍ഡ് വിസില്‍ മുഴക്കി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഓഖില്‍ ചന്ദ്ര സെന്‍ ട്രെയിനില്‍ കയറാനായി ഓടി. പക്ഷേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണു.

രസകരവും എന്നാല്‍ ഗുരുതരവുമായ പരാതി കത്ത്

ഈ സംഭവത്തെത്തുടര്‍ന്ന് ഓഖില്‍ ചന്ദ്ര സെന്‍ ഗഞ്ച് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ ഒരു പരാതി എഴുതി നല്‍കി. യാത്ര ചെയ്യുകയായിരുന്ന താന്‍ അഹമ്മദ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങി ടോയ്ലറ്റില്‍ പോയെന്നും, ഗാര്‍ഡ് കുറച്ച് മിനിറ്റ് പോലും കാത്തുനില്‍ക്കാതെ ട്രെയിന്‍ പോകാന്‍ വിസില്‍ മുഴക്കിയെന്നും കത്തില്‍ എഴുതി. ട്രെയിനില്‍ കയറാനായി ഓടിയ താന്‍ പ്ലാറ്റ്‌ഫോമില്‍ വീഴുകയും എല്ലാവരുടെയും മുന്നില്‍ നാണം കെടുകയും ചെയ്തുവെന്നും ഗാര്‍ഡിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സംഭവം പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും പരാതിയിലുണ്ടായിരുന്നു.

ഇതിനുശേഷം ട്രെയിനുകളില്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍ ആരംഭിച്ചു.

ഓഖില്‍ ചന്ദ്ര സെന്‍ എഴുതിയ ആ കത്താണ് ട്രെയിനുകളില്‍ ടോയ്ലറ്റുകളുടെ ആവശ്യകതയെക്കുറിച്ച് പരിഗണിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1909 ല്‍ 50 മൈലിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലെല്ലാം ടോയ്ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമേണ ഈ സംവിധാനം മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു.

Content Highlights :Toilets were installed in train coaches approximately 50 years after train services began in the country. This facility was introduced as a result of a letter written by a passenger.

To advertise here,contact us