SLR കോച്ച് വെറുമൊരു കോച്ചല്ല; ട്രെയിനിന്റെ അങ്ങേയറ്റത്തുള്ള SLR കോച്ചിനെക്കുറിച്ച് അറിയാമോ?

ട്രെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന SLR കോച്ച് എന്തിനുള്ളതാണെന്ന് അറിയാം

നിങ്ങള്‍ എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, ട്രെയിനിന്റെ മുന്‍വശത്തോ പിറകിലോ അറ്റത്ത് SLR എന്ന് അടയാളപ്പെടുത്തിയ ഒരു കോച്ച് ശ്രദ്ധിച്ചിട്ടുണ്ടാകും. എന്താണ് ഈ കോച്ചിന്റെ പ്രത്യേകത എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?. ട്രെയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഈ കോച്ച് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. SLR എന്നാല്‍ സീറ്റിംഗ്-കം-ലഗേജ് റേക്ക് (Seating-cum-Luggage Rake) എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഒരു പ്രത്യേക തരം കോച്ചാണ്. ഒന്ന് യാത്രക്കാരുടെ ഇരിപ്പിടത്തിനും മറ്റൊന്ന് ലഗേജുകളും പാഴ്‌സലുകളും കൊണ്ടുപോകുന്നതിനുമായി.

ഈ കോച്ച് സാധാരണയായി ട്രെയിനിന്റെ മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കും. ലഗേജ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതും ട്രെയിനിന്റെ മൊത്തത്തിലുള്ള ബാലന്‍സും പ്രവര്‍ത്തനവും നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണ് ഇതിന്റെ ഗുണം. SLR കോച്ചിനുള്ളിലെ ഒരു ഭാഗം ട്രെയിന്‍ ഗാര്‍ഡിനായി നീക്കിവച്ചിരിക്കുന്നു. ഇവിടെ നിന്ന്, ഗാര്‍ഡ് ട്രെയിനിന്റെ ചലനം നിരീക്ഷിക്കുകയും യാത്രയ്ക്കിടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഇരിപ്പിടവും ഉപയോഗവും

കോച്ചിന്റെ ഒരു ചെറിയ ഭാഗം മാത്രമേ യാത്രക്കാര്‍ക്കായി ഉദ്ദേശിച്ചിട്ടുള്ളൂ. ഇത് പലപ്പോഴും പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ബാക്കി സ്ഥലം പ്രധാനമായും പാഴ്‌സലുകള്‍, പത്രങ്ങള്‍, അധിക ലഗേജുകള്‍ എന്നിവ കൊണ്ടുപോകുന്നതിനാണ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്ക് തങ്ങളുടെ നിശ്ചിത പരിധിയില്‍ കൂടുതലുള്ള ലഗേജുകള്‍ പ്രത്യേക ഫീസ് നല്‍കി ഈ കോച്ചിലെ പ്രത്യേക സെക്ഷനില്‍ കൊണ്ടുപോകാന്‍ സാധിക്കും. ഗുഡ്സ് ട്രെയിനുകളെ ആശ്രയിക്കാതെ ചെറിയ ലോഡുകളും പാഴ്സലുകളും SLR കോച്ച് വഴി കൊണ്ട് പോകാം.

SLR കോച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ട്രെയിന്‍ ഗാര്‍ഡിനായി നീക്കിവെച്ചിട്ടുള്ള ക്യാബിന്‍ തന്നെയാണ്. ട്രെയിനിന്റെ ചലനം നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷന്‍ മാസ്റ്ററുമായി ആശയവിനിമയം നടത്താനുമുള്ള ഉപകരണങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഗാര്‍ഡിന് ട്രെയിനിന്റെ പുറംഭാഗം നിരീക്ഷിക്കാന്‍ പ്രത്യേക വിന്‍ഡോകളും ഇവിടെയുണ്ട്.

SLR കോച്ച് ട്രെയിനിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാര്‍ക്കും എളുപ്പത്തില്‍ കോച്ചിലേക്ക് കയറാനും ഇറങ്ങാനും സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഈ സൗകര്യത്തെക്കുറിച്ച് സാധാരണക്കാരില്‍ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

പുതിയ ട്രെയിനുകളില്‍ SLR കോച്ചുകള്‍ക്ക് പകരം LSLRD കോച്ചുകളാണ് ഉപയോഗിക്കുന്നത്. 'ലഗേജ്-കം-സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ഡിസേബിള്‍ഡ് ഫ്രണ്ട്ലി കമ്പാര്‍ട്ട്മെന്റ്' എന്നാണ് ഇതിനെ പറയുന്നത്. ഇവ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാണ്. മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

To advertise here,contact us