ഇത്തവണ ഹോളി ഇവിടെ ആക്കിയാലോ? വടികൊണ്ട് അടിച്ചും നിറങ്ങൾക്ക് പകരം പൂക്കൾ ഉപയോ​ഗിച്ചും ഹോളി ആഘോഷമുണ്ട്

ഓരോ പ്രദേശത്തും വ്യത്യസ്തമായ ആചാരങ്ങളോടെയും ആവേശത്തോടെയുമാണ് ഹോളി ആഘോഷിക്കപ്പെടുന്നത്

2026-ൽ മാർച്ച് ആദ്യവാരം തന്നെ വർണാഭമായ ഛായകൂട്ടുകൾ കൊണ്ട് നാടെങ്ങും ഹോളി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഓരോ പ്രദേശത്തും വ്യത്യസ്തമായ ആചാരങ്ങളോടെയും ആവേശത്തോടെയുമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇതാ, ഇന്ത്യയിൽ വൈവിധ്യമാർന്ന ഹോളി ആഘോഷങ്ങൾ അടുത്തറിയാൻ കഴിയുന്ന അഞ്ച് സ്ഥലങ്ങൾ.

1) മഥുര, ഉത്തർപ്രദേശ്

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ഹോളി ആഘോഷങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കും. ലോകപ്രശസ്തമായ ഇവിടത്തെ ആഘോഷങ്ങളിൽ പങ്കുചേരാൻ പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. ദ്വാരകാധീഷ് ക്ഷേത്രത്തിലെ ആഘോഷങ്ങൾ ഏറെ പ്രശസ്തമാണ്.

2) വൃന്ദാവൻ, ഉത്തർപ്രദേശ്

ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ഫൂലോം വാലി ഹോളി എന്നറിയപ്പെടുന്ന പൂക്കൾ കൊണ്ടുള്ള ഹോളി ഇവിടത്തെ പ്രത്യേകതയാണ്. നിറങ്ങൾക്ക് പകരം പൂക്കൾ ഉപയോഗിച്ച് നടത്തുന്ന ഈ ആഘോഷം കാണാൻ അതിമനോഹരമാണ്. കൂടാതെ വിധവകൾ ചേർന്ന് ആഘോഷിക്കുന്ന ഹോളിയും ഇവിടത്തെ സവിശേഷതയാണ്.

3) ബർസാന, ഉത്തർപ്രദേശ്

ഇവിടത്തെ ലത്മർ ഹോളി (Lathmar Holi) ഏറെ പ്രശസ്തമാണ്. പുരാണകഥകളെ ആസ്പദമാക്കി സ്ത്രീകൾ പുരുഷന്മാരെ വടികൊണ്ട് അടിക്കുന്ന ഈ ചടങ്ങ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്.

4) ശാന്തിനികേതൻ, പശ്ചിമ ബംഗാൾ

രവീന്ദ്രനാഥ ടാഗോർ ആരംഭിച്ച 'വസന്ത ഉത്സവം' ആണ് ഇവിടെ നടക്കുന്നത്. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, മഞ്ഞ പൂക്കൾ തലയിൽ ചൂടി നൃത്തം ചെയ്തും രവീന്ദ്രനാഥ് ടാഗോറ് എഴുതിയ രവീന്ദ്രനാഥ സം​ഗീതം ആലപിച്ചും സാംസ്കാരികമായ രീതിയിലാണ് ഈ ദിനം ആഘോഷിക്കുന്നത്.

5) ആനന്ദ്പൂർ സാഹിബ്, പഞ്ചാബ്

സിഖ് മതവിശ്വാസികൾ ഹോളിയെ ഹോള മൊഹല്ല (Hola Mohalla) എന്ന പേരിലാണ് ആഘോഷിക്കുന്നത്. ആയോധന കലകളുടെ പ്രദർശനം, കുതിരയോട്ടം, ഗുസ്തി തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

6) പുഷ്കർ, രാജസ്ഥാൻ (Pushkar)

പുഷ്കർ തടാകത്തിന്റെ തീരത്ത് നടക്കുന്ന ഹോളി ആഘോഷം അതിഗംഭീരമാണ്. വലിയ സംഗീത നിശകളും നൃത്ത പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. യുവാക്കൾക്കിടയിൽ പുഷ്കർ ഹോളി ഏറെ ജനപ്രിയമാണ്.

Content Highlights: Six top destinations for experiencing holi diverse and colorful celebrations, showcasing the unique cultural heritage associated with the festival of colors.

To advertise here,contact us