യുണൈറ്റഡ് സ്റ്റേറ്റ്സ് ഡൈവേഴ്സിറ്റി വിസ ലോട്ടറിയിൽ അപേക്ഷിക്കുന്നതിൽ നിന്നും 2028 വരെ ഇന്ത്യക്കാരെ ഒഴിവാക്കി. ഗ്രീൻ കാർഡ് ലോട്ടറി എന്ന അറിയപ്പെടുന്ന പ്രമുഖമായ ഈ വിസ പ്രോഗ്രാമിൽ ഇനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേരിക്കയിലേക്ക് കുറഞ്ഞ കുടിയേറ്റ നിരക്കുള്ള രാജ്യങ്ങളിലെ അപേക്ഷകരെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇതുവഴി രാജ്യത്തെ ജനസംഖ്യയെ വൈവിധ്യവത്കരിക്കാനാണ് യുഎസ് ലക്ഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യക്തമായി പറഞ്ഞാൽ, ഏതെല്ലാം രാജ്യത്ത് നിന്നാണോ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമ്പതിനായിരത്തിൽ താഴെ കുടിയേറ്റക്കാർ അമേരിക്കയിലെത്തിയത് അവർക്കാണ് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ഇത്തവണ അവസരം. ഇന്ത്യക്കാർ നിലവിൽ ഇതിന്റെ മാനദണ്ഡം കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ മറികടന്നുകഴിഞ്ഞതോടെ അപേക്ഷിക്കാൻ അർഹരല്ലാതായി.
2021ൽ മാത്രം 93,450 പേരാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. 2022 ആയപ്പോൾ ഇത് 127,010ആയി. സൗത്ത് അമേരിക്ക(99,030), ആഫ്രിക്ക(89,570), യൂറോപ്പ് (75, 610) എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരേക്കാൾ വളരെ കൂടുതലാണ് ഇന്ത്യക്കാരുടെ കുടിയേറ്റ നിരക്ക്. 2023ൽ 78,070 ഇന്ത്യക്കാർ യുഎസിലേക്ക് കുടിയേറി. ഇതോടെ സ്വാഭാവികമായും 2028വരെ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് യോഗ്യതയില്ലാതെയായി.
2026ലെ ഗ്രീൻകാർഡിന് അപേക്ഷിക്കാൻ കഴിയാത്ത മറ്റ് രാജ്യക്കാർ ചൈന, സൗത്ത് കൊറിയ, കാനഡ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. യോഗ്യതയുള്ളവർക്കായുള്ള പുതിയ വിസ അലോക്കേഷനുകൾ ബുധനാഴ്ച പ്രഖ്യാപിച്ച് കഴിഞ്ഞു.
ഗ്രീൻ കാർഡ് അപേക്ഷയിലും പരിധികൾ വന്നതോടെ യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് വീണ്ടും തടസങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.Content Highlights: Indian's not eligible for US Green Card Lottery this year