ശരീരത്തില്‍ ചായവും വരകളും, മുഖത്ത് പുലിയുടെ മുഖംമൂടി, ചെണ്ടയുടെ താളം… തൃശൂരിന്റെ തെരുവുകളിലൂടെ പുലികള്‍ ഇറങ്ങുമ്പോള്‍ അത് വെറുമൊരു കാഴ്ചയല്ല. നൂറ്റാണ്ടുകളായി കേരളത്തിന്റെ ഓണക്കാല ആഘോഷത്തിന്റെ ഭാഗമായ മനോഹരവും ആവേശകരവുമായ കലാരൂപമാണ് പുലികളി. എന്നാല്‍ മനുഷ്യര്‍ എന്തിനാണ് പുലിയുടെ വേഷം കെട്ടുന്നത്?
ഓണം എത്തിയാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ആഘോഷങ്ങള്‍ക്ക് നിറം കൂടും. എന്നാല്‍ തൃശൂരിലെത്തുമ്പോള്‍ ആ നിറത്തിന് മറ്റൊരു ഭാവമാണ്. ശരീരമാകെ മഞ്ഞയും കറുപ്പും ഓറഞ്ചും നിറങ്ങളിലുള്ള വരകള്‍. വയറിന് മുകളിലൊരു പുലിയുടെ മുഖം. തലയില്‍ പുലിത്തൊപ്പി. മുന്നില്‍ കൊട്ടിക്കയറുന്ന ചെണ്ട. പിന്നെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ചുവടുവയ്ക്കുന്ന 'പുലികള്‍'. കാണുന്നവര്‍ക്ക് കൗതുകം പകരുന്ന കാഴ്ച. പക്ഷേ ഈ പുലിവേഷത്തിന് പിന്നില്‍ ഒരു രസകരമായ ചരിത്രമുണ്ട്.
കേരളത്തിലെ ഓണക്കാല ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതിനായാണ് പുലികളി രൂപപ്പെട്ടത്. പുലികളിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ചില ചരിത്രവിവരങ്ങള്‍ പ്രകാരം, കൊച്ചിരാജാക്കന്മാരുടെ കാലത്ത് സൈനിക പരിശീലനത്തിന്റെയും വിനോദത്തിന്റെയും ഭാഗമായും പുലിയുടെ ചലനങ്ങള്‍ അനുകരിച്ചുള്ള ഇത്തരം പ്രകടനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് ഇത് ജനകീയ കലാരൂപമായി മാറി. പ്രത്യേകിച്ച് തൃശൂര്‍ നഗരവും പരിസരപ്രദേശങ്ങളും പുലികളിയുടെ പ്രധാന കേന്ദ്രമായി വളര്‍ന്നു.
പുലികളിക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് ചരിത്ര സാക്ഷ്യങ്ങളൊന്നും ഇല്ലെങ്കിലും കൊച്ചി മഹാരാജാവായിരുന്ന ശക്തന് തമ്പുരാന് ആണ് ആദ്യമായി ഈ കലാരൂപം പ്രോത്സാഹിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. അന്നത്തെ കാലത്ത് ''പുലിക്കെട്ടിക്കളി'' എന്നായിരുന്നു ഈ കലാരൂപം അറിയപ്പെട്ടിരുന്നത്. കടുവയുടെ ചുവടുകളും ചലനങ്ങളും അനുകരിച്ച കലാരൂപം നാട്ടുകാര്‍ ഏറെ ആസ്വദിച്ചിരുന്നതായി ചരിത്രം പറയുന്നു. തൃശ്ശൂരില്‍ ഇന്ന് നടക്കുന്ന പുലികളി ആ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. മതമോ ജാതിയോ നോക്കാതെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ജനകീയ വിനോദം എന്ന നിലയില്‍ ഓണക്കാലത്ത് പുലികളിക്ക് പ്രാധാന്യം ഏറെയാണ്. പ്രത്യേകിച്ച് തൃശൂരിലെ പുലികളി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു.
ഓണാഘോഷത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് നാലാം ഓണത്തിന് തൃശൂരില്‍ ഇറങ്ങുന്ന പുലികള്‍ കേരളക്കരയുടെ ആകമാനം ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. കേരളത്തിലെ മറ്റൊരു ജില്ലയ്ക്കും ഇല്ലാത്തവണ്ണം സവിശേഷമായ ഈ ഓണാഘോഷം തൃശൂരുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. വ്യക്തമായ ചരിത്രമൊന്നും ഇക്കാര്യത്തെക്കുറിച്ചില്ലെങ്കിലും തൃശൂരിലെ പുലികളിയെക്കുറിച്ച് നിലവിലുള്ള ചില വിവരങ്ങള്‍ ഇങ്ങനെയാണ്.
പുലികളിയുടെ തുടക്കം കൊച്ചി രാജാവായിരുന്ന രാമവര്‍മ ശക്തന് തമ്പുരാന്റെ കാലഘട്ടവുമായി ബന്ധപ്പെടുത്തി പറയുന്ന കഥയാണ് ഏറ്റവും പ്രചാരത്തിലുള്ളത്.ശക്തന് തമ്പുരാന് 1790 മുതല്‍ 1805 വരെ കൊച്ചി ഭരിച്ചു. തൃശൂരിന്റെ ആധുനിക നഗരവികസനത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു.അദ്ദേഹത്തിന്റെ കാലത്ത് ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. അത്തരത്തിലുള്ള ജനകീയ ആഘോഷങ്ങളിലൂടെയാണ് പുലിയെ അനുകരിച്ചുള്ള പ്രകടനങ്ങള്‍ പതിയെ ഒരു കലാരൂപമായി വളര്‍ന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പുലിക്കളിയുടെ ഉത്ഭവത്തെക്കുറിച്ച് തൃശൂരില്‍ പ്രചാരത്തിലുള്ള മറ്റൊരു വിശ്വാസം പട്ടാണി മുസ്ലിംങ്ങളുടെ 'പഞ്ചയെടുക്കല്‍' ചടങ്ങുമായി ബന്ധപ്പെട്ട ഘോഷയാത്രയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ ഘോഷയാത്ര തൃശൂരിലെ പോസ്റ്റ് ഓഫീസ് റോഡില്‍ നിന്ന് കൊക്കാല ഭാഗത്തേക്ക് നടന്നിരുന്നുവെന്നും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പുലിവേഷം ധരിച്ചുള്ള പ്രകടനങ്ങള്‍ പിന്നീട് ഇടം നേടിയെന്നുമാണ് കേരള ടൂറിസം രേഖപ്പെടുത്തുന്നത്. അതായത് ഇന്ന് ഓണത്തിന്റെ അവിഭാജ്യഘടകമായി നാം കാണുന്ന പുലിക്കളിക്ക് പിന്നില്‍ തൃശൂരിന്റെ പഴയ നഗരജീവിതവും വിവിധ സമുദായങ്ങളുടെ ആഘോഷങ്ങളും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളുടെ കഥയും കാണാം.
ഒരു മനുഷ്യന് തന്റെ രൂപം മാറ്റി പുലിയായി മാറുകയാണ് ഇവിടെ. മനുഷ്യന്റെ ശരീരമാണ് ക്യാന്‍വാസായി മാറുന്നത്.പുലിയെ അനുകരിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ പ്രധാന ആശയം. പുലിയുടെ ചലനങ്ങള്‍ അനുകരിച്ച് നൃത്തം ചെയ്യുക, പുലിയെ വേട്ടയാടുന്ന വേട്ടക്കാരനെ അവതരിപ്പിക്കുക തുടങ്ങിയവയാണ് പുലികളിയുടെ പ്രധാന പ്രമേയം.അതുകൊണ്ടാണ് പുലിക്കളിയില്‍ പുലികള്‍ക്കൊപ്പം വേട്ടക്കാരെയും കാണുന്നത്. ചെണ്ട, തകില്, ഉടുക്ക് തുടങ്ങിയ വാദ്യങ്ങളുടെ താളത്തിനൊത്ത് പുലികള്‍ ചലിക്കുമ്പോള്‍ ഒരു വേട്ടയുടെ രംഗം തന്നെയാണ് തെരുവില്‍ അരങ്ങേറുന്നത്.
പുലിയാകുന്നതിന് പല തയ്യാറെടുപ്പുകളും വേണം. ആദ്യം ശരീരത്തിലെ രോമം നീക്കം ചെയ്യും. പിന്നീട് ശരീരത്തില്‍ കറുപ്പോ വെളുപ്പോ നിറത്തിലുള്ള ബേസ് കോട്ട് നല്‍കും. ഇത് ഉണങ്ങാന്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ എടുക്കും. ബേസ് കോട്ട് ഉണങ്ങിയ ശേഷം പ്രധാന കലാകാരന്മാര് ശരീരത്തില്‍ പുലിയുടെ രൂപം വരയ്ക്കുന്നു. മഞ്ഞ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഉപയോഗിച്ച് ശരീരത്തില്‍ പുലിയുടെ വരകളും പുള്ളികളും വരയ്ക്കും. മുഖത്താകട്ടെ പുലിയുടെ രൂപം കൂടുതല്‍ വ്യക്തമാക്കാന്‍ പ്രത്യേക മാസ്കും ഉപയോഗിക്കും. ഒരു കലാകാരനെ പൂര്‍ണമായും പുലിയുടെ രൂപത്തിലേക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. അതിനുശേഷമാണ് ചെണ്ടയുടെ താളത്തിനൊത്ത് തെരുവിലിറങ്ങുന്നത്.
പുലികളിയില്‍ സാധാരണയായി മൂന്ന് തരം പുലികളാണ് ഉള്ളത്. ശരീരത്തില്‍ വരയ്ക്കുന്ന ചായക്കൂട്ടുകളെയും വരകളുടെ പ്രത്യേകതകളും അനുസരിച്ചാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്.
വരയന്‍പുലി(കടുവ)
മഞ്ഞ ചായത്തില്‍ കറുത്ത വരകള്‍ വരച്ച് യഥാര്‍ത്ഥ കടുവകളുടെ രൂപത്തില്‍ ഒരുക്കുന്നവയാണ് ഇവ. പുലികളിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വരയന്‍ പുലികളാണ്.
പുള്ളിപ്പുലി
ശരീരത്തില്‍ മഞ്ഞയോ ഓറഞ്ചോ നിറം നല്കി അതില്‍ കറുത്ത പുള്ളികള്‍ വരച്ചുണ്ടാക്കുന്ന തരം പുലികളാണിവ.
കറുത്ത പുലി (കരിമ്പുലി)
പൂര്‍ണ്ണമായും കറുപ്പ് നിറത്തിലോ അല്ലെങ്കില്‍ കടും കറുപ്പില്‍ നേരിയ വരകളോടുകൂടിയോ ഒരുക്കിയെടുക്കുന്ന പുലികളാണിവ.
മറ്റ് പുലികള്‍ ഇവയാണ്
വലിപ്പവും ശരീരപ്രകൃതിയും അടിസ്ഥാനമാക്കി പ്രാദേശികമായി ചിലര്‍ പ്രത്യേക പുലിവേഷങ്ങളും കെട്ടാറുണ്ട്. അതില്‍ ചിലതാണ് പെണ്‍പുലികള്‍, കുട്ടിപ്പുലികള്‍, വയറന്‍ പുലികള്‍ ഇവയൊക്കെ. പുലികളി സംഘത്തോടൊപ്പം പുലികളെ വേട്ടയാടുന്ന ഭാവത്തിലുള്ള വേട്ടക്കാരനും ഉണ്ടാകും.
Content Highlights :The history behind Pulikali; what lies behind? Pulikali in Thrissur