വീട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യം തോന്നുന്നു. ഉടന്‍ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് നടക്കുന്നു. അവിടെ എത്തിയതും ഒരു നിമിഷം ചിന്തിച്ചുപോകും 'ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്?' കുറച്ചുനേരം ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ വന്ന വഴിയേ തിരിച്ചുനടക്കുമ്പോള്‍ കാര്യം ഓര്മ വരികയും ചെയ്യും. ഇത്തരമൊരു അനുഭവം ഉണ്ടാകാത്തവര്‍ കുറവായിരിക്കും. പ്രായഭേദമന്യേ പലര്‍ക്കും സംഭവിക്കുന്ന ഈ ചെറിയ മറവിക്ക് പിന്നില്‍ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രസകരമായൊരു ബന്ധമുണ്ട്. ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത് 'ഡോര്‍വേ ഇഫക്ട്' (Doorway Effect) എന്നാണ്.
ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് കടക്കുമ്പോള്‍ തൊട്ടുമുമ്പ് മനസിലുണ്ടായിരുന്ന കാര്യം പെട്ടെന്ന് ഓര്‍മയില്‍നിന്ന് വഴുതിപ്പോകുന്ന അവസ്ഥയെയാണ് ഡോര്‍വേ ഇഫക്ട് എന്നു പറയുന്നത്. ഉദാഹരണത്തിന് മേശപ്പുറത്തുനിന്ന് പേന എടുക്കാനായി നിങ്ങള്‍ എഴുന്നേല്ക്കുന്നു. മറ്റൊരു മുറിയിലെത്തുമ്പോള്‍ പേനയുടെ കാര്യം തന്നെ മറന്നുപോകുന്നു. അവിടെ കാണുന്ന മറ്റൊരു വസ്തുവിലേക്കോ പുതിയൊരു കാര്യത്തിലേക്കോ ശ്രദ്ധ മാറുന്നതോടെ ആദ്യം ചെയ്യാനുദ്ദേശിച്ച കാര്യം താല്‍ക്കാലികമായി ഓര്‍മയില്‍നിന്ന് മാറിനില്‍ക്കാം. ഇവിടെ വാതില്‍ കടന്നതുകൊണ്ട് മാത്രം ഓര്മ മായുന്നതല്ല. ചുറ്റുപാടുകള്‍ മാറുന്നതും ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിയുന്നതും തലച്ചോര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ഇതില്‍ പങ്കുവഹിച്ചേക്കാം.
നമ്മള് ഒരു സമയത്ത് ചെയ്യുന്ന കാര്യങ്ങളും ചിന്തിക്കുന്ന കാര്യങ്ങളും തലച്ചോര്‍ നിരന്തരം ക്രമീകരിക്കുന്നുണ്ട്. ഒരു മുറിയില്‍ ഇരിക്കുമ്പോള്‍ അവിടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകളായിരിക്കും മനസില്‍ സജീവമായിരിക്കുക. എന്നാല്‍ മറ്റൊരു മുറിയിലേക്ക് കടക്കുമ്പോള്‍ ചുറ്റുപാടുകള്‍ മാറുന്നു. പുതിയ കാഴ്ചകളും ശബ്ദങ്ങളും ശ്രദ്ധ പിടിച്ചുപറ്റാം. ഇതിനൊപ്പം നേരത്തേ മനസിലുണ്ടായിരുന്ന ചെറിയൊരു കാര്യം താല്‍ക്കാലികമായി ഓര്‍മയില്‍നിന്ന് പിന്നിലേക്കു മാറിയേക്കാം.നമ്മള് ഒരേസമയം നിരവധി കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ പ്രകടമാകാം. ചെയ്യാനുള്ള ജോലികള്‍, ഫോണില്‍ വന്ന സന്ദേശങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍, നാളത്തെ പരിപാടികള്‍ തുടങ്ങി നിരവധി ചിന്തകള്‍ മനസിലുണ്ടെങ്കില്‍ ഒരു ചെറിയ കാര്യം ഓര്‍ത്തുവയ്ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാം.
മറ്റൊരു മുറിയിലെത്തിയപ്പോള്‍ എന്തിനാണ് വന്നതെന്ന് മറന്നുപോയവര്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാം. തിരികെ പഴയ മുറിയിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആ കാര്യം ഓര്മ വരും.ഇതിന് കാരണം ചുറ്റുപാടുകളുമായി ബന്ധപ്പെട്ട സൂചനകളാകാം. ആദ്യം ആ കാര്യം ചിന്തിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചെത്തുമ്പോള്‍ അവിടെയുള്ള കാഴ്ചകളോ വസ്തുക്കളോ പഴയ ചിന്തയെ വീണ്ടും ഓര്‍മയിലെത്തിക്കാന്‍ സഹായിച്ചേക്കാം. അടുക്കളയില്‍ വെള്ളം എടുക്കാനാണ് പോയതെന്ന് മറന്നുപോയി എന്നിരിക്കട്ടെ. തിരിച്ചുവന്ന് മേശയ്ക്കരികില്‍ നില്ക്കുമ്പോള് വെള്ളക്കുപ്പി കാണുന്നതോടെ കാര്യം ഓര്മ വന്നേക്കാം.
ഡോര്‍വേ ഇഫക്ടിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്.2014 ല്‍ Memory എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഈ പ്രതിഭാസത്തെക്കുറിച്ച് പരിശോധിച്ചിരുന്നു. പിന്നീട് 2021ല്‍ BMC Psychology ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വെര്‍ച്വല്‍ റിയാലിറ്റിയും വീഡിയോയും യഥാര്‍ഥ ചലനവും ഉള്‍പ്പെടുത്തി നാല് പരീക്ഷണങ്ങള്‍ നടത്തി. എല്ലാ പരീക്ഷണങ്ങളിലും വാതില്‍ കടക്കുന്നതുമായി ബന്ധപ്പെട്ട മറവി വ്യക്തമായി കണ്ടെത്താനായില്ല. എന്നാല്‍ ഒരേസമയം ഓര്‍മയില്‍ സൂക്ഷിക്കേണ്ട മറ്റ് കാര്യങ്ങളുണ്ടായിരുന്ന സാഹചര്യങ്ങളില്‍ മറവി കൂടുതല്‍ പ്രകടമാകാനുള്ള സാധ്യത കണ്ടെത്തി. അതുകൊണ്ട് ഡോര്‍വേ എഫക്ടാണ് മറവിയുടെ ഏകകാരണമെന്ന് പറയാനാകില്ല. ശ്രദ്ധക്കുറവ്, ഒരേസമയം പല കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമം, ചുറ്റുപാടുകളിലെ മാറ്റം എന്നിവയും ഇതില്‍ സ്വാധീനം ചെലുത്താം.
ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ മറവികള്‍ കുറയ്ക്കാന്‍ ചില ലളിതമായ കാര്യങ്ങള്‍ സഹായിച്ചേക്കാം.
ഇടയ്ക്കിടെ എന്തിനാണ് ഒരു മുറിയിലേക്ക് വന്നതെന്ന് മറന്നുപോകുന്നത് മാത്രം ഓര്‍മശക്തി തകരാറിലായതിന്റെ സൂചനയല്ല. എന്നാല്‍ മറവി പതിവായി വര്‍ധിക്കുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും പരിചിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നുവെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ഒരിക്കലും മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :There is an interesting link to brain function behind this minor lapse of memory that affects many people, regardless of age. The scientific community calls this the 'Doorway Effect'.