

പ്രായം കൂടുന്നതിനൊപ്പം ശരീരത്തിന്റെ ഊര്‍ജവും പേശികളുടെ കരുത്തും കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ 60 കഴിഞ്ഞിട്ടും ശരീരത്തെ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് വ്യവസായിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ നിത അംബാനി. 62-ാം വയസ്സിലും ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നിതയുടെ ദിനചര്യയില്‍ വ്യായാമവും നടക്കലും ആരോഗ്യകരമായ ഭക്ഷണവുമെല്ലാം പ്രധാനമാണ്.
2025ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിത അംബാനി തന്നെയാണ് തന്റെ ഫിറ്റ്‌നസ് രീതികളെക്കുറിച്ച് സംസാരിച്ചത്. ശരീരം മെലിഞ്ഞിരിക്കണം എന്നതിലുപരി ശക്തിയും ചലനശേഷിയും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജവുമാണ് ഫിറ്റ്‌നസിന്റെ ലക്ഷ്യമെന്നാണ് അവരുടെ നിലപാട്.
എല്ലാ ദിവസവും ഒരേ വ്യായാമം ചെയ്യുന്നതല്ല നിത അംബാനിയുടെ രീതി. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വ്യായാമം മാറ്റിമാറ്റിയാണ് ചെയ്യുന്നത്. കാലുകള്‍, കൈകള്‍, പുറം, കോര്‍ മസിലുകള്‍ എന്നിവയ്ക്കുള്ള വ്യായാമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ആഴ്ചയില്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ വ്യായാമം ചെയ്യാറുണ്ടെന്ന് നിത പറയുന്നു. ഇതില്‍ സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്‌ളെക്‌സിബിലിറ്റി, മൊബിലിറ്റി, കോര്‍ സ്‌ട്രെങ്തനിങ് എന്നിവ ഉള്‍പ്പെടുന്നു.

നിത അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമ ദിവസങ്ങളിലൊന്ന് ലെഗ് ഡേയാണ്. ചെറുപ്പം മുതല്‍ തന്നെ ഭാരതനാട്യം അഭ്യസിച്ചുവരുന്നതിനാല്‍ കാലുകളുടെ കരുത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവര്‍ പറയുന്നു. ആറാം വയസ്സില്‍ തന്നെ ഭാരതനാട്യം പഠിക്കാന്‍ തുടങ്ങിയതാണ് നിത. അതുകൊണ്ടുതന്നെ നൃത്തവും അവരുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ വരെ നൃത്തം ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു.
വ്യായാമം എന്നുപറഞ്ഞാല്‍ ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കണമെന്നില്ലെന്നതാണ് നിതയുടെ രീതി. ചില ദിവസങ്ങളില്‍ നീന്തലും അക്വാ എക്‌സര്‍സൈസും ചെയ്യാറുണ്ട്. യാത്രയിലായിരിക്കുമ്പോഴോ ജിം സൗകര്യം ലഭിക്കാത്തപ്പോഴോ നടക്കലാണ് മറ്റൊരു മാര്‍ഗം. ദിവസവും ഏകദേശം 5,000 മുതല്‍ 7,000 ചുവടുകള്‍ വരെ നടക്കാന്‍ ശ്രമിക്കാറുണ്ടെന്നും നിത പറയുന്നു.

വ്യായാമത്തിനൊപ്പം ഭക്ഷണത്തിനും നിത വലിയ പ്രാധാന്യം നല്‍കുന്നു. താന്‍ പൂര്‍ണമായും സസ്യാഹാരിയാണ് എന്നും പ്രകൃതിദത്ത ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കുന്നതെന്നും അവര്‍ പറയുന്നു. ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും നിത ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പ്രായം കൂടുമ്പോള്‍ പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ പ്രധാനമാണ്.
നിതയുടെ ഭക്ഷണശീലത്തിലെ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് പഞ്ചസാര ഒഴിവാക്കുന്നതാണ്. പഞ്ചസാര മാത്രമല്ല പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന കൃത്രിമ മധുരപദാര്‍ഥങ്ങളും ഒഴിവാക്കാറുണ്ടെന്നാണ് അവര്‍ പറഞ്ഞത്.എന്നാല്‍ ഇത് എല്ലാവരും അതേപടി പിന്തുടരണമെന്നില്ല. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി, പ്രായം, ശരീരാവസ്ഥ, ഭക്ഷണരീതി എന്നിവ അനുസരിച്ചായിരിക്കണം ഭക്ഷണക്രമം തീരുമാനിക്കുന്നത്.

നിത അംബാനിയുടെ കാഴ്ചപ്പാടില്‍ വ്യായാമം ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താനുള്ള മാര്‍ഗം മാത്രമല്ല. മാനസികാരോഗ്യത്തിനും വ്യായാമം സഹായിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. വ്യായാമം ചെയ്യുമ്പോള്‍ മനസ്സിന് ശാന്തത ലഭിക്കുന്നുവെന്നും ദിവസം മുഴുവന്‍ പോസിറ്റീവായി തുടരാന്‍ അത് സഹായിക്കുന്നുവെന്നും നിത പറയുന്നു.
വ്യായാമത്തിനിടെ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ പോലുള്ള രാസവസ്തുക്കള്‍ പുറത്തുവരുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
62ാം വയസ്സിലും ശരീരത്തെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് നിത അംബാനിയുടെ ജീവിതശൈലി ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ അവരുടെ ദിനചര്യ അതേപടി പിന്തുടരുന്നതിനുപകരം സ്വന്തം പ്രായത്തിനും ആരോഗ്യത്തിനും അനുയോജ്യമായ രീതിയില്‍ ചെറിയ മാറ്റങ്ങളിലൂടെ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനം.
Content Highlights :Nita Ambani holds the view that the goal of fitness is strength, mobility, and the energy to perform daily activities, rather than merely having a slim physique.