കുറച്ച് സമയംകൂടി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍; ക്ഷീണം മാറുന്നില്ലേ; 7 കാരണങ്ങളെക്കുറിച്ച് ഡോക്ടര്‍ പറയുന്നു

8 മണിക്കൂര്‍ ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം? ഉറക്കക്കുറവ് മാത്രമല്ല കാരണം. ഡോക്ടര്‍മാര്‍ പറയുന്ന 7 കാര്യങ്ങളെക്കുറിച്ച് അറിയാം

രാത്രി കൃത്യമായി ഉറങ്ങി. രാവിലെ അലാറം കേട്ട് എഴുന്നേറ്റു. പക്ഷേ കണ്ണുതുറന്ന നിമിഷം മുതല്‍ ശരീരത്തിന് ഒരു ഭാരവും മന്ദതയും. 'ഇനിയും കുറച്ച് നേരം കൂടി ഉറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍' എന്ന തോന്നലും. 7-8 മണിക്കൂര്‍ ഉറങ്ങിയിട്ടും ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിന്റെ മാത്രം ആയിരിക്കണമെന്നില്ല.

എട്ട് മണിക്കൂര്‍ ഉറങ്ങിയാല്‍ രാവിലെ ഫ്രഷ് ആയി എഴുന്നേല്‍ക്കാം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഉറക്കത്തിന്റെ അളവിനൊപ്പം അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. ശരീരം ആവശ്യമായ ആഴത്തിലുള്ള ഉറക്കഘട്ടങ്ങളിലൂടെ കടന്നുപോകുന്നില്ലെങ്കില്‍ ഉണരുമ്പോള്‍ ക്ഷീണം അനുഭവപ്പെടാം.

8 മണിക്കൂര്‍ ഉറങ്ങിയിട്ടും എന്തുകൊണ്ടാണ് ശരീരം 'റീചാര്‍ജ്' ആകാത്തത്? കാരണങ്ങള്‍ ഇതാകാം

ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു

മണിക്കൂറുകള്‍ ഉറങ്ങിയാല്‍ മാത്രം ഗുണമേന്മയുള്ള ഉറക്കം ലഭിക്കും എന്നര്‍ഥമില്ല. രാത്രിയില്‍ പലതവണ അറിയാതെ ഉണരുക, ഇടയ്ക്കിടെ ഉറക്കം മുറിയുക, ആഴത്തിലുള്ള ഉറക്കം കുറയുക തുടങ്ങിയവ ശരീരത്തിന്റെ സ്വാഭാവിക വിശ്രമത്തെ ബാധിക്കാം. ഫോണ്‍ ഉപയോഗം, ശബ്ദം, വെളിച്ചം, മുറിയിലെ താപനില, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ആദ്യം പരിശോധിക്കേണ്ടത് ''എത്ര മണിക്കൂര്‍ ഉറങ്ങി?'' എന്നതിനു പകരം ''എങ്ങനെയാണ് ഉറങ്ങിയത്?'' എന്നതാണ്.

കൂര്‍ക്കംവലി മാത്രമല്ല സ്ലീപ് അപ്നിയയും ആകാം

ഉറങ്ങുമ്പോള്‍ ശക്തമായി കൂര്‍ക്കംവലിക്കുന്നവരില്‍ ചിലര്‍ക്ക് സ്ലീപ് അപ്നിയ എന്ന ഉറക്കവുമായി ബന്ധപ്പെട്ട ശ്വാസതടസ്സം ഉണ്ടാകാം. ഉറക്കത്തിനിടെ ശ്വാസം ആവര്‍ത്തിച്ച് തടസ്സപ്പെടുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നതില്‍ തടസ്സമുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉറക്കം പലതവണ മുറിയുകയും ആഴത്തിലുള്ള ഉറക്കം കുറയുകയും ചെയ്യും. പലര്‍ക്കും രാത്രി തങ്ങള്‍ ഉണര്‍ന്നതായി പോലും ഓര്‍മയുണ്ടാകില്ല. പക്ഷേ രാവിലെ എഴുന്നേറ്റാല്‍ ക്ഷീണം, തലവേദന, പകല്‍ സമയത്ത് അമിതമായ ഉറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. അമിതമായ കൂര്‍ക്കംവലി, ഉറക്കത്തിനിടെ ശ്വാസം മുട്ടുന്നതുപോലെ തോന്നല്‍, പകല്‍ അമിതമായ ഉറക്കം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് പ്രധാനമാണ്.

മാനസിക സമ്മര്‍ദ്ദവും ഉറക്കത്തെ ബാധിക്കും

ശരീരം ഉറങ്ങുകയാണെങ്കിലും മനസ്സ് ഉണര്‍ന്നിരിക്കുന്ന അവസ്ഥ പലര്‍ക്കും പരിചിതമാണ്. ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബകാര്യങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ ചിന്തകളൊക്കെ മനസ്സില്‍ ആശങ്കകളായി ഉണ്ടെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം കുറയാം. ഇത്തരത്തില്‍ ഒരാള്‍ക്ക് മണിക്കൂറുകളോളം ഉറങ്ങാന്‍ കഴിഞ്ഞാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസും ശരീരവും വിശ്രമിച്ചിട്ടില്ലാത്തതുപോലെ തോന്നാം.

ശരീരത്തിലെ ചില പോഷകങ്ങളുടെ കുറവ്

ചില സാഹചര്യങ്ങളില്‍ സ്ഥിരമായ ക്ഷീണത്തിന് പോഷകക്കുറവും ഒരു കാരണമാകാം. പ്രത്യേകിച്ച് അയണിന്റെ കുറവ് മൂലമുള്ള അനീമിയ, വിറ്റാമിന്‍ B12, വിറ്റാമിന്‍ D തുടങ്ങിയവയുടെ കുറവ് ഇവ ചിലരില്‍ ക്ഷീണം, ബലക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എന്നാല്‍ ക്ഷീണം തോന്നിയതുകൊണ്ട് സ്വയം സപ്ലിമെന്റുകള്‍ കഴിക്കുന്നത് ശരിയായ രീതിയല്ല. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തപരിശോധന നടത്തി കാരണം കണ്ടെത്തുകയാണ് ഉചിതം.

തൈറോയ്ഡ് പ്രശ്‌നങ്ങളും കാരണമാകാം

ശരീരത്തിന്റെ ഊര്‍ജോപയോഗവും മെറ്റബോളിസവും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഹൈപ്പോതൈറോയിഡിസം പോലുള്ള അവസ്ഥകളില്‍ അമിതമായ ക്ഷീണം, മന്ദത, തണുപ്പ് കൂടുതലായി അനുഭവപ്പെടുക, ഭാരം കൂടുക, ചര്‍മ്മം വരണ്ടുപോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ ഉണ്ടാകാം. അതുകൊണ്ട് ദീര്‍ഘകാലമായി തുടരുന്ന ക്ഷീണത്തെ ''ഉറക്കം കുറവായതുകൊണ്ടാണ്'' എന്ന് മാത്രം കരുതാതെ ആവശ്യമായാല്‍ മെഡിക്കല്‍ പരിശോധന നടത്തണം.

ഉറങ്ങുന്ന സമയവും പ്രധാനമാണ്

ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങിയാലും എല്ലാ ദിവസവും വ്യത്യസ്ത സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ബോഡി ക്ലോക്കിനെ ബാധിക്കാം. രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന ശീലം, വാരാന്ത്യങ്ങളില്‍ ഏറെ വൈകി ഉറങ്ങുന്ന ശീലം തുടങ്ങിയവ ഉറക്ക-ഉണര്‍വ് ചക്രത്തെ കുഴപ്പത്തിലാക്കാം. അതുകൊണ്ട് കഴിയുന്നത്ര ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുന്നത് നല്ല ഉറക്കശീലത്തിന്റെ ഭാഗമാണ്.

ജീവിതശൈലിയും കാരണമാകാം

ദിവസം മുഴുവന്‍ ശാരീരിക പ്രവര്‍ത്തനം വളരെ കുറവായിരിക്കുക, വ്യായാമമില്ലായ്മ, ക്രമരഹിതമായ ഭക്ഷണശീലം, രാത്രിയിലെ കാപ്പി കുടിക്കല്‍, ഉറങ്ങുന്നതിന് മുമ്പുള്ള അമിതമായ സ്‌ക്രീന്‍ സമയം തുടങ്ങിയവയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴും ഫോണ്‍ നോക്കുന്നത് പലരുടെയും ഉറക്കശീലത്തിന്റെ ഭാഗമായിട്ടുണ്ട്. ശരീരം വിശ്രമത്തിനായി തയ്യാറെടുക്കേണ്ട സമയത്ത് സ്‌ക്രീനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉറങ്ങാന്‍ വൈകുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനും കാരണമാകാം.

ഈ അവസ്ഥയ്ക്ക് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഒന്നോ രണ്ടോ ദിവസം രാവിലെ ക്ഷീണം തോന്നുന്നത് സാധാരണമായിരിക്കാം. എന്നാല്‍ തുടര്‍ച്ചയായി ആഴ്ചകളോളം മതിയായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം തുടരുകയാണെങ്കില്‍ അത് അവഗണിക്കരുത്. പ്രത്യേകിച്ച് കൂര്‍ക്കംവലി, ഉറക്കത്തിനിടെ ശ്വാസം മുട്ടല്‍, പകല്‍ അമിതമായ ഉറക്കം, രാവിലെ തലവേദന, ഹൃദയമിടിപ്പിലെ വ്യത്യാസം, അമിതമായ ക്ഷീണം, ശരീര ഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം ക്ഷീണം ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.

(ചെന്നൈ കാവേരി ഹോസ്പിറ്റലിലെ സീനിയല്‍ ന്യൂറോളജി കണ്‍സള്‍ട്ടന്റായ ഡോ. ശുഭ സുബ്രഹ്‌മണ്യന്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍ നിന്ന്)

Content Highlights :Feeling tired upon waking up despite sleeping for eight hours? If this happens even after getting eight hours of sleep, the issue may not simply be the duration of sleep.

To advertise here,contact us