35 വയസിന് മുന്‍പ് മുടി നരയ്ക്കുന്നുണ്ടോ? കാരണം വെറും പ്രായമല്ല; ശരീരം നല്‍കുന്ന സൂചനയാകാം

ഇക്കാലത്ത് ചെറുപ്പക്കാരില്‍ മുടിനരയ്ക്കുന്നത് സാധാരണമായി മാറിയിട്ടുണ്ട്

കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മുടിയിഴകള്‍ക്കിടയില്‍ ഒന്നോ രണ്ടോ വെള്ളിനാരുകള്‍ കണ്ടാല്‍ ആദ്യം തോന്നുക പ്രായം കൂടിത്തുടങ്ങിയോ എന്നായിരിക്കും. എന്നാല്‍ 20 തുകളിലും 30 കളുടെ തുടക്കത്തിലും തന്നെ മുടി നരയ്ക്കുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. ചിലരില്‍ ചെറുപ്പത്തില്‍ തന്നെ ധാരാളം നരച്ച മുടിയുണ്ടാകുന്നുണ്ട് അല്ലേ?. ഈ നര കണ്ടാല്‍ ഉടന്‍ പേടിക്കേണ്ടതുണ്ടോ? അതോ ശരീരത്തില്‍ എന്തെങ്കിലും കുറവുണ്ടെന്നതിന്റെ സൂചനയാണോ?

ജനിതക ഘടകങ്ങളാണ് മുടി നരയ്ക്കുന്നതിലെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ്, സമ്മര്‍ദം തുടങ്ങിയവയും നേരത്തെ മുടി നരയ്ക്കുന്നതിന് കാരണമായേക്കാം.

മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നത് എങ്ങനെ?

മുടിക്ക് സ്വാഭാവികമായ കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. മുടിക്ക് നിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ പുതിയതായി വളരുന്ന മുടിയിഴകളില്‍ പിഗ്മെന്റ് കുറയുകയും മുടി നരയ്ക്കുകയും ചെയ്യും. പ്രായം കൂടുന്തോറും ഇത് സ്വാഭാവികമായി സംഭവിക്കാം. എന്നാല്‍ ചിലരില്‍ ഈ പ്രക്രിയ നേരത്തെയാകാം.

പോഷകക്കുറവിനും പങ്കുണ്ടോ?

ചില പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് നേരത്തെ മുടി നരയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന്‍ B12, ഇരുമ്പ്, ഫെറിറ്റിന്‍, കോപ്പര്‍, സിങ്ക് ഇവയുടെ കുറവ് മുടിയിലെ മെലാനിന്‍ ഉല്‍പാദനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുടി നരച്ചുവെന്ന കാരണത്താല്‍ മാത്രം ഇവയില്‍ ഏതെങ്കിലും കുറവാണെന്ന് ഉറപ്പിക്കാനാകില്ല.

സമ്മര്‍ദം മുടി നരയ്ക്കാനിടയാക്കുമോ?

'ടെന്‍ഷന്‍ കൂടിയാല്‍ മുടി നരയ്ക്കും' എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഇതില്‍ ചെറിയ കാര്യമുണ്ട്. നീണ്ടുനില്‍ക്കുന്ന സമ്മര്‍ദം ശരീരത്തില്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും ഓക്‌സിഡേറ്റീവ് സ്‌ട്രെസും മുടിക്ക് നിറം നല്‍കുന്ന മെലനോസൈറ്റ് സ്റ്റം സെല്ലുകളെ ബാധിക്കാം. ഇതുവഴി ചിലരില്‍ മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ നേരത്തെയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉറക്കക്കുറവ്, നിരന്തരമായ ടെന്‍ഷന്‍, ജോലി സംബന്ധമായ സമ്മര്‍ദം എന്നിവയെല്ലാം അവഗണിക്കരുത്. കൂടുതല്‍ ശ്രദ്ധനല്‍കുന്നത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും നല്ലതാണ്.

നരച്ച മുടിയ്ക്ക് വീണ്ടും കറുപ്പുനിറം ലഭിക്കുമോ?

മുടി നരയ്ക്കുന്നതിന് കാരണം പോഷകക്കുറവാണെങ്കില്‍ ആ കുറവ് നേരത്തെ കണ്ടെത്തി പരിഹരിക്കുന്നത് മുടി നരയ്ക്കുന്നതിന്റെ വേഗം കുറയ്ക്കാന്‍ സഹായിച്ചേക്കാം. ചില സാഹചര്യങ്ങളില്‍ ഭാഗികമായി നിറം തിരിച്ചുവരാനും സാധ്യതയുണ്ട്. എന്നാല്‍ ജനിതക കാരണമോ പ്രായവുമായി ബന്ധപ്പെട്ട സ്വാഭാവിക മാറ്റമോ ആണെങ്കില്‍ നരച്ച മുടി സാധാരണയായി പഴയ നിറത്തിലേക്ക് തിരിച്ചുവരില്ല. അതിനാല്‍ നരച്ച മുടി കണ്ടയുടന്‍ ഏതെങ്കിലും വിറ്റാമിന്‍ ഗുളികയോ സപ്ലിമെന്റോ സ്വയം കഴിക്കുന്നത് ശരിയായ മാര്‍ഗമല്ല.

മുടി പെട്ടെന്ന് നരയ്ക്കുന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം?

ചെറുപ്പത്തില്‍ തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നുണ്ടെങ്കില്‍, കാരണം കണ്ടെത്താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചില പരിശോധനകള്‍ പരിഗണിക്കാം. വിറ്റാമിന്‍ B12 പരിശോധന, ശരീരത്തിലെ ഇരുമ്പിന്റെ നില മനസ്സിലാക്കാന്‍ അയണ്‍ ഫെറിറ്റിന്‍ പരിശോധന, തൈറോയ്ഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ തൈറോയ്ഡ് പരിശോധന (TSH), ശരീരത്തിലെ വിറ്റാമിന്‍ D നില അറിയാന്‍ വിറ്റാമിന്‍ D ,ആവശ്യമായാല്‍ സിങ്ക്, കോപ്പര്‍ എന്നിവയും പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

എല്ലാ നരച്ച മുടിയും ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നതിന്റെ സൂചനയല്ല. പലപ്പോഴും കുടുംബത്തില്‍ നേരത്തെ മുടി നരയ്ക്കുന്ന പാരമ്പര്യമുണ്ടെങ്കില്‍ അതുതന്നെ കാരണമാകാം.അതേസമയം, വളരെ ചെറുപ്പത്തില്‍ തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നതിനൊപ്പം ക്ഷീണം, മുടികൊഴിച്ചില്‍ തുടങ്ങിയ മറ്റ് മാറ്റങ്ങളും ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കില്‍ കാരണമെന്തെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

ഒന്നോ രണ്ടോ നരച്ച മുടിയിഴകള്‍ കണ്ട് പരിഭ്രാന്തരാകേണ്ട. പക്ഷേ ശരീരം നല്‍കുന്ന മറ്റ് സൂചനകളെയും അവഗണിക്കേണ്ട. മുടിയുടെ നിറം മാത്രമല്ല, അതിന് പിന്നിലെ ആരോഗ്യവും ശ്രദ്ധിക്കുകയാണ് പ്രധാനം.

Content Highlights :However, factors such as stress and deficiencies in certain nutrients and minerals can also cause premature graying of hair.

To advertise here,contact us