വിറ്റാമിന്‍ കുറവോ? അതൊക്കെ സാധാരണ കാര്യമല്ലേ? ഇത്ര കാര്യമാക്കാനെന്തിരിക്കുന്നു. എന്നായിരിക്കും പലരുടെയും ധാരണ. എന്നാല്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിറ്റാമിനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വിറ്റാമിന്‍ ബി 12 ന്റെ കുറവ് കാന്‍സറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ശരീരം ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിന് 'കൊബാലമിന്‍' എന്നുകൂടി അറിയപ്പെടുന്ന വിറ്റാമിന്‍ ബി 12 വളരെ അത്യാവശ്യമായ ഘടകമാണ്. ഇവ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുണ്ടാകാന് സഹായിക്കുന്ന വിറ്റാമിനുകളാണ്. മാത്രമല്ല തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുകയും ഡിഎന്‍എയുടെ നിര്‍മ്മാണത്തിനും നന്നാക്കലിനും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യത്തിന് വിറ്റാമിന്‍ ബി12 ന്റെ അഭാവം കാലക്രമേണ ഡിഎന്‍എ ഘടനയില്‍ തെറ്റുകള്‍ സംഭവിക്കാനിടയാക്കുന്നു. ഇത് വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലാണ് കാന്‍സര്‍ ബന്ധം ആരംഭിക്കുന്നതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നു.
ക്ഷീണം, ഓര്‍മ്മക്കുറവ്,കൈകളിലെ മരവിപ്പ്, ദഹനപ്രശ്നങ്ങള്‍, ശരീരത്തിന്റെ ബലഹീനത തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ബി12 ന്റെ കുറവുകൊണ്ടുണ്ടാകുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
കടുത്ത ക്ഷീണം
ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്തതുകൊണ്ട് ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും നിരന്തരമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു.
മരവിപ്പും തരിപ്പും
കൈകാലുകളില്‍ (കൈകള്‍, കാലുകള്‍, പാദങ്ങള്‍) മരവിപ്പോ സൂചികൊണ്ടു കുത്തുന്നതുപോലെയോ ഉള്ള തരിപ്പോ അനുഭവപ്പെടുന്നു.
നാക്കിന്റെ പ്രശ്നങ്ങള്‍
നാക്ക് വീര്‍ക്കുകയും ചുവന്നു തുടുക്കുകയും ചെയ്യുക. വ്രണങ്ങള്‍ (Mouth ulcers), അല്ലെങ്കില്‍ നാക്കില്‍ വേദന എന്നിവ ഉണ്ടാകാം.
ചര്‍മ്മ മാറ്റങ്ങള്‍
വിളറിയതോ മഞ്ഞനിറം കലര്‍ന്നതോ ആയ ചര്‍മ്മം.
മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍
ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.
മറ്റ് ലക്ഷണങ്ങള്‍
നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പ് കൂടുക, ദഹനപ്രശ്നങ്ങള്‍, വിശപ്പില്ലായ്മ എന്നിവ മറ്റ് പ്രധാന ലക്ഷണങ്ങളാണ്
മത്സ്യം, മുട്ടകള്‍, പാലും പാല് ഉത്പന്നങ്ങളും, കോഴിഇറച്ചി, ലീന്‍ പ്രോട്ടീനുകള്‍, ഫോട്ടിഫൈഡ് ധാന്യങ്ങള്‍ എന്നിവയെല്ലാം ധാരാളം വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങളാണ്.
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. പുകവലി, മദ്യത്തിന്റെ അമിത ഉപയോഗം, സംസ്കരിച്ച ഭക്ഷണങ്ങള്‍, പൊണ്ണത്തടി, വ്യായാമക്കുറവ് തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
Content Highlights :Researchers at the US National Institutes of Health say that vitamin B12 deficiency may increase the risk of cancer.