ഡയബറ്റിസ് അഥവാ പ്രമേഹം ഇപ്പോൾ സാധാരണയായി കാണുന്ന ഒരു രോഗവസ്ഥയാണ്. ചിലർ പറയില്ലേ ഷുഗറും പ്രഷറുമൊക്കെ ഇല്ലെന്ന് പറയുന്നത് നാണക്കേടാണെന്ന്. തമാശയ്ക്ക് ഇങ്ങനെ പറയാമെങ്കിലും എന്നും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുക എന്ന കാര്യത്തിന് പരിഗണന നൽകിയേ തീരു. മറ്റ് പല രോഗങ്ങളെ പോലെ പ്രമേഹത്തിനെ പ്രതിരോധിക്കാനും ശരീരം ചില ലക്ഷണങ്ങൾ കാട്ടിത്തരും എന്നാൽ അവ പലപ്പോഴും അവഗണിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുക.
പ്രമേഹവുമായി ബന്ധപ്പെട്ട് നമ്മുടെ ചർമത്തിലാകും പല അടയാളങ്ങളും കാണുക.
രക്തത്തിലെ ഉയർന്ന പഞ്ചാസര അളവ് ബാധിക്കുന്നത് ആന്തരിക അവയവങ്ങളെ മാത്രമായിരിക്കില്ല. പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ നമ്മുടെ ചർമത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഈ അടയാളങ്ങൾ ശ്രദ്ധയിൽപ്പെടുകയും ഉടനടി നടപടികൾ സ്വീകരിക്കുകയുമാണ് പോംവഴി. ചികിത്സ തേടേണ്ട സാഹചര്യം അടുത്തിരിക്കുന്നുവെന്ന് ഓർമപ്പെടുത്തി ചർമം നൽകുന്ന ഏഴ് ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ആദ്യത്തേത് ഷിൻ സ്പോട്ടുകളാണ്. ഇതിനെ ഡയബറ്റിക്ക് ഡെർമോപ്പതിയെന്നും പറയാറുണ്ട്. മുട്ടിന് താഴെ കാലിലെ മുൻഭാഗത്തെയാണ് ഷിൻ എന്ന് പറയുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണയായ ചർമത്തിലെ പ്രശ്നമാണിത്. ഇതിനെ സ്പോട്ടട് ലെഗ് സിൻഡ്രോം എന്നും വിളിക്കാറുണ്ട്. ഈ പാടുകൾ പ്രത്യക്ഷപ്പെടുന്നത് വട്ടത്തിലോ ഓവൽ രൂപത്തിലോ ആയിരിക്കും. ബ്രൗൺ അല്ലെങ്കിൽ നല്ല ചുവന്ന നിറത്തിലാകും ഇവ കാണപ്പെടുക. ഇത് വേദനയോ ചൊറിച്ചിലോ ഒന്നും ഉണ്ടാക്കില്ലെന്ന കാരണം കൊണ്ട് തന്നെ പലരും അവഗണിക്കും. എന്നാൽ ഇവയുടെ സാന്നിധ്യം വിരൽചൂണ്ടുന്നത് ഉടനടി രക്തത്തിലെ പഞ്ചസാര പരിശോധിക്കുക എന്നതിലേക്കാണ്.
ദീർഘകാലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ച് വരികയാണെങ്കിൽ ചർമത്തിൽ അസാധാരണമായി രീതിയിൽ കൊളാജൻ അടിഞ്ഞുകൂടും. ഇതോടെ ചർമത്തിന്റെ ഇലാസ്തികത കുറയും മാത്രമല്ല തൊലി കട്ടിയാകുകയും മുറുകുകയും ചെയ്യും. സ്ക്ലീറിഡെമ ഡയബറ്റിക്കോറം എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇത് കഴുത്ത്, തോളുകൾ, മുതുക് എന്നിവടങ്ങിലാകും കാണപ്പെടുക. വേദനയില്ലാത്ത ഈ അവസ്ഥ പ്രതിഫലിപ്പിക്കുന്നത് മെറ്റബോളിക്ക് ഇൻബാലൻസിനെയാണ്.
പ്രമേഹ ബാധിതനായാൽ ശരീരത്തിലെ മുറിവുകൾ ഉണങ്ങാത്ത സ്ഥിതിയുണ്ടാകും. ഉയർന്ന ഗ്ലൂക്കോസ് ലെവൽ നാഡികളെ ബാധിക്കും മാത്രമല്ല രക്തയോട്ടത്തിനും തടസം നേരിടും. പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് തടസപ്പെടുക. ഇതിന്റെ ഭാഗമായി ചെറിയ മുറിവ് പോലും ഡയബറ്റിക്ക് അൾസറായി മാറും. ഇവ പതിയെ മാത്രമേ ഉണങ്ങുകയുള്ളു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാവാം. അല്ലെങ്കിൽ കാലുകൾ മുറിച്ചുമാറ്റേണ്ട സ്ഥിതിയിലെത്തിക്കും.
ഡയബറ്റിസ് അനിയന്ത്രിതമായ അവസ്ഥയിലെത്തുമ്പോൾ ശരീരത്തിൽ ട്രൈഗ്ലിസറൈഡ് അളവും കുത്തനെ കൂടും. ഇതോടെ ചെറിയ വീക്കം പോലെ ചർമത്തിൽ ഉയർന്ന് വരും. സമയം പോകുന്നത് അനുസരിച്ച് ഈ വീക്കങ്ങൾ ലൈറ്റർ സ്കിൻ ടോണുകളിൽ മഞ്ഞനിറത്തിലാകും. പഞ്ചസാരയുടെ അളവ് ശരിയായ രീതിയിലാകുമ്പോൾ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും.
കഴുത്തിന് ചുറ്റം, കൈക്കുഴികളിൽ, തുടകൾ എന്നിവടങ്ങളിലെ ചർമം കറുക്കുകയും കട്ടിയാവുകയും ചെയ്യുന്നതും അവഗണിക്കരുത്. ഇത് ഇൻസുലിൻ റെസിസ്റ്റൻസിനെയാണ് കാണിക്കുന്നത്. ഡയബറ്റിസും പ്രീഡയബറ്റിസുമുള്ളവരിലാണ് ഈ അവസ്ഥ കാണപ്പെടുക. ഇത് അപകടകരമല്ലെങ്കിലും കൃത്യമായ മുന്നറിയിപ്പാണ്.
കൺപോളകളിൽ സോഫ്റ്റ് യെല്ലോ ഡെപോസിറ്റുകൾ അല്ലെങ്കിൽ മഞ്ഞ നിറത്തിലെ പാടുകൾ കാണപ്പെടുന്നത് രക്തത്തിലെ അമിതമായ കൊഴുപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്കിൻ ടാഗുകൾ എന്ന് വിളിക്കുന്ന ചർമത്തിലെ ചെറിയ തടിപ്പുകളും ശ്രദ്ധിക്കേണ്ടതാണ്. ഇവ കഴുത്തിലും കൈക്കുഴികളിലും കൺപോളയിലും തുടയിലുമെല്ലാം പ്രത്യക്ഷപ്പെടാം. അതും ഒരു കൂട്ടമായാകും കാണപ്പെടുക. ഇത് ടൈപ്പ് 2 ഡയബറ്റിസുമായി ബന്ധപ്പെട്ടിരിക്കും. ഇത് പ്രമേഹത്തിനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
Content Highlights : Certain skin changes can be early warning signs of diabetes, helping in timely detection and better disease management