എല്ലാ ദിവസവും ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

പച്ചമുളക് കഴിക്കുന്നത് ചർമത്തിന്റെ തിളക്കത്തിന് നല്ലതാണോ?

ഭക്ഷണത്തിൽ എല്ലാത്തരം പച്ചക്കറികളും ഉൾപ്പെടുത്തിയാൽ അത്രയും ഗുണവും ശരീരത്തിനുണ്ടാകുമെന്നാണല്ലോ പറയപ്പെടുന്നത്. ഇത് പച്ചമുളകിന്റെ കാര്യത്തിൽ ശരിയാണോ? ഹോം ഷെഫായ മഞ്ജു മിത്തൽ പറയുന്നത് ഭക്ഷണത്തിൽ ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് മിത്തൽ പറയുന്നത്.

എല്ലാ ദിവസവും ഒരു പച്ചമുളക് വീതം കഴിക്കാമോ എന്നൊരു സംശയം മനസിലുണ്ടാകും അല്ലേ? വിറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പച്ചമുളക് ശരീരത്തിന് നല്ലതാണ്. മെറ്റബോളിസത്തിനെ ഇത് സഹായിക്കും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് മുംബൈ അപ്പോളോ സ്‌പെക്ട്രയിലെ ഡയറ്റീഷ്യനായ ഫൗസിയ അൻസാരി പറയുന്നത്.

പച്ചമുളകിൽ അടങ്ങിയിട്ടുള്ള കാപ്‌സെയ്‌സിന്റെ അളവ് വയറിനുള്ളിൽ പുകച്ചിലുണ്ടാക്കും. മാത്രമല്ല അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നീ അവസ്ഥയ്ക്കും കാരണമാകും. സെൻസിറ്റീവായ സ്റ്റൊമക്ക് ഉള്ളവർ, ആസിഡ് റിഫ്‌ളക്‌സ്, അൾസർ എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നവർ ദിവസേന പച്ചമുളക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഇത്തരക്കാരുടെ അവസ്ഥ കൂടുതൽ മോശമാക്കും. പച്ചമുളകിന്റെ എരിവനെ കുറിച്ച് പ്രത്യേകം വിശദീകരിക്കണ്ടല്ലോ, ഈ എരിവ് വായയിലും തൊണ്ടയിലും നല്ല പുകച്ചിലുണ്ടാക്കും. മുളകിലുള്ള കാപ്‌സെയ്‌സിൻ ഡൈജസ്റ്റീവ് ട്രാക്ടിലെ പെയിൻ റിസപ്‌റ്റേഴ്‌സിനെ പ്രവർത്തന ക്ഷമമാക്കും ഇതോടെ ഭക്ഷണം സഞ്ചരിക്കുന്ന പാതയിൽ തന്നെ പുകച്ചിലുണ്ടാകുകയും ഇതിന്റെ തീവ്രത കൂടുകയും ചെയ്യും.

അതേസമയം പച്ചമുളക് കഴിക്കുന്നത് ചർമത്തിന്റെ തിളക്കത്തിന് നല്ലതാണെന്ന് പറയുന്നത് തെളിവുകളൊന്നുമില്ലെന്നും ഫൗസിയ അൻസാരി പറയുന്നു. ദിവസേന ഒരുപാട് പച്ചമുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ എളുപ്പത്തിലാക്കും. എന്നാൽ വേദനയും വയറിളക്കവും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഫൗസിയ ഓർമിപ്പിക്കുന്നു. പച്ചമുളക്, ചുവന്നമുളക് എന്നിവ ഒഴിവാക്കി, കുറച്ചു കൂടി lighter green variety മുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും അവർ നിർദേശിക്കുന്നുണ്ട്.

Content Highlights: what happens when we include green chillies daily in meals ?

To advertise here,contact us