ദിവസങ്ങളോളം മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന രീതിയെയാണ് ജല ഉപവാസമെന്ന് വിളിക്കുന്നത്. മെറ്റബോളിസത്തെ റീസെറ്റ് ചെയ്യാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തളുന്നതിനൊപ്പം ഭാരം കുറയ്ക്കാനും ഈ രീതി പരീക്ഷിക്കുന്ന പലരുമുണ്ട്. എന്നാൽ ഭക്ഷണം കഴിക്കാതെ കടന്നുപോയ 72 മണിക്കൂറിൽ ശരീരത്തിനുള്ളിൽ എന്താകും സംഭവിക്കുക. ഏഷ്യൻ ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ആൻഡ് ഹെഡ് ഓഫ് ഇന്റേണൽ മെഡിസിൻ പറയുന്നത് ശരീരത്തിന് വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ്. ഇവ ശരീരത്തിന് സമ്മർദം ഉണ്ടാക്കുന്നതും ഗുണമില്ലാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കരളിലെ ഗ്ലൈക്കോജൻ ശേഖരം 24 മണിക്കൂറിനുള്ളിൽ തന്നെ കുറയും ഇതോടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറയും. ഇതിന് പകരം വയ്ക്കാനായി ഗ്ലൂക്കഗോൺ, കോർട്ടിസോൾ, മറ്റ് ഗ്രോത്ത് ഹോർമോണുകൾ എന്നിവയുടെ അളവ് ശരീരത്തിൽ വർധിക്കും. ഇത് കൊഴുപ്പുകൾ വിഘടിക്കാൻ കാരണമാകും. ഫാറ്റ് ടിഷ്യുവിൽ നിന്നും പുറംതള്ളുന്ന ഫ്രീ ഫാറ്റി ആസിഡുകളെ കീറ്റോൺ ബോഡീസായി മാറ്റും. ഇവയാണ് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള ഊർജ്ജം സപ്ലൈ ചെയ്യുന്നത്. ആരോഗ്യമുള്ള ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിന് സ്ഥിരത ചെറിയൊരളവിൽ കൈവരിക്കാൻ കഴിയുമെങ്കിലും ശരീരം മെറ്റബോളിക്ക് സമ്മർദ്ദത്തിലായിരിക്കും. പോഷകകുറവുള്ളവരിലാകും പ്രശ്നം കൂടുതൽ വഷളാകുക.
കുറച്ച് നേരത്തേക്ക് അല്ലെങ്കിൽ ഒരു ദിവസം മാത്രമുള്ള ഉപവാസമാണെങ്കിൽ അവ കൊണ്ട് മാത്രമാണ് ശരീരത്തിന് ലേശമെങ്കിലും ഗുണമുണ്ടാവുകയെന്നാണ് ഡോക്ടർ പറയുന്നത്. അതും താത്കാലികമാണ്. വീണ്ടും നമ്മൾ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോൾ ശരീരം പഴയ പടിതന്നെയാകുമത്രേ. വെള്ളം കുടിച്ച് ഉപവസിക്കുന്നവരെ കാത്തിരിക്കുന്നത് ഹൈപ്പോഗ്ലൈക്കീമിയ, ഡീഹൈട്രേഷൻ, തലകറക്കം, ഇലക്ട്രോലൈറ്റ് ഇംബാലൻസ്, രക്തസമ്മർദം കുറയുക തുടങ്ങിയ അവസ്ഥകളാണ്. മൂന്നു ദിവസത്തോളം ഒരു ആഹാരവും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്നത് ഒട്ടും സുരക്ഷിതവുമല്ലെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഇത്തരം രീതികൾ വൃക്കകൾ, ഹൃദയമിടിപ്പ്, നാഡികളുടെ പ്രവർത്തനം, പേശികളുടെ പ്രവർത്തനം എന്നിവയെല്ലാം താറുമാറാക്കും. തലച്ചോറ് കീറ്റോണിനെ ആശ്രയിക്കുന്നത് തലവേദനയ്ക്കും അസ്വസ്ഥതയ്ക്കും ശ്രദ്ധയില്ലാത്ത അവസ്ഥയിലേക്കും നയിക്കും. പേശികൾ ബലഹീനമാകും.
ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ പേശികളിൽ നിന്നുള്ള അമിനോ ആഡിസുകൾ ഉപയോഗിച്ചാകും ശരീരം ആവശ്യമുള്ള ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുക. അതേസമയം കീറ്റോസിസ് ഈ ആവശ്യം കുറയ്ക്കുമെങ്കിലും പേശികളും ബലഹീനമാകും. ഹൃദയവും ഡയഫ്രവുമൊക്കെ സുരക്ഷിതമായിരിക്കുമെങ്കിലും സ്കെൽറ്റൽ മസിലുകൾക്ക് പ്രശ്നങ്ങളുണ്ടാകും. പ്രമേഹ രോഗികൾ, ഗുരുതരമായ വൃക്കരോഗമുള്ളവർ, ഹൃദ്രോഗികൾ, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവർ, മതിയായ ശരീരഭാരമില്ലാത്തവർ എന്നിവർ നീണ്ടുനിൽക്കുന്ന ഉപവാസം ചെയ്യാൻ പാടില്ലെന്ന് തന്നെ ഡോക്ടർ റാണ മുന്നറിയിപ്പ് നൽകുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായ വ്യക്തികൾ, രക്തസമ്മർദമുള്ളവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണം. വണ്ണം കുറയ്ക്കുന്നതോ മെറ്റബോളിക്ക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർ സുരക്ഷിതമായ മാർഗങ്ങൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളുവെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.
Content Highlights: Water fasting for several days can lead to weight loss, metabolic changes, dehydration, and electrolyte imbalance, and should only be done with medical supervision.