ചില ആളുകള് കുട്ടികളെ കാണുമ്പോള് പറയാറില്ലേ ഇവന് അല്ലെങ്കില് ഇവള് അച്ഛനെപ്പോലെ തന്നെയാണല്ലോ? അതേ കണ്ണ്, ആതേ മൂക്ക്, അതേ ചിരി എന്നൊക്കെ…മാതാപിതാക്കള് രണ്ടുപേരും ഒരു കുഞ്ഞിനെ തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല് ജനിതക മാറ്റങ്ങള് വികസിക്കുന്ന രീതി അനുസരിച്ച് വളര്ച്ചയുടെ ഘട്ടത്തില് മാത്രമേ അച്ഛന്റെ സ്വഭാവങ്ങള് പുറത്തുവരൂ.സാധാരണയായി മാതാപിതാക്കളും മക്കളുമായുള്ള സാമ്യം ചിലരില് നേരത്തെ തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാള് ആദ്യം കാണുന്ന ചെറിയ മാറ്റങ്ങള്ക്കപ്പുറം ചില മാറ്റങ്ങളൊക്കെ പതിയെ സംഭവിക്കുന്നവയാണ്. അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. നേച്ചര് എഡ്യുക്കേഷനില് പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മനുഷ്യനിലെ ചില ജീനുകള് ആദ്യകാലത്ത് നിഷ്ക്രിയമായി കിടക്കുകയും ശാരീരികമായ മാറ്റങ്ങള്, ഹോര്മോണുകളുടെ വ്യത്യാസം എന്നിവയൊക്കെയുണ്ടാകുന്ന ഘട്ടത്തില് ജീനുകള്ക്ക് മാറ്റങ്ങള് വരികയും ചെയ്യുന്നു. അതുകൊണ്ടാണ് ജനന സമയത്ത് പിതാവിനോട് സാമ്യമില്ലാത്ത കുട്ടി കൗമാരത്തില് പിതാവിനെപ്പോലെ തോന്നുന്നത്.
കുഞ്ഞുങ്ങളുടെ മുഖങ്ങള് മൃദുവായതും വൃത്താകൃതിയിലുള്ളവയുമാണ്. കുട്ടികള് വളരുമ്പോള് അസ്ഥികളുടെ ഘടന മുറുകുന്നു. താടിയെല്ലുകള് നീണ്ടുവരുന്നു. ഈ ഘടനാപരമായ സവിശേഷിതകളില് പലതും പിതാവിന്റെ ജീനുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അച്ഛനും മക്കളും പരസ്പരം കൂടുതല് സാമ്യമുളളതായി കാണുന്നത്.
മുടിയുടെ പാരമ്പര്യം വളരെ അപൂര്വ്വമായി മാത്രമേ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നുള്ളൂ. എന്നാല് മുടിയുടെ ഘടന, കനം, രീതി എന്നിവയൊക്കെ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. അതുകൊണ്ടാണ് പ്രായപൂര്ത്തി ആയ ശേഷമോ, ഹോര്മോണ് മാറ്റങ്ങള്ക്ക് ശേഷമോ വളര്ച്ചാ ചക്രങ്ങള് മാറുന്നതുവരെയോ പാരമ്പര്യ ഘടകങ്ങള് മറഞ്ഞിരിക്കുന്നതത്.
ചില കുട്ടികള്ക്ക് അച്ഛന്റെ ശരീരത്തോട് വളരെ സാമ്യമുള്ള ശരീരഘടനയാണുളളത്. പേശികളുടെ വളര്ച്ച, കൊഴുപ്പിന്റെ വിതരണം, ഊര്ജ്ജനില എന്നിവയൊക്കെ പാരമ്പര്യമായി പിന്തുടര്ന്ന് ലഭിക്കും. ഒരു ഘട്ടം കഴിയുമ്പോള് കുട്ടിയുടെ ശരീരഭാരം കൂടുന്നതും കുറയുന്നതും ഒക്കെ ഇതുകൊണ്ടാണ്.
പാരമ്പര്യമയി ലഭിക്കുന്ന പല സ്വഭാവ ഗുണങ്ങളും വളര്ച്ചയുടെ ഒരു ഘട്ടമെത്തുമ്പോഴാണ് പുറത്തുവരുന്നത്. ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉപാപചയ നിരക്ക് ഇവയൊക്കെ പിതാവിന്റെ ജീനുമായി ബന്ധപ്പെട്ട പാരമ്പര്യഗുണങ്ങളില്നിന്നാണ് ലഭിക്കുന്നത്. ഇത് പൂര്ണമായും ശരിയാകണമെന്നില്ല. പക്ഷേ രോഗലക്ഷണങ്ങള് കാണുമ്പോള് ഡോക്ടര്മാര് കുടുംബ പാരമ്പര്യത്തെക്കുറിച്ച് ചോദിക്കുന്നത് ഇതുകൊണ്ടാണ്.
ഒരാളുടെ വ്യക്തിത്വം അയാളുടെ ജീവിതംകൊണ്ടാണ് രൂപപ്പെടുന്നത്.പക്ഷേ സ്വഭാവം പാരമ്പര്യമായും ലഭിക്കുന്നു. കുട്ടികള് ചിലപ്പോള് അവരുടെ പിതാവിന്റെ വൈകാരിക പാറ്റേണുകള് പിന്തുടരുന്നുവെന്നാണ് പഠനം പറയുന്നത്. സമ്മര്ദ്ദം കൈകാര്യം ചെയ്യുന്ന രീതി, ക്ഷമ, ശാന്തത ഇവയൊക്കെ പിതാവിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗര്ഭധാരണ സമയത്ത് പിതാവ് സംഭാവന ചെയ്ത ക്രോമസോമിലൂടെയാണ് ജൈവിക ലൈംഗികത നിര്ണയിക്കപ്പെടുന്നത്.ഇതൊരു ലളിതമായ കാര്യമാണെങ്കിലും അതിന്റെ സ്വാധീനം സാവധാനത്തിലാണ് കണ്ടുവരുന്നത്. ശാരീരിക വികസനം, ഹോര്മോണ് മാറ്റങ്ങള്, ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളര്ച്ചാ രീതികള് എന്നിവയെല്ലാം ജനന സമയത്തേക്കാള് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രത്യക്ഷമാകുന്നത്. ഈ മാറ്റങ്ങള് കൗമാരകാലത്താണ് ഉയര്ന്നുവരുന്നത്.
പിതൃസ്വഭാവത്തിലെ പല സവിശേഷിതകളും സമയത്തെ ആശ്രയിച്ചിരിക്കുന്നു. വളര്ച്ച, ഹോര്മോണിലെ മാറ്റങ്ങള്, പാരിസ്ഥിതികമായ ഘടകങ്ങള് എന്നിവയെല്ലാം പാരമ്പര്യമായി ലഭിക്കുന്ന ജീനുകളെ സ്വാധീനിക്കുന്നു. അതുകൊണ്ടാണ് പ്രായം കൂടുന്നതനുസരിച്ച് പിതാവുമായുള്ള സാമ്യം ശക്തിപ്പെടുന്നത്. കുട്ടികള്ക്ക് അവരുടെ അച്ഛന്റെ എല്ലാ ഗുണങ്ങളും ഒറ്റയടിക്ക് പാരമ്പര്യമായി ലഭിക്കുന്നില്ല. മുഖത്തിന്റെ ഘടന, ആരോഗ്യ കാര്യങ്ങള്, വൈകാരികമായ ചില പാറ്റേണുകള്, മുടിയുടെ ഘടന എന്നിവയെല്ലാം വര്ഷങ്ങള് കഴിയുംതോറും കൂടുതല് വ്യക്തമാകും.
Content Highlights :Children learn about the traits they inherit from their fathers.