ഡയറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുമ്പോള്‍ ഇതൊക്കെ അറിയണം

ഡയറ്റിന്റെ ഭാഗമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ ശരീരത്തിന് ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിനായി പലരും ചെയ്യുന്ന കാര്യമാണ് ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക എന്നത്. എന്നാല്‍ ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുമ്പോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്?. മനുഷ്യ ശരീരത്തിന് എനര്‍ജി നല്‍കുന്ന മൂന്ന് പ്രധാന പോഷകങ്ങളില്‍ ഒന്നാണ് കാര്‍ബോഹൈഡ്രേറ്റ്. മറ്റ് രണ്ട് പ്രോട്ടീനുകളും കൊഴുപ്പുകളാണ്. അതായത് ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഊര്‍ജ്ജ സ്രോതസാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അരി,ചപ്പാത്തി, ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രധാന ഭക്ഷണങ്ങള്‍ മുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍,പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, എന്നിവയിലൊക്കെ കാര്‍ബോഹൈഡ്രേറ്റുകളുണ്ട്. കാര്‍ബോഹൈഡ്രേറ്റുകളാണ് ശരീരത്തിന് പ്രാഥമിക ഊര്‍ജ്ജം നല്‍കുന്നതും, തലച്ചോറിന് ആവശ്യമായ ഇന്ധനം നല്‍കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ജൈവശാസ്ത്രപരമായി ശരീരത്തിന് ആവശ്യമുളള ഘടകങ്ങളാണെന്നര്‍ഥം. ശരീരത്തിലെ ഓരോ അവയവവും , കോശങ്ങളും, കലകളും ഒക്കെ പ്രവര്‍ത്തിക്കാന്‍ ഇവ ആവശ്യമാണ്. അതുകൊണ്ട് ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കിയില്‍ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

ശരീരഭാരം വേഗത്തില്‍ കുറയും

ഒരാള്‍ ഭക്ഷണത്തില്‍നിന്ന് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുമ്പോള്‍ ശരീരം പേശികളിലും കരളിലും സംഭരിച്ചിരിക്കുന്ന 'ഗ്ലൈക്കോജന്‍' ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നു. ഗ്ലൈക്കോജന്‍ ജലത്തെ വിഘടിപ്പിക്കുന്നതുകൊണ്ട് ശരീരത്തിന്റെ ഭാരം വേഗത്തില്‍ കുറയുന്നു.

ശരീരം കൂടുതല്‍ കൊഴുപ്പ് കത്തിക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് കുറവായതിനാല്‍ ശരീരം പ്രധാന ഊര്‍ജ്ജസ്രോതസായി കൊഴുപ്പിനെ ആശ്രയിക്കുന്നു. ഇത് 'കെറ്റോണുകള്‍' ഉത്പാദിപ്പിക്കാനിടയാക്കുന്നു. ' കെറ്റോസിസ്' എന്ന് അവസ്ഥയ്ക്ക് കൊഴുപ്പ് കത്തുന്നത് വര്‍ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കെറ്റോജനിക് ഡയറ്റുകള്‍ കൊഴുപ്പ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ്.

ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പലപ്പോഴും നാരുകളുടെ അളവ് കുറയ്ക്കുകയും മലബന്ധം, വയറ് വീര്‍ക്കല്‍, കുടലിന്റെ ആരോഗ്യം തടസ്സപ്പെടുത്തല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദീര്‍ഘകാലത്തെ കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ് ദഹനാരോഗ്യത്തെ ബാധിക്കുകയും കുടല്‍ ബാക്ടീരിയ നശിക്കാനും കാരണമാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

മാനസികാവസ്ഥയേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു

തലച്ചോറിന്റെ പ്രധാനപ്പെട്ട ഇന്ധനമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. ഗ്ലൂക്കോസ് ലഭ്യത കുറയുമ്പോള്‍ ചില ആളുകള്‍ക്ക് ക്ഷീണം, തലച്ചോറിലെ മങ്ങല്‍, ദേഷ്യം, ശ്രദ്ധക്കുറവ് എന്നിവയൊക്കെ അനുഭപ്പെടുന്നു.ജേണല്‍ ഓഫ് ഫുഡ്, സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഓര്‍മയേയും ശ്രദ്ധയേയും ബാധിക്കുന്നുവെന്നാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ് ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകുന്നു.

ഇവരൊന്നും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കരുത്

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് ചിലര്‍ക്ക് അനുയോജ്യമല്ല. ഇത്തരക്കാര്‍ക്ക് അപകട സാധ്യതകളോ സങ്കീര്‍ണതകളോ നേരിടേണ്ടിവരും.

  • വൃക്ക സംബന്ധമായ പ്രശ്‌നം ഉള്ളവര്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് ഇവര് കാര്‍ബോഹൈഡ്രേറ്റിന്റെ അമിത നിയന്ത്രണം ഒഴിവാക്കണം.
  • കൊഴുപ്പിന്റെ വിനിയോഗത്തിനും കെറ്റോണ്‍ ഉല്‍പ്പാദനത്തിനും കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. കരളില്‍ അമിത സമ്മര്‍ദ്ദം ചെലുത്താന്‍ കാര്‍ബ് നിയന്ത്രണം ഇടയാക്കും.
  • ഉയര്‍ന്ന തീവ്രതയുള്ള കായിക പരിശീലനത്തില്‍ ഏര്‍പ്പെടുന്ന അത്‌ലറ്റുകള്‍ക്ക് പ്രധാന ഇന്ധനം കാര്‍ബോഹൈഡ്രേറ്റാണ്. ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights :When you give up carbohydrate-rich foods, many changes occur in the body.

To advertise here,contact us