ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

മുട്ട പോഷകങ്ങളുടെ കലവറയാണെങ്കിലും ചില ആളുകള്‍ക്ക് മുട്ടയുടെ മഞ്ഞക്കരു അപകടമാണ്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരൊക്കെയാണ് ഒഴിവാക്കേണ്ടത്

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാലും സമ്പന്നവുമാണ്. പക്ഷേ മുട്ടയുടെ മഞ്ഞക്കരു എല്ലാവര്‍ക്കും കഴിക്കാന്‍ അനുയോജ്യമല്ല. ആരൊക്കെയാണ് മുട്ടയുടെ മഞ്ഞക്കരുവിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് എന്നറിയാം.

ഉയര്‍ന്ന കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും ഉളളവര്‍

മുട്ടയുടെ മഞ്ഞക്കരുവില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഒരു മഞ്ഞക്കരുവില്‍ ഏകദേശം 185 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. മിക്ക ആളുകള്‍ക്കും ആവശ്യത്തിന് മുട്ട കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗ ചരിത്രം, കുടുംബപരമായി ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ എന്നിവയുള്ള വ്യക്തികള്‍ക്ക് ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് അധികമായി ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍, ധമനികളില്‍ പ്ലാക്ക് രൂപപ്പെടാന്‍ കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. അതുകൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകള്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശ്രദ്ധാപൂര്‍വ്വം വേണം.

പ്രമേഹമുള്ളവര്‍

ടൈപ്പ് 2 പ്രമേഹരോഗികള്‍ മഞ്ഞക്കരു കഴിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തണം. ഭക്ഷണത്തില്‍നിന്ന് ശരീരത്തിലെത്തുന്ന ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്രമേഹമുള്ളവരില്‍ ഹൃദയ സംബന്ധമായ

പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. പ്രമേഹരോഗികള്‍ മുട്ട കഴിക്കുന്നത് കുറയ്ക്കുകയും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുംവേണം. അതേസമയം മുട്ടയുടെ വെള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഹൃദയാരോഗ്യം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

സന്ധിവാതമുള്ളവര്‍

മുട്ടയുടെ മഞ്ഞയില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരം യൂറിക് ആസിഡായി വിഘടിപ്പിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ്. അധിക യൂറിക് ആസിഡ് സന്ധിവാതത്തിന് കാരണമാകുകയും സന്ധി വേദനയും നീര്‍വീക്കവും ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് മുട്ടയുടെ മഞ്ഞ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മഞ്ഞക്കരു മാത്രമല്ല പ്യൂരിന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും പരിമിതപ്പെടുത്തേണ്ടതാണ്. ചുവന്ന മാംസം, കടല്‍ വിഭവങ്ങള്‍ തുടങ്ങിയവയൊക്കെ ജലാംശം നിലനിര്‍ത്തുന്നതും പ്യൂരിന്റെ അളവ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ്. അത്തരം വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മുട്ട അലര്‍ജി ഉള്ളവര്‍

മുട്ട അലര്‍ജി സാധാരണമാണ്, പ്രത്യേകിച്ച് കുട്ടികളില്‍. മുട്ടയുടെ വെള്ളയാണ് സാധാരണ അലര്‍ജി ഉണ്ടാക്കുന്നതെങ്കിലും ചിലര്‍ക്ക് മഞ്ഞയും അലര്‍ജിയുണ്ടാക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ശരീരത്തില്‍ തടിച്ച് പൊങ്ങുക, അനാഫെലക്‌സിസ് തുടങ്ങിയവയാണ് ഗുരുതരമായ അലര്‍ജികള്‍. അലര്‍ജി ഉണ്ടെന്ന് കണ്ടെത്തിയാല്‍ അവ പൂര്‍ണമായും ഒഴിവാക്കണം.

ചില മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകള്‍ അല്ലെങ്കില്‍ രക്തം നേര്‍പ്പിക്കുന്ന പ്രത്യേകതരം മരുന്നുകള്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, ഇവര്‍ക്കെല്ലാം ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണക്രമം ആവശ്യമാണ്. മുട്ട കഴിക്കുന്നത് മരുന്നുകളുടെ ഫലത്തെ തടസ്സപ്പെടുത്തുകയോ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതാണ്.

മുട്ടയുടെ മഞ്ഞക്കരു പലര്‍ക്കും ഗുണകരമാണെങ്കിലും മേല്‍പറഞ്ഞതില്‍പ്പെടുന്ന ആളുകള്‍ ജാഗ്രത പാലിക്കുകയും ആവശ്യമെങ്കില്‍ ഭക്ഷണക്രമം പാലിക്കാന്‍ ആരോഗ്യവിദഗ്ധനെ സമീപിക്കുകയും ചെയ്യാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കാന്‍ മാത്രമുള്ളതാണ്. ആരോഗ്യകാര്യങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Egg yolks are dangerous for some people. Know who should avoid eating egg yolks.

To advertise here,contact us