മണിക്കൂറുകളോളം ഭക്ഷണം കഴിക്കും,അമിത വിശപ്പ്;നടി ഫാത്തിമ സന ഷെയ്ഖിനെ ബാധിച്ച 'ബുളീമിയ' രോഗത്തെക്കുറിച്ച് അറിയാം

ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്

അമീര്‍ഖാന്‍ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. തനിക്ക് ബുളീമിയ എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാത്തിമ. മുന്‍പും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ തുറന്നുപറച്ചില്‍ നടത്തിയിട്ടുണ്ട്. തനിക്ക് അപസ്മാരം ഉണ്ടെന്നും ആ പ്രശ്‌നംകൊണ്ട് പലപ്പോഴും ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഫാത്തിമ സന പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് ബുളീമിയ എന്ന ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടെന്ന് പറയുകയാണ് താരം.

അരങ്ങേറ്റ ചിത്രമായ ദംഗലിന് ശേഷമാണ് ഫാത്തിമ സന ബുളീമിയയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ചിത്രം ഹിറ്റാവുകയും ഫാത്തിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തുവെങ്കിലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവര്‍ ഇക്കാലയളവില്‍ നേരിട്ടത്. ദംഗലിന് വേണ്ടി ഫാത്തിമ സനയ്ക്ക് ഭാരം കൂട്ടേണ്ടിവന്നിരുന്നു. തന്റെ അവസ്ഥയെക്കുറിച്ച് ഫാത്തിമ സന പറയുന്നത് ഇങ്ങനെയാണ്.

' എനിക്ക് ശരീരവുമായി ലവ്-ഹേറ്റ് ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ ഇമേജിനോട് എനിക്ക് അഡിക്ഷനായിരുന്നു. ഭക്ഷണവുമായി ടോക്‌സിക് റിലേഷനാണ് എനിക്ക് ഉണ്ടായിരുന്നത്. ദംഗലിന്റെ സമയത്ത് ധാരാളം വണ്ണം വച്ചിരുന്നു. ഒരു ഗോള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്തും ചെയ്യും. ദിവസവും മൂന്ന് മണിക്കൂര്‍ ട്രെയിനിംഗ് ചെയ്തു. 2500- 3000 കലോറി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിച്ചു. സിനിമ കഴിഞ്ഞ് ട്രെയിനിംഗ് നിര്‍ത്തിയെങ്കിലും അമിത ഭക്ഷണം കഴിക്കുന്നത് ഒരു ശീലമായി മാറിയിരുന്നു.ഭക്ഷണം എനിക്ക് കംഫര്‍ട്ട്‌സോണായി മാറി. മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും. സ്വയം നിയന്ത്രണമില്ലാത്ത എന്നെ ഞാന്‍ വെറുത്തു. പിന്നീട് പട്ടിണി കിടന്നു. ഒരു ഘട്ടത്തില്‍ വീട്ടില്‍നിന്ന് പുറത്ത് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി. എനിക്ക് എപ്പോഴും വിശപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ബോധവതിയാണ്. അനാരോഗ്യകരമയ ആ റിലേഷന്‍ഷിപ്പ് ഞാന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്' ഫാത്തിമ സന പറഞ്ഞു.

എന്താണ് ബുളീമിയ രോഗം

ബുളീമിയ രോഗമുള്ളവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. അവര്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കും. ഒറ്റയിരിപ്പില്‍ വലിയ അളവിലായിരിക്കും ഇവര്‍ ഭക്ഷണം കഴിക്കുന്നത്. രോഗമുള്ളവര്‍ക്ക് പലപ്പോഴും കുറ്റബോധവും ലജ്ജയും തോന്നാറുണ്ട്. അങ്ങനെ വരുമ്പോള്‍ അവര്‍ അമിത ഭക്ഷണം അനാരോഗ്യകരമായ രീതിയില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് ഛര്‍ദ്ദിക്കുകയോ മറ്റോ ചെയ്തുകൊണ്ട്. ബുളീമിയ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയോ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയേയും ബാധിക്കുന്ന സങ്കീര്‍ണമായ രോഗമാണ്.

ബുളീമിയയുടെ ലക്ഷണങ്ങളും സങ്കീര്‍ണതകളും

  • ശരീരഭാരം കൂടുമോ എന്ന ഭയത്താല്‍ ജീവിക്കുകയും അനാരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
  • ഒറ്റയിരിപ്പില്‍ത്തന്നെ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുക.
  • ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സ്വയം തോന്നുക.
  • അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം ശരീരഭാരം കൂടാതിരിക്കാന്‍ മനഃപൂര്‍വ്വം ഛര്‍ദ്ദിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യുക.
  • ഭക്ഷണം വേണ്ടെന്നുവച്ചുകൊണ്ട് ഉപവാസമെടുക്കുക, കലോറി പരിമിതപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.
  • ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുക.
  • ശരീരഘടനയിലും ഭാരത്തിലും തൃപ്തരല്ലാതിരിക്കുക.
  • മാനസികാവസ്ഥയില്‍ പല മാറ്റങ്ങള്‍ അനുഭവപ്പെടുക.

പ്രതിവിധിയും ചികിത്സയും

ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുകയോ വേണ്ട ചികിത്സ തേടുകയോ ചെയ്യുക. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, മലബന്ധം, അസിഡിറ്റി, രൂപഭംഗി കുറഞ്ഞോ എന്ന പ്രശ്‌നങ്ങള്‍,വിഷാദം, ഉത്കണ്ഠ, ആത്മഹത്യ ചിന്തകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.വേണ്ടപ്പെട്ട ആരോടെങ്കിലും തുറന്ന് സംസാരിക്കുക. വേണമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാവുന്നതാണ്. സഹായം ലഭിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇവരെക്കൊണ്ട് സാധിക്കും.

Content Highlights :We know about the 'bulimia' disease that affected actress Fatima Sana Sheikh

To advertise here,contact us