ടെൻഷനടിക്കുന്നത് മനസിനെ മാത്രമല്ല, ശരീരത്തെയും ദോഷകരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയാം. സമ്മർദം കാൻസറിന് കാരണമാകുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. സ്ട്രെസും കാൻസറും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരികയാണ്.
മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മറ്റ് ചില പഠനങ്ങളിൽ നിന്നും സ്ട്രെസ് ഹോർമോണുകൾ കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷെ മനുഷ്യരിൽ സമ്മർദം കാൻസറിന് നേരിട്ട് കാരണമാകുന്നതായി സംശയലേശമന്യേ കണ്ടെത്താനായിട്ടില്ല എന്നാണ് ഓങ്കോളിജിസ്റ്റായ ഡോ. സാദ്വിക് രഘുറാം വ്യക്തമാക്കുന്നത്.
തുടർച്ചയായി സമ്മർദത്തിലാകുന്നത് കാൻസറിലേക്ക് നയിച്ചേക്കാം എന്നുള്ള ചില പഠനങ്ങൾ ഉണ്ടെങ്കിലും മറ്റ് ഭൂരിഭാഗം പഠനങ്ങളിലും സ്ട്രെസും കാൻസറും തമ്മിലും നേരിട്ട് ഒരു ബന്ധവുമില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പക്ഷെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലും ലാബ് ടെസ്റ്റുകളിലും സ്ട്രെസ് ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കുന്നതായും ഡിഎൻഎയിൽ വരെ മാറ്റങ്ങൾ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ സമാനമായ ഫലം കണ്ടില്ലെങ്കിലും നിരന്തരം സമ്മർദത്തിലാക്കുന്നത് ശാരീരികാരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നതിൽ തർക്കമില്ലെന്ന് ഡോ. സാദ് വിക് പറയുന്നു.
'ആരോഗ്യപൂർണമായ ജീവിതരീതിയും കൃത്യസമയങ്ങളിലെ മെഡിക്കൽ ചെക്ക് അപ്പുകളും മാനസികാരോഗ്യവും എല്ലാത്തരം അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കും. സമ്മർദം കാൻസർ ഉണ്ടാക്കുമോ എന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ടതില്ല. പക്ഷെ നിങ്ങൾ നിരന്തരമായി സമ്മർദത്തിലാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്താനും മനസിലാക്കാനും സാധ്യമായ പരിഹാരങ്ങൾ ചെയ്യാനും ശ്രമിക്കണം. ജീവിതം നല്ല രീതിയിൽ ജീവിക്കാൻ അത് ആവശ്യമാണ്,' ഡോ. സാദ്വിക് പറയുന്നു.
Content Highlights: Connection between cancer and tension