നിങ്ങളുടെ കാലുകളും പാദങ്ങളും പറയും നിങ്ങളെത്ര ആരോഗ്യവാനാണെന്ന്! ഡോക്ടർ പറയുന്നതറിയാം

പലരും ഇത്തരം മുന്നറിയിപ്പുകളെ ക്ഷീണം അല്ലെങ്കിൽ പ്രായമാകുന്നത് മൂലമുള്ള പ്രശ്‌നങ്ങളാണെന്ന് കരുതി തള്ളിക്കളയും

ഒരു മുന്നറിയിപ്പും കൂടാതെയാണ് പല രോഗങ്ങളും നമ്മളെ തേടി എത്തുന്നത്. ശരീരം ഇതിന്റെ ചില ലക്ഷണങ്ങൾ നമുക്ക് കാട്ടി തരുമ്പോഴും അത് വകവയ്ക്കാതെ മുന്നോട്ട് പോകുമ്പോഴാണ് കാര്യങ്ങൾ ഗുരുതരമാകുന്നത്. ഇവ മനസിലാക്കി മുന്നേ തന്നെ പ്രവർത്തിക്കുക എന്നതാണ് രോഗങ്ങൾ അത്യാസന്ന നിലയിലേക്ക് എത്തുന്നത് തടയാനുള്ള മാർഗം. ഹൃദയം, വൃക്ക, രക്തചക്രമണവുമായുള്ള പ്രശ്‌നങ്ങൾ എന്നിവയുടെ ആദ്യ ലക്ഷ്യങ്ങൾ കാട്ടുന്നത് നമ്മുടെ ശരീരത്തിന് താഴെയുള്ള ഭാഗങ്ങളാണെന്നാണ് ഡോ കുനാൽ സൂദ് പറയുന്നത്. പ്രത്യേകിച്ച് കാലുകളിലും പാദങ്ങളിലും. പക്ഷേ പലരും ഇത്തരം മുന്നറിയിപ്പുകളെ ക്ഷീണം അല്ലെങ്കിൽ പ്രായമാകുന്നത് മൂലമുള്ള പ്രശ്‌നങ്ങളാണെന്ന് കരുതി തള്ളിക്കളയും. എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധ കൊടുത്താൽ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും.

വെരിക്കോസ് വെയിൻ രോഗത്തിന്റെ ലക്ഷണങ്ങളാണ് അതിലൊന്ന്. പുറത്ത് കാണാവുന്ന തരത്തിൽ വളഞ്ഞും പുളഞ്ഞുമുള്ള രീതിയിൽ കാലിലെ ഞരമ്പുകൾ കാണപ്പെടും. ഇത് ശ്രദ്ധിക്കാതെ പോയാൽ കാര്യം ഗുരുതരമാകും. കണങ്കാലിൽ ഉണ്ടാകുന്ന വീക്കമാണ് മറ്റൊന്ന്. ഹൃദയം, വൃക്ക, കരൾ ചിലസമയങ്ങളിൽ ഗർഭം എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം മാറ്റം കാലിലുണ്ടാവാം. ഞരമ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നം ഉണ്ടെങ്കിൽ രക്തയോട്ടം കുറയും ഞരമ്പുകളിലെ സമ്മർദം വർധിക്കും. ഇത് വീക്കം കൂടുതൽ പ്രശ്‌നമുള്ളതാക്കും. നിൽക്കാനും ഇരിക്കാനും കഴിയാത്ത ബുദ്ധിമുട്ട് ഉണ്ടാവും. വിശ്രമം എടുത്തിട്ടും വീക്കം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണാം.

നടക്കുമ്പോൾ കാലുകളിലെ വേദനയും തണുപ്പ് അനുഭവപ്പെടുന്നതും പലരും നിസാരമാക്കാറുണ്ട്. ധമനികൾ ചുരുങ്ങുന്നതും രക്തയോട്ടം മതിയായി നടക്കാത്തതുമാവാം ഇതിന് കാരണം. ഇതുമൂലം കാൽ വിളറിവെളുത്ത പോലെ തോന്നാം. നടക്കുമ്പോൾ ഉണ്ടാകുന്ന വേദന, കോച്ചിപ്പിടുത്തമൊക്കെ ശ്രദ്ധിക്കേണ്ടതാണ്. പൾമോണറി ആർട്ടീരിയൽ ഡിസീസ് കൂടുതൽ അപകടകരമാകുമ്പോഴാകാം ചിലപ്പോൾ കാലുകളിലും വിരലുകളിലും കണങ്കാലിലുമെല്ലാം ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവുന്നത്. രക്തയോട്ടം നടക്കാത്തത് മൂലം കോശങ്ങളിൽ ഓക്‌സിജൻ ലഭ്യത കുറയും. ഇതോടെ അണുബാധ ഉണ്ടാവാൻ ഇടയുണ്ട്.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)Content Highlights: Your legs and feet can reveal more about your health

To advertise here,contact us