രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്ത്തുക എന്നത് ആരോഗ്യ പരിപാലനത്തിലെ പ്രധാനപ്പെട്ട ഒരു കൺസേണാണ്. പലരും ഇത് നിയന്ത്രിക്കുന്നതില് പരാജയപ്പെടാറുണ്ട്. പ്രത്യേകിച്ച് പ്രമേഹ രോഗികള്, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് സാധിക്കാതെ വരുമ്പോള് ശരീരഭാരം വര്ദ്ധിക്കല്, ക്ഷീണം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതകള് വര്ദ്ധിക്കും. ഇതിൻ്റെ നിയന്ത്രണത്തിനായി നിരവധി ഓപ്ഷനുകള് പലരും നിര്ദേശിക്കാറുണ്ടെങ്കിലും പലതും ഫലം കണ്ടെന്ന് വരില്ല. എന്നാല് അമേരിക്കൻ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് നടത്തിയ ഗവേഷണ പ്രകാരം പഞ്ചസാര നിയന്ത്രിക്കാന് ഇനി പറയാന് പോകുന്ന ചില പാനീയങ്ങള്ക്ക് കഴിഞ്ഞേക്കും.
കയ്പ്പക്ക അഥവാ പാവയ്ക്ക ഇന്ത്യയില് പലരും പഞ്ചസാര കുറയ്ക്കാനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. ആരോഗ്യ വിദഗ്ധര് പ്രമേഹ രോഗമുള്ള പലര്ക്കും ഇതിന്റെ ജ്യൂസ് ഷുഗര് നിയന്ത്രിക്കാന് നിര്ദേശിക്കാറുണ്ട്. ഇതില് പോളിപെപ്പ്റ്റൈഡ്- പി, ചാരന്റീന് തുടങ്ങിയ സംയുക്തങ്ങള് അടങ്ങിയിട്ടുണ്ട്. ഇത് ഇന്സുലിന് പോലെ പ്രവര്ത്തിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് കൂടുതല് കാര്യക്ഷമമായി ഉപയോഗിക്കാന് സാധിക്കുകയും ചെയ്യും. പാവയ്ക്ക ജ്യൂസാക്കുമ്പോള് കുറച്ച് നാരങ്ങാ നീരോ ഉപ്പോ സ്വാദിനായി ചേര്ക്കാം. ഷുഗര് ലെവല് പെട്ടെന്ന് താഴെ പോകാതെ ഇരിക്കാന് ചെറിയ അളവില് കുടിച്ച് തുടങ്ങുക.
ഉലുവ വെള്ളവും നിങ്ങള്ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന് ഉപയോഗിക്കാവുന്ന ഒരു പാനീയമാണ്. ഇതില് ഹൈഡ്രോക്സിസോലൂസിന് എന്ന പദാര്ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ രക്തത്തിലെ ആഗിരണം മന്ദഗതിയിലാക്കും. ഇതിനായി ഒന്നോ രണ്ടോ ടേബിള് സ്പൂണ് ഉലുവ കഴുകി ഒരു കപ്പ് വെള്ളത്തില് രാത്രി മുഴുവന് കുതിര്ക്കുക. ശേഷം രാവിലെ അരിച്ച ശേഷം വെള്ളം കുടിക്കുക.
കറുവപ്പട്ടയിട്ട ചായ പഞ്ചസാര നിയന്ത്രിക്കുന്നതിന് പറ്റിയ ഒരു മികച്ച സ്റ്റെബിലൈസര് ആണ്. ഇതില് ഉള്പ്പെടുന്ന സിന്നമാല്ഡിഹൈഡിന് ഇന്സുലിന്റെ പ്രവര്ത്തനത്തിന് സമാനമാണ്. ഇത് ഗ്ലൂക്കോസിന്റെ നിയന്ത്രിക്കുന്നു. തിളച്ച വെള്ളത്തില് ഒന്നോ രണ്ടോ കറുവപ്പട്ടയിട്ട ശേഷം തിളപ്പിച്ച അരിച്ചെടുത്ത് ഭക്ഷണത്തിന് ശേഷം കുടിക്കാം.
ചെമ്പരത്തി പൂവിന്റെ ഉണങ്ങിയ ഇതള് വെച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. ഒരു കപ്പ് വെള്ളത്തില് ഉണങ്ങിയ റോസാ ദളങ്ങളിട്ട് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക, ശേഷം വേണമെങ്കില് തേന് ചേര്ത്ത് കുടിക്കാം. ഇതില് ആന്തോസയാനിനുകള് പോലുള്ള ആന്റീഓക്സിഡന്റുകള് അടങ്ങുന്നു. ഇത് സമ്മര്ദ്ദവും വീക്കവും കുറയ്ക്കാന് സഹായിക്കും.
കറ്റാര് വാഴ നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ്. മുടി,നഖം, ചര്മ്മം എന്നിവയുടെ ആരോഗ്യത്തിന് പേരുകേട്ട കറ്റാര്വാഴയ്ക്ക് പ്രമേഹം നിയന്ത്രിക്കാനും സാധിക്കും. ഗ്ലൂക്കോസ് നിയന്ത്രണത്തെ പിന്തുണയ്ക്കുന്ന കറ്റാര്വാഴയ്ക്ക് ഉപാപചയ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റീഓക്സിഡന്റുകളുമുണ്ട്. ജ്യൂസ് തയ്യാറാക്കാനായി കറ്റാര് വാഴ ഇലയില് നിന്ന് ഒന്നോ രണ്ടോ സ്പൂണ് ജെല് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില് ലയിപ്പിച്ച് നന്നായി ഇളക്കുക ശേഷം രാവിലെ വെറും വയറ്റില് കുടിച്ചാല് നല്ല മാറ്റങ്ങള് ശരീരത്തിന് വന്നേക്കാം.
മുന്നറിയിപ്പ്: ഈ ജ്യൂസുകളോ ഇതില് അടങ്ങിയിട്ടുള്ള വസ്തുകളോ നിങ്ങള്ക്ക് ഏതെങ്കിലും തരത്തില് അലര്ജിക്ക് കാരണമാവുന്നവയാണെങ്കില് ഇത് ഡയറ്റില് ഉള്പ്പെടുത്താതെ ഇരിക്കുക. ഇതുകൂടാതെ പ്രമേഹ രോഗമുള്ളവര് പാവയ്ക്ക കഴിക്കുമ്പോള് ശ്രദ്ധിക്കുക. നിങ്ങള് പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവരാണെങ്കില് പാവയ്ക്ക കഴിക്കുന്നതിലൂടെ ഷുഗര് പെട്ടെന്ന് താഴെ പോയേക്കാം. കറ്റാര്വാഴ ചില സമയങ്ങളില് ദഹനപ്രശ്നങ്ങള്ക്കും വഴിവെച്ചേക്കാം. അതിനാല് ആരോഗ്യ വിദഗ്ധരുടെ നിര്ദ്ദേശത്തോടെ മാത്രം ഇവ ഡയറ്റില് ഉള്പ്പെടുത്തുക.
Content Highlights- Researchers have discovered five amazing drinks that can lower blood sugar