
ജിമ്മില് പോകുന്ന 27 വയസുകാരനായ ഒരാള്. നല്ല ആരോഗ്യവാനെന്ന തന്നെ കാണുന്നവര്ക്കെല്ലാം തോന്നും. പക്ഷെ ഒരു ദിവസം വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ അയാളുടെ വലതുകണ്ണിലെ കാഴ്ചശക്തി നഷ്ടപ്പെട്ടു. വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നിയില്ല. ഇടതുകണ്ണിന് ഒരു പ്രശ്നവുമില്ല. പക്ഷെ വലതുകണ്ണുകൊണ്ട് ഒന്നും കാണാനാകാത്ത അവസ്ഥ. കേള്ക്കുമ്പോള് വിചിത്രമെന്ന് തോന്നുന്ന ഈ രോഗാവസ്ഥയെ കുറിച്ച് ഒരു ഡോക്ടര് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നത്.
ഡെഡ്ലിഫ്റ്റ് ചെയ്യുന്നതിനിടെ ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടപ്പെട്ട് എത്തിയ യുവാവിനെ കുറിച്ച് 'യുവര് റെറ്റിന ഡോക്ടര്' എന്ന ഇന്സ്റ്റഗ്രാം പേജിലൂടെയാണ് ഡോ.ആശിഷ് മാര്ക്കന് പങ്കുവെച്ചിരിക്കുന്നത്. പരിശോധനകള് നടത്തിയ ശേഷമാണ് യുവാവിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനായത്.
യുവാവിന്റെ കണ്ണിലെ റെറ്റിനയിലും വിട്രിയസ് എന്ന് അറിയപ്പെടുന്ന ഉള്ഭാഗത്തും രക്തസ്രാവമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതാണ് കാഴ്ചശക്തി പെട്ടെന്ന് നഷ്ടപ്പെടാന് കാരണമായത്. വല്സല്വ റെറ്റിനോപതി എന്ന അവസ്ഥയാണ് ഇവിടെ സംഭവിച്ചത്.
ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെ വയറിലും നെഞ്ചിലും പെട്ടെന്ന് സമ്മര്ദമുണ്ടാവുകയും ഇത് ഞരമ്പുകളിലേക്ക് പടരുകയുമാണ് ഉണ്ടായത്. ഇവ കഴുത്തിലേക്കും തലയിലേക്കും വ്യാപിച്ചു. ഈ ഭാഗത്തെ ഞരമ്പുകള് കണ്ണുമായി ഏറെ ബന്ധപ്പെട്ട് നില്ക്കുന്നതിനാല് അവയുടെ രക്തക്കുഴലുകളെയും അതിവേഗം ബാധിച്ചു. ഇങ്ങനെയാണ് കണ്ണിനുള്ളിലെ രക്തക്കുഴലുകള് പൊട്ടി രക്തസ്രാവം ഉണ്ടാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തത്.
വിവിധ കാരണങ്ങള് കൊണ്ട് വല്സാല്വ റെറ്റിനോപതി സംഭവിക്കാം. കടുത്ത ചുമ,വലിയ ഭാരമുള്ള വസ്തുക്കള് ഉയര്ത്തുന്നത്, ഛര്ദി, മലബന്ധം, െൈലംഗിക ബന്ധത്തില് ഏര്പ്പെടുന്നത് തുടങ്ങി ശരീരത്തിന്റെ സമ്മര്ദം വര്ധിക്കുന്ന തരത്തിലുള്ള ഏത് പ്രവര്ത്തനവും അനിയന്ത്രിതമായാല് അത് രക്തസമ്മര്ദം ഉയര്ത്തുകയും കണ്ണുകളിലെ രക്തക്കുഴലുകള് പൊട്ടുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാവുകയും ചെയ്തേക്കാം. അതുകൊണ്ട് ശ്രദ്ധ പുലര്ത്തണം.
എന്നാല് ഇത്തരം അവസ്ഥകളില് എക്കാലത്തേക്കുമായി കാഴ്ച നഷ്ടപ്പെടുന്ന സന്ദര്ഭങ്ങള് താരതമ്യേന കുറവാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിച്ചാല് കാഴ്ചശക്തി തിരിച്ചുവരും. വൈഎജി ലേസര് ഹൈലോയ്ഡോട്ടോമി ഇതിന് സഹായിക്കുന്ന ചികിത്സയാണ്. എന്നാല് ഈ യുവാവിന്റെ കാര്യത്തില് അത്തരം രീതികള്ക്ക് നില്ക്കാതെ ശരീരത്തിന് സ്വയം തന്നെ മുറിവുകള് ഉണക്കാന് സമയം നല്കുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം യുവാവിന്റെ കാഴ്ച പൂര്ണമായി തിരിച്ചുകിട്ടി. ഈ സമയങ്ങളില് കണ്ണുകള് വിശ്രമം നല്കുകയും വലിയ ഭാരമുള്ള വ്യായാമങ്ങള് ചെയ്യാതിരിക്കുകയുമാണ് ചെയ്തത്.
Content Highlights: 27 year old man lose eyesight on one eye during weight lifting in Gym