എന്തുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് മുന്പ് ഭക്ഷണം കഴിക്കരുത് എന്ന് ഡോക്ടര്മാര് പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വലിയ അളവില് കഴിക്കാതിരുന്നാല് പോരേ ഒരു ചായയോ, കശുവണ്ടിപ്പരിപ്പോ കഴിച്ചാല് എന്താണ് കുഴപ്പമെന്നാണോ ചിന്ത. എന്നാല് അങ്ങനെയല്ല മേജര് സര്ജറിയാണെങ്കിലും മൈനര് സര്ജറിയാണെങ്കിലും ശസ്ത്രക്രിയയ്ക്ക് 8-12 മണിക്കൂറുകള് മുന്പ് ഭക്ഷണം കഴിക്കരുത് എന്നാണ് ആശുപത്രി അധികൃതര് രോഗികള്ക്ക് നിര്ദേശം നല്കാറുള്ളത്. ചില സന്ദര്ഭങ്ങളില് വെള്ളം കുടിക്കുന്നതിന് അനുവാദം നല്കാറുണ്ട്. പക്ഷെ അപ്പോഴും നേരത്തേ പറഞ്ഞ പോലെ കശുവണ്ടിപ്പരിപ്പാണെങ്കില് പോലും ഖര ഭക്ഷണപദാര്ഥങ്ങള് കഴിക്കാന് അനുവദിക്കാറില്ല.
എന്തുകൊണ്ട് ഇങ്ങനെ ഒരു നിയമം?
പലരും കരുതുന്നത് പോലെ ഇതൊരു മെഡിക്കല് നിയമം മാത്രമല്ല. ശസ്ത്രക്രിയക്കിടയില് രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നടപടി കൂടിയാണ്. ശസ്ത്രക്രിയയ്ക്ക് മുന്പുള്ള ഏറ്റവും പ്രധാനപ്പെട്ട നിര്ദേശങ്ങളില് ഒന്നായ ഇതിനെ എന്പിഒ അഥവാ നതിങ് ബൈ മൗത്ത് എന്നാണ് പറയുന്നത്.
ശസ്ത്രക്രിയയ്ക്ക് മുന്പായി അനസ്തേഷ്യ ലഭിക്കുന്നതോടെ ശരീരത്തിന്റെ സ്വാഭാവികമായ റിഫ്ളക്സുകള് താത്ക്കാലികമായി നില്ക്കും. നിങ്ങളുടെ വയറ്റില് ഭക്ഷണമോ, ദ്രാവകമോ ഉണ്ടെങ്കില് അതിനാല് അബദ്ധത്തില് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് ശ്വാസംമുട്ടലിലേക്കും ആസ്പിരേഷന് ന്യൂമോണിയയിലേക്കും നയിക്കുന്നു. ഇത് ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണമാകും. വയറ്റില് ഒന്നുമില്ലെങ്കില് അനസ്തേഷ്യ നല്കുമ്പോള് കൂടുതല് സുരക്ഷിതമായിരിക്കും, അത് ശസ്ത്രക്രിയ സുഗമമാക്കുകയും ചെയ്യും.ഡോ. അമിത് സറഫ് പറയുന്നു.
മേജര് ശസ്ത്രക്രിയയ്ക്ക് മാത്രമാണോ ഇത് ബാധകം
അനസ്തേഷ്യ സാധാരണയായി വിഴുങ്ങുക ചുമയ്ക്കുക തുടങ്ങിയ റിഫ്ളക്സുകളെ തടസ്സപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് മുന്പായി വായിലൂടെ ഒന്നും വേണ്ടെന്ന നിര്ദേശം മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് അനുസരിച്ച് ഉപവസിക്കേണ്ട മണിക്കൂറുകളില് വ്യത്യാസം ഉണ്ടാകും എന്നല്ലാതെ കഴിച്ചിട്ട് ശസ്ത്രക്രിയ ചെയ്യാന് ഡോക്ടര്മാര് അനുവദിക്കാറില്ല.
ശസ്ത്രക്രിയയ്ക്ക് എട്ടുമണിക്കൂര് മുന്പ് ഉപവാസം തുടങ്ങണംഎന്ന നിര്ദേശം പാലിക്കപ്പെടുമ്പോള് ശരീരത്തിന് ആമാശയം ക്ലീനാക്കുള്ള സമയം ലഭിക്കും. ഇത് നടപടിക്കിടയില് മറ്റു പ്രശ്നങ്ങള് ശരീരത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. അതുപോലെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഛര്ദിക്കുകയോ ഓക്കാനിക്കുകയോ ഉണ്ടാകാനുള്ള സാധ്യതയും കുറയും. ധൈര്യപൂര്വം അനസ്തേഷ്യ നല്കാനാവും.
ഒരു ചായ കുടിക്കുന്നതിലോ, സ്നാക്ക് കഴിക്കുന്നതിലോ കുഴപ്പമില്ലെന്ന് കരുതരുത്. അത് റിസ്ക് വര്ധിപ്പിക്കാനാണ് സാധ്യത. അഥവാ കഴിച്ചുപോയാല് ഡോക്ടര്മാരോട് സത്യം തുറന്നുപറയാനെങ്കിലും ശ്രമിക്കണം.
Content Highlights: The Importance of Pre-Surgery Fasting: Ensuring Patient Safety