ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ ആയുർദൈർഘ്യം കൂടുതലാണ്. ഇതിന് പിന്നിലെ കാരണമെന്താണ് എന്നതിൽ വ്യക്തമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെവല്യൂഷണറി ആന്ത്രപോളജിയിൽ നടന്ന പഠനത്തിൽ മനുഷ്യരിൽ മാത്രമല്ല സസ്തികളുടെ വർഗത്തിൽപ്പെട്ട ഭൂരിപക്ഷം ജീവികളിലും പെൺവർഗത്തിനാണ് ആയുസ് കൂടുതലെന്ന് വ്യക്തമായിരിക്കുന്നത്. സയൻസ് അഡ്വാൻസസ് എന്ന ജേർണലിലാണ് ഇതേകുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
528 സസ്തിനി വർഗങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പെൺവർഗത്തിന് ആൺവർഗത്തെക്കാൾ ഏകദേശം 13 ശതമാനത്തോളം ആയുർദൈർഘ്യം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.. ദശലക്ഷണകണക്കിന് വർഷം മുമ്പ് പരിണാമം സംഭവിച്ച കാലവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പഠനം നടത്തിയ ഫെർണാണ്ടോ കോൾഷെറോ പറയുന്നത്. സ്ത്രീകളുടെ ശരീരത്തിൽ രണ്ട് X ക്രോമസോമുകളാണ് ഉള്ളത്. ഇതാണ് വിനാശകരമായ മ്യൂട്ടേഷൻസ് സംഭവിക്കാതിരിക്കാൻ സ്ത്രീകളെ സഹായിക്കുന്നത്. എന്നാൽ പുരുഷന്മാരിൽ X, Y ക്രോമസോമുകളാണുള്ളത്. സ്ത്രീകളിലെ ഈ പ്രത്യേകത അവരെ പല ജനിതകമായ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇത് നിലനിൽപ്പിനെ ഏറെ സഹായിക്കുകയും ചെയ്യും.
ജനിതകമായ കാരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ ജീവിതരീതിയാണ് അവരുടെ ആയുർദൈർഘ്യം കുറയാൻ പ്രധാനകാരണങ്ങളിലൊന്ന്. പുരുഷന്മാരിൽ പുകവലി, മദ്യപാനം, മരണം സംഭവിക്കാൻ കാരണമാകുന്ന മറ്റ് സ്വഭാവങ്ങൾ എന്നിവ കൂടുതലായിരിക്കും. കൊലപാതകം, ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം, മദ്യപാനം എന്നിവമൂലം മരിക്കാനിടയാവുന്നതിൽ കൂടുതലും പുരുഷന്മാരാണെന്ന് ഹാർവാർഡ് പബ്ലിക്ക് ഹെൽത്ത് വിദഗ്ധനായ അലൻ ഗല്ലറും പറയുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ഇവർ പിന്നിലായിരിക്കും.
സസ്തിനികളിൽ ആരാണോ അവരുടെ അടുത്ത തലമുറയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് അവർക്കും ആയുർദൈർഘ്യം കൂടുതലായിരിക്കും. ഇത് മനുഷ്യർക്കും ബാധകമാണ്. സാധാരണ മക്കളുമായി അടുത്ത ബന്ധം അമ്മമാർക്കാണ്. ഇത്തരം വൈകാരികമായ അടുപ്പവും ആയുർദൈർഘ്യത്തെ സ്വാധീനിക്കും. ഇവ സമ്മർദത്തെ പ്രതിരോധിച്ച് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുമെന്നതാണ് ഇതിന് കാരണം. ജൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും പുരുഷന്മാർക്കും സ്ത്രീകളെ പോലെ ആയുർദൈർഘ്യമുള്ളവരായി തീരാം. അതിനവർ സ്ഥിരമായ മെഡിക്കൽ പരിശോധനകൾ നടത്തണം, ഭക്ഷണക്രമം പാലിക്കണം, സൺ പ്രോട്ടക്ഷൻ ഉപയോഗിക്കണം, സമ്മർദം കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം, മാത്രമല്ല സ്ത്രീകൾ ആരോഗ്യ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കുന്നതിലും തെറ്റില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.Content Highlights: Researches found out the reason for female longevity