എത്ര ശ്രമിച്ചിട്ടും മനസിനെ ശാന്തമാക്കാന് കഴിയുന്നില്ലേ? ചിലര്ക്ക് ചിന്തകളെ നിയന്ത്രിക്കാന് കഴിയില്ല. നിങ്ങള് ജോലി സ്ഥലത്തോ സുഹൃത്തുക്കള്ക്കൊപ്പമോ സമയം ചിലവഴിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും രാത്രിയില് ഉറങ്ങാന് കിടക്കുമ്പോള് പോലും ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അമിതമായി ആലോചിച്ച് മനസമാധാനം കളയാറുണ്ടാകും അല്ലേ? ഇനി മനസിലേക്ക് എപ്പോഴും ഓടിക്കയറി വരുന്നതും നെഗറ്റീവ് ചിന്തകള് തന്നെയാവും. ഭയവും ഉത്കണ്ഠയും കൂടെ കാടുകയറിയ ചിന്തയും ഉണ്ടെങ്കില് ഉറപ്പിച്ചോ നിങ്ങളൊരു ഓവര് തിങ്കറാണ്. ചിന്തകളെ നിയന്ത്രിച്ചില്ലെങ്കില് വിഷാദരോഗം പോലുള്ള പല മാനസിക പ്രശ്നങ്ങളും ഉണ്ടായേക്കാം. എല്ലാത്തിനും ഉപരിയായി നിങ്ങളുടെ മനസമാധാനം നഷ്ടപ്പെട്ടേക്കാം. പക്ഷേ ഈ ഓവര്തിങ്കിംഗില് നിന്ന് എങ്ങനെ പുറത്ത് കടക്കാം എന്നാണോ ചിന്തിക്കുന്നത്. അതിന് വഴിയുണ്ട്.
നെഗറ്റീവായി ചിന്തിക്കാന് തുടങ്ങുമ്പോള്ത്തന്നെ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധതിരിക്കുക. ഫ്രണ്ട്സിനോടൊപ്പം പുറത്ത് പോവുകയോ, സിനിമ കാണുകയോ, ആരോടെങ്കിലും സംസാരിക്കുകയോ, ഭക്ഷണം കഴിക്കാന് പോവുകയോ എന്തുവേണമെങ്കിലും ചെയ്യാം. നെഗറ്റീവ് ചിന്ത വരുന്നു എന്ന് തോന്നുമ്പോള് അപ്പോള്തന്നെ മറ്റെന്തെങ്കിലും കാര്യങ്ങളുമായി തിരക്കിലാവുക.
നിങ്ങള്ക്ക് വിശ്വസിക്കാം എന്ന് തോന്നുന്ന ഒരാളോട് ചിന്തകളെക്കുറിച്ച് തുറന്ന് സംസാരിക്കാം. എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നം എന്നുള്ളത്. അത്തരത്തില് ചിന്തകള് പങ്കുവയ്ക്കുമ്പോള്ത്തന്നെ ഉത്കണ്ഠകള്ക്കും ആശങ്കകള്ക്കും പകുതി ആശ്വാസം ലഭിക്കും.മാത്രമല്ല വൈകാരിക പിന്തുണ ലഭിക്കുകയും ചെയ്യും.
ശ്വാസത്തില് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന് മെഡിറ്റേഷന് സഹായിക്കും. ചിന്തകളെ നിയന്ത്രിക്കാനും അവയെ പ്രതിരോധിക്കാനും നല്ലൊരു പോംവഴിയാണ് മെഡിറ്റേഷന്.
നെഗറ്റീവ് കൂട്ടുകെട്ടുകള് നമ്മളെ പരോക്ഷമായി ബാധിക്കും. എപ്പോഴും പരാതി പറയുകയും നെഗറ്റിവിറ്റി പരത്തുകയും ചെയ്യുന്ന സുഹൃത്തുക്കളില്നിന്ന് അകന്ന് നില്ക്കുക. ഇത്തരത്തിലുളള ആളുകള് അമിത ചിന്തകള് ഉണ്ടാക്കാന് കൂടുതല് കാരണമാകുകയേ ഉളളൂ.
എപ്പോഴും ഒരു ഡയറിയോ ചെറിയ ബുക്കോ കയ്യില് വയ്ക്കുക. എന്നിട്ട് നിങ്ങള്ക്ക് വരുന്ന ചിന്തകള് അതില് എഴുതിവയ്ക്കാവുന്നതാണ്. ഇത് ദിവസവും പ്രാക്ടീസ് ചെയ്യുമ്പോള് എന്ത് തരത്തിലുള്ള ചിന്തകളാണ് നിങ്ങളെ ബാധിക്കുന്നതെന്ന് അറിയാന് സാധിക്കും. അത് മനസിലാക്കുന്നതിലൂടെ അവയെ ഒഴിവാക്കാനും നമുക്ക് കഴിയും.
നിങ്ങളെപ്പോഴും ജോലിസ്ഥലവും വീടും ഒക്കെയായി കഴിയുന്നവരാണോ? എങ്കില് സ്ഥിരമായ ഈ ദിനചര്യകളൊക്കെ മാറ്റി മനസിനെ സ്വസ്ഥമാക്കാനുള്ള ഒരു പോംവഴിയാണ് യാത്ര ചെയ്യുക എന്നത്. കഴിയുന്നതും ഒറ്റയ്ക്കോ സുഹൃത്തുക്കള്ക്കൊപ്പമോ യാത്ര ചെയ്യാന് ശീലിക്കുക. ഇത് മനസില് പോസിറ്റീവ് ചിന്തകള് നിറയ്ക്കാന് സഹായിക്കും.
(മനസിന്റെ കടിഞ്ഞാണ് നിങ്ങളുടെ നിയന്ത്രണത്തില് അല്ല എന്ന് തോന്നുമ്പോള് ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധന്റെ സേവനം തേടേണ്ടതാണ്)
Content Highlights :Do you have fear, anxiety, and overthinking? But you are an overthinker.