സോഷ്യൽ മീഡിയയിൽ നിറഞ്ഞ് 'മള്‍ട്ടിപ്പിള്‍മൈലോമ'; അറിയാം ഈ രോഗത്തെ

മള്‍ട്ടിപ്പിള്‍ മൈലോമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ? രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

ഗുരുതരമായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മൈലോമ. മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ അര്‍ബുദം ഇന്ന് ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നുണ്ട്. നേരത്തെ രോഗം കണ്ടെത്തുന്നത് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സഹായിക്കും. അസ്ഥിമജ്ജയിലാണ് മള്‍ട്ടിപ്പിള്‍ മൈലോമ ആരംഭിക്കുന്നത്. അസ്ഥിമജ്ജയില്‍ പ്ലാസ്മ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ഈ കാന്‍സര്‍ കോശങ്ങള്‍ ആരോഗ്യമുളള രക്തകോശങ്ങളെ നശിപ്പിക്കുകയും അസാധാരണമായ വിധത്തില്‍ പ്രോട്ടീനുകള്‍ സൃഷ്ടിക്കുകയും അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കാലങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വിളര്‍ച്ച, അണുബാധകള്‍, അസ്ഥികളുടെ ഒടിവുകള്‍, വൃക്ക തകരാറുകള്‍ തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കും.

അസ്ഥികളെ ബാധിക്കുന്നതുപോലെ തന്നെ വൃക്കയെ ബാധിക്കുന്ന ചില പ്രോട്ടീനുകളും മള്‍ട്ടിപ്പിള്‍ മൈലോമ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയെ വളരെ മോശമായി ബാധിക്കുന്ന അളവിലാണ് കാല്‍സ്യം പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നല്ല രീതിയില്‍ കുറയുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും എന്നതും ഈ രോഗത്തിൻ്റെ പ്രത്യേകതയാണ്.

മള്‍ട്ടിപ്പിള്‍ മൈലോമയുടെ തുടക്ക ലക്ഷണങ്ങള്‍ അറിയാം

വളരെ പതുക്കെയാണ് രോഗം ശരീരത്തില്‍ വ്യാപിക്കുന്നത്. ചിലപ്പോള്‍ രക്ത പരിശോധനകള്‍ വഴിയും എക്‌സറേകളിലൂടെയും പോലും ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്

അസ്ഥി വേദന

മള്‍ട്ടിപ്പിള്‍ മൈലോമയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് അസ്ഥികള്‍ക്കുണ്ടാകുന്ന വേദന. വേദന സ്ഥിരമായി ഉണ്ടാകാം. ചെറുതായി ആരംഭിച്ച് വേദന തീവ്രമാകുകയാണ് ചെയ്യുന്നത്.

പതിവായുണ്ടാകുന്ന അണുബാധകള്‍

മുകളില്‍ പറഞ്ഞതുപോലെ പ്ലാസ്മ കോശങ്ങള്‍ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതുകൊണ്ട് എപ്പോഴും രോഗബാധയുണ്ടാകുന്നു. സൈനസ്, ബ്രോങ്കൈറ്റീസ് പോലുളള രോഗങ്ങള്‍ ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നു.

അമിതമായ ക്ഷീണം

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും നിരന്തരമായി ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നതാണ് ക്ഷീണം ഉണ്ടാകാന്‍ കാരണം.

ഭാരക്കുറവ്

ഭക്ഷണക്രമത്തിലും വ്യായാമ രീതിയിലും മാറ്റങ്ങള്‍ ഒന്നും വരുത്താതെതന്നെ ശരീരഭാരം കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാം. ഇത്തരത്തിലുള്ള ഭാരക്കുറവ് ശ്രദ്ധിക്കേണ്ടതാണ്

ഇടയ്ക്കിടെ ദാഹം, മൂത്രമൊഴിക്കല്‍

അസ്ഥികള്‍ ക്ഷയിക്കുന്നതുമൂലം രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നു. ഇത് നിര്‍ജ്ജലീകരണം, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

കൈകാലുകളില്‍ മരവിപ്പ്

മള്‍ട്ടിപ്പിള്‍ മൈലോമ ഉണ്ടാകുമ്പോള്‍ ഞരമ്പുകളില്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്‌തേക്കാം. ഇത് കൈകൈകാലുകളില്‍ മരവിപ്പ് ഉണ്ടാകാനിടയായേക്കും.

ശ്വാസം മുട്ടല്‍

നിങ്ങള്‍ അധികം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ പോലും രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് കുറയുന്നത് ശ്വാസതടസം അനുഭവപ്പെടാന്‍ കാരണമാകുന്നു. രോഗത്തിന്റെ തുടക്കത്തില്‍ കാണപ്പെടുന്ന ലക്ഷണമാണിത്.

രക്തസ്രാവം ഉണ്ടാവുക

മള്‍ട്ടിപ്പിള്‍ മൈലോമ ഉണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നത് തടസ്സപ്പെടുന്നു. അതുകൊണ്ട് ഇടയ്ക്കിടെ മോണയില്‍നിന്നും മൂക്കില്‍നിന്നും ഒക്കെ രക്തസ്രാവം ഉണ്ടാകാനിടയുണ്ട്.

വൃക്കയിലെ പ്രശ്‌നങ്ങള്‍

മള്‍ട്ടിപ്പിള്‍ മൈലോമ മൂലം ഉണ്ടാകുന്ന പ്രോട്ടീന്‍ വൃക്കകളെ തകരാറിലാക്കും. കാലുകളില്‍ നീര്, മൂത്രത്തിന് നുരയും പതയും ഉണ്ടാവുക, ഒരുപാട് തവണ മൂത്രമൊഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

പരിശോധന എങ്ങനെ

രക്തപരിശോധനയിലൂടെ രോഗമുണ്ടോ എന്ന് തിരിച്ചറിയാം. മൂത്രപരിശോധനയിലൂടെ വൃക്കയിലെ പ്രോട്ടീന്റെ അളവ് പരിശോധിക്കാം. മജ്ജ പരിശോധിക്കുകവഴി പ്ലാസ്മകോശങ്ങള്‍ എത്രത്തോളം വര്‍ധിച്ചിട്ടുണ്ടെന്നും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും അറിയാം. എക്‌സറേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നീ പരിശോധനകള്‍ വഴി അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. മള്‍ട്ടിപ്പിള്‍ മൈലോമ ഒരു സങ്കീര്‍ണമായ രോഗാവസ്ഥയാണെങ്കിലും ലക്ഷണങ്ങളിലൂടെയും മറ്റുമുളള നേരത്തെയുളള കണ്ടെത്തല്‍ വേഗത്തില്‍ ചികിത്സ തേടാനും ചികിത്സാസാധ്യത മെച്ചപ്പെടുത്താനും സഹായിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :How to recognize multiple myeloma, a serious blood cancer. What are the symptoms?

To advertise here,contact us