30-45 വയസ്സിന് ഇടയിലുള്ളവരില്‍ കണ്ടുവരുന്ന ഹൃദയാഘാതത്തിന്റെ അപകട സാധ്യതകള്‍

30കളിലെ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ആ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

സമീപകാലത്ത് ചെറുപ്പക്കാരില്‍ ഹൃദയാഘാത നിരക്ക് വര്‍ധിച്ചുവരികയാണ്. 25 നും 45 നും ഇടയില്‍ പ്രായമുളള ധാരാളം പേരാണ് ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്തുകൊണ്ടായിരിക്കാം ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നത്.30 കളിലെ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ? ഈ ലക്ഷണങ്ങള്‍ എന്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ? അറിയാം..

വന്നും പോയും ഇരിക്കുന്ന നെഞ്ചിലെ അസ്വസ്ഥത

ഹൃദയാഘാതത്തിന്റെ സൂചനയായി ഉണ്ടാകുന്ന നെഞ്ചുവേദനയെ പലപ്പോഴും അസിഡിറ്റി, പേശിയുടെ പിരിമുറുക്കം, ജോലി സമ്മര്‍ദ്ദം ഇങ്ങനെ പല കാരണങ്ങള്‍കൊണ്ട് ആളുകള്‍ തള്ളിക്കളയാറുണ്ട്. മിക്കപ്പോഴും വലിയ നെഞ്ചുവേദനയായി ഇത് തോന്നണമെന്നില്ല. ഈ അസ്വസ്ഥത നെഞ്ചില്‍ ഭാരമിരിക്കുന്നതായോ, ഞെരുക്കം പോലെയോ നെഞ്ച് എരിച്ചില്‍ പോലെയോ ഉളളതാകാം. ആവര്‍ത്തിച്ച് വരുന്ന ഇത്തരം സൂചനകള്‍ ഒരിക്കലും അവഗണിക്കരുത്.

ശ്വാസതടസം തോന്നുകവാര്‍ധക്യത്തിലോ ശ്വാസകോശത്തിന്റെ കേടുപാടുമൂലമോ ആണ് സാധാരണയായി ശ്വാസതടസം ഉണ്ടാകുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണമായി ചെറുപ്പക്കാരില്‍ നേരിയ വ്യായാമത്തിന് ശേഷമോ ചെറിയ നടത്തത്തിനോ ശേഷം പോലും നല്ലരീതിയില്‍ ശ്വാസതടസം ഉണ്ടാകാറുണ്ട്. ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യാന്‍ പാടുപെടുന്നതിനാല്‍ നെഞ്ച് വേദനയ്ക്ക് മുന്‍പേ ശ്വാസതടസത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. പലരും ഇത് ക്ഷീണമാണെന്നാണ് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്.

അസാധാരണമായ വിയര്‍പ്പ്

ചൂടുള്ള കാലാവസ്ഥയിലോ വ്യായാമം ചെയ്യുമ്പോഴോ മാത്രമാണ് സാധാരണയായി ശരീരം വിയര്‍ക്കുന്നത്. എന്നാല്‍ വെറുതെ ഇരിക്കുന്ന സമയത്തോ രാത്രിയില്‍ ഉറക്കത്തിനിടയിലോ അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ ഹൃദയം സമ്മര്‍ദ്ദത്തിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണമാണ്. ഈ ലക്ഷണവും സാധാരണയായി അവഗണിക്കപ്പെടുന്നതാണ്.

താടിയെല്ല്, കഴുത്ത് അല്ലെങ്കില്‍ തോളില്‍ ഉണ്ടാകുന്ന വേദന

നെഞ്ചിന്റെ ഭാഗത്താണ് സാധാരണയായി വേദന അനുഭവപ്പെടാറുളളതെങ്കിലും ചെറുപ്പക്കാരില്‍ ഹൃദയാഘാതം പലപ്പോഴും അപ്രതീക്ഷിതമായ ഇടങ്ങളിലാണ് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്. താടിയെല്ല്, കഴുത്ത്, പുറം മുതല്‍ തോള്‍ വരെ വേദന വ്യാപിക്കുന്നു. ഇത്തരം പരോക്ഷമായ വേദനകള്‍ സാധാരണയായി അവഗണിക്കുകയാണ് ചെയ്യാറുളളത്.

ക്ഷീണം

ദൈനംദിന ജീവിതത്തില്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ പതിവായുണ്ടാകുന്ന ക്ഷീണവും ഹൃദയാഘാതവുമായി ബന്ധപ്പെട്ട ക്ഷീണവും തമ്മില്‍ വ്യത്യാസമുണ്ട്. ശരിയായ വിശ്രമത്തിന് ശേഷവും ക്ഷീണം തുടരുകയോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ അത് ശരീരത്തിലെ പേശികളിലേക്കും കലകളിലേക്കും രക്തയോട്ടം കുറയുന്നതിന്റെ സൂചനയായിരിക്കാം.

ദഹനക്കേട്30 വയസിന് മേലുള്ള പലര്‍ക്കും ദഹനക്കേട്, ഓക്കാനം, അല്ലെങ്കില്‍ വയറിലെ മുകള്‍ വശത്ത് മര്‍ദ്ദം എന്നിവ അനുഭവപ്പെടുന്നതിലൂടെയാണ് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നത്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. )

Content Highlights :Risk of heart attack in people between the ages of 30 and 45

To advertise here,contact us