വെജിറ്റേറിയനാണോ, നോണ്‍ വെജിറ്റേറിയനാണോ?, തടി കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നയാളാണോ? പലരുടെയും ഭക്ഷണപ്പട്ടികയില്‍ മുട്ടയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. പാചകം ചെയ്യാന്‍ എളുപ്പം, പോഷകങ്ങള്‍ ധാരാളം. എന്നാല്‍ ദിവസവും കഴിക്കുന്ന ഈ കുഞ്ഞന്‍ ഭക്ഷണത്തെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങളുമുണ്ട്.
എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക മുട്ട ദിനമായി ആചരിക്കുന്നത്. 1996 ല്‍ വിയന്നയിലാണ് ആദ്യമായി മുട്ടദിനം ആചരിക്കുന്നത്. 2026 ല്‍ 30 വര്‍ഷം തികയുകയാണ്. മുട്ടയുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയും സമീകൃത ഭക്ഷണത്തില്‍ മുട്ടയ്ക്കുള്ള പ്രാധാന്യം ഓര്‍മിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ പ്രമേയം 'Protein that Powers and Protects' എന്നതാണ്. ശരീരത്തിന് കരുത്തേകുകയും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന പ്രോട്ടീനിന്റെ പ്രാധാന്യമാണ് ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.
വലുപ്പത്തില്‍ ചെറുതാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ മുട്ട ഒട്ടും പിന്നിലല്ല. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പേശികളുടെ പരിപാലനത്തിനും ആവശ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ മുട്ടയിലുണ്ട്. ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി, സെലീനിയം, കോളിന് തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍നിന്ന് ലഭിക്കും. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം, തലച്ചോറിന്റെ ആരോഗ്യം, ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇവ പ്രധാനമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരുടെ പേശികളുടെ പരിപാലനത്തിനും പ്രായമായവര്‍ക്ക് വേണ്ടിയുള്ള പോഷകാഹാരം എന്ന നിലയിലും മുട്ട പ്രയോജനകരമായ ഭക്ഷണമാണ്.
മുട്ട കഴിക്കുമ്പോള്‍ വെള്ള മാത്രം കഴിക്കുകയും മഞ്ഞക്കരു ഒഴിവാക്കുകയും ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഈ ശീലം കാണാം. എന്നാല്‍ മുട്ടയുടെ വെള്ളയ്ക്കും മഞ്ഞക്കരുവിനും വ്യത്യസ്ത പോഷകഗുണങ്ങളുണ്ട്.
മുട്ടയുടെ വെള്ള: പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്ന ഭാഗമാണിത്. കൊഴുപ്പും കലോറിയും കുറവാണ്.
മുട്ടയുടെ മഞ്ഞക്കരു: വിറ്റാമിന്‍ ഡി, ബി12, കോളിന് തുടങ്ങിയ പ്രധാന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ കൊഴുപ്പിന്റെ ഭൂരിഭാഗവും മഞ്ഞക്കരുവിലാണ്.അതിനാല്‍ മഞ്ഞക്കരു കഴിക്കുന്നത് എല്ലാവരും ഒഴിവാക്കണമെന്നില്ല. ഒരാളുടെ ആരോഗ്യസ്ഥിതി, ഭക്ഷണരീതി, ഡോക്ടറുടെ നിര്‍ദേശം എന്നിവ പരിഗണിച്ചാണ് ഭക്ഷണത്തില്‍ മാറ്റം വരുത്തേണ്ടത്.
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഭക്ഷണപ്പട്ടികയില്‍ മുട്ടയ്ക്ക് ഇടം നല്‍കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞതായി തോന്നാനും ഇടയ്ക്കിടെയുള്ള വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. എന്നാല്‍ മുട്ട മാത്രം കഴിച്ചതുകൊണ്ട് ശരീരഭാരം കുറയില്ല. ഒരു ദിവസം കഴിക്കുന്ന മൊത്തം ഭക്ഷണത്തിന്റെ അളവ്, കലോറി, ശാരീരിക പ്രവര്‍ത്തനം, ഉറക്കം എന്നിവയെല്ലാം ശരീരഭാരത്തെ സ്വാധീനിക്കുന്നു.
എണ്ണയില്‍ വറുത്ത മുട്ടയും ധാരാളം വെണ്ണയോ ചീസോ ചേര്‍ത്ത വിഭവങ്ങളും പതിവായി കഴിക്കുന്നതിനുപകരം പുഴുങ്ങിയ മുട്ടയോ കുറഞ്ഞ എണ്ണയില്‍ തയ്യാറാക്കിയ ഓംലെറ്റോ തിരഞ്ഞെടുക്കാം. മുട്ടയ്ക്കൊപ്പം പച്ചക്കറികളും മറ്റു പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
മുട്ടയെക്കുറിച്ച് ഇന്നും ചര്‍ച്ചയാകുന്ന ചോദ്യമാണിത്. സാധാരണയായി ഭക്ഷണരീതിയില്‍ മുട്ട ഉള്‍പ്പെടുത്തുന്നവര്‍ ഓവോ-വെജിറ്റേറിയന്‍ (Ovo-vegetarian) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ മുട്ട കഴിക്കുമെങ്കിലും മാംസവും മത്സ്യവും കഴിക്കില്ല.
വെള്ള തോടുള്ള മുട്ടകളും തവിട്ടുനിറത്തിലുള്ള മുട്ടകളും വിപണിയില്‍ കാണാം. എന്നാല്‍ തോടിന്റെ നിറം മാത്രം നോക്കി ഒരു മുട്ടയ്ക്ക് മറ്റൊന്നിനേക്കാള്‍ കൂടുതല്‍ പോഷകഗുണമുണ്ടെന്ന് പറയാനാവില്ല. കോഴിയുടെ ഇനമാണ് പ്രധാനമായും തോടിന്റെ നിറം നിര്‍ണയിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവും വ്യത്യാസപ്പെടാം. കോഴിക്ക് ലഭിക്കുന്ന തീറ്റയിലെ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കും. മഞ്ഞക്കരു കടുംമഞ്ഞയോ ഓറഞ്ച് നിറത്തിലോ ആണെന്നതുകൊണ്ടുമാത്രം അതില്‍ കൂടുതല്‍ പ്രോട്ടീനുണ്ടെന്ന് കരുതേണ്ടതില്ല.
ആരോഗ്യമുള്ള പലര്‍ക്കും സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി മുട്ട ഉള്‍പ്പെടുത്താം. എന്നാല്‍ എല്ലാവര്ക്കും ഒരേ അളവില്‍ മുട്ട അനുയോജ്യമാകണമെന്നില്ല. കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശം തേടുന്നത് നല്ലതാണ്. മുട്ട നന്നായി വേവിച്ചശേഷം കഴിക്കുന്നതാണ് സുരക്ഷിതം. പച്ചയോ പാതിവെന്തതോ ആയ മുട്ടയില്‍ സാല്‍മൊണെല്ല പോലുള്ള രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുട്ട കൈകാര്യം ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും ശുചിത്വം പാലിക്കണം.
മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല, കോളിന് എന്ന പ്രധാന പോഷകവും അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പ്രവര്‍ത്തനത്തിനും തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും കോളിന് ആവശ്യമാണ്. അതിനാല്‍ മുട്ടയുടെ മഞ്ഞക്കരു പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ അതിലെ ചില പോഷകങ്ങളും നഷ്ടപ്പെടാം. ഒരു മുട്ടയില്‍നിന്ന് ശരീരത്തിന് ലഭിക്കുന്നത് പ്രോട്ടീന്‍ മാത്രമല്ല പല പ്രധാന പോഷകങ്ങളുമാണ്.
Content Highlights :On World Egg Day, October 9, let us explore the nutritional benefits and fascinating facts about eggs