വല്ലാത്ത ക്യൂട്ടേഷ് തന്നെ… ലോകത്തിലെ ഏറ്റവും ക്യൂട്ടായ മൃഗങ്ങളെ കണ്ടാലോ ?

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ക്യൂട്ടായ ചില മൃഗങ്ങളെ കണ്ടാലോ ?

ചില ആളുകളെ കാണുമ്പോൾ ഇവരെ കാണാൻ എന്ത് ക്യൂട്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ചിലരുടെ മുഖ സവിശേഷതകളും പ്രവർത്തിയിലെ നിഷ്കളങ്കതയുമാണ് നമുക്ക് അങ്ങനെ തോന്നുന്നതിന് പിന്നിൽ. എന്നാൽ മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ക്യൂട്ടായിട്ടുളളവർ ഉണ്ട്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ക്യൂട്ടായ ചില മൃഗങ്ങളെ കണ്ടാലോ ?

ഫെനെക് ഫോക്‌സ്

ഭംഗിയുള്ള മുഖവും വലിയ ചെവികളുമുള്ള ഇവനെ കണ്ടാല്‍ ആര്‍ക്കും എടുത്തൊന്ന് കൊഞ്ചിക്കാന്‍ തോന്നും. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ക്യൂട്ടായി കണക്കാക്കുന്ന ഈ കുറുക്കന്‍ വടക്കേ ആഫ്രിക്കയിലെ മരുഭൂമികളിലാണ് കാണപ്പെടുന്നത്. പകല്‍ മുഴുവന്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഈ വിരുതന്‍ രാത്രിയിലാണ് പുറത്തിറങ്ങുക.

അഡെലി പെന്‍ഗ്വിന്‍

പെന്‍ഗ്വിനാണല്ലോ ഇപ്പോഴത്ത താരം. എന്നാല്‍ അവയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അന്റാര്‍ട്ടിക്കയില്‍ കാണപ്പെടുന്ന ഈ അഡെലി പെന്‍ഗ്വിനുകളാണ്. കാണാന്‍ ക്യൂട്ടാണെങ്കിലും പെന്‍ഗ്വിനുകളിലെ തന്നെ ഏറ്റവും ക്രൂരരായ വേട്ടക്കാരാണ് ഇവര്‍. വേട്ടയാടാനായി ഇവയ്ക്ക് 14 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നീന്താന്‍ സാധിക്കും.

റസ്റ്റി സ്‌പോട്ടഡ് ക്യാറ്റ്

പൂച്ച കുടുംബത്തിലെ ഏറ്റവും ചെറിയ ഇനങ്ങളില്‍ ഒന്നാണ് റസ്റ്റി സ്‌പോട്ടഡ് ക്യാറ്റ്. വെറും 1 കിലോഗ്രാം ഭാരവും 50 സെന്റീമീറ്റര്‍ നീളവമുള്ള ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ കാടുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാറാണ് പതിവ്.

ഭീമന്‍ പാണ്ട

സിനിമകളിലും പരസ്യങ്ങളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന സെലബ്രിറ്റികളായ പാണ്ടകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഭക്ഷണവും ഉറക്കവും മടിയുമാണ് ഇവന്മാരുടെ മെയിന്‍ ഐറ്റം. ഒരു ദിവസം 35 കിലോഗ്രാമില്‍ കൂടുതല്‍ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. കരടി കുടുംബത്തില്‍പ്പെട്ടവരാണെങ്കിലും അക്രമക്കാരികളല്ല ഇവര്‍. സ്‌നേഹവും മടിയും മാത്രമാണ് ഇവരുടെ കൈമുതല്‍.

ഗാലഗോ

കുട്ടികളെ പോലെ കരയുന്ന ഗാലഗോകള്‍ക്ക് ബുഷ് ബേബി എന്നും പേരുണ്ട്. വലിയ കണ്ണുകളും കൂര്‍ത്ത കാതുകളുമുള്ള ഈ ജീവികള്‍ മരചില്ലകളിലാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഏകദേശം അഞ്ച് മീറ്റര്‍ അകലത്തില്‍ വരെ ഇവയ്ക്ക് ഇര പിടിക്കാനായി ചാടാന്‍ സാധിക്കും.

ഷുഗര്‍ ഗ്ലൈഡര്‍

മിഴിച്ച കണ്ണുകളും ചെറിയ ശരീരവുമുള്ള ഷുഗര്‍ ഗ്ലൈഡറുകള്‍ കോളനികളായാണ് ജീവിക്കുന്നത്. ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് പറന്ന് എത്താന്‍ കഴിയുന്ന ഇവയുടെ പ്രധാന ഭക്ഷണം പൂക്കളിലെ തേനാണ്. 40 പേരോളം അടങ്ങുന്ന കോളനികളായാണ് ഇവ താമസിക്കുക.

റെഡ് പാണ്ട

പാണ്ടയെന്ന വിളിപേരുണ്ടെങ്കിലും ഇവയ്ക്ക് ജൈന്റ് പാണ്ടകളുമായി യാതൊരു ബന്ധവുമില്ല. ചുവന്ന വലിയ വാലുകളും മനോഹരമായ മുഖവും ഉള്ള ഇവ ഒരു ടെഡി ബെയറിനെ പോലെയാണിരിക്കുന്നത്. ഏഷ്യയിലെ പര്‍വതപ്രദേശങ്ങളില്‍ ജീവിക്കുന്ന ചുവന്ന പാണ്ടകള്‍, മരങ്ങളില്‍ ഒളിച്ചും ജീവിതത്തിന്റെ പകുതിയും ഉറങ്ങിയും ഭക്ഷണം കഴിച്ചുമാണ് തീര്‍ക്കുന്നത്.

ആക്സലോട്ട്ല്‍

കരയില്‍ ജീവിക്കാന്‍ കഴിയുന്നവയാണെങ്കിലും മുഴുവന്‍ സമയവും വെള്ളത്തിനടിയില്‍ താമസിക്കുന്നവയാണ് ആക്‌സലോട്ട്‌ലുകള്‍. ഭംഗിയുള്ള കണ്ണുകളും, തൂവല്‍ പോലുള്ള ചെകിളകളുമുള്ള ഇവയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി കാണാന്‍ സാധിക്കും. ഇവയെല്ലാം ആക്‌സലോട്ടുകളെ ക്യൂട്ടാക്കുന്നു.

പികാ

വടക്കേ അമേരിക്കയിലെ പാറക്കെട്ടുകളില്‍ കാണുന്ന പിക എന്ന ജീവി മുയലുകളുടെ കുടുംബത്തില്‍പ്പെടുന്നവയാണ്. മൃദുലമായ ശരീരവും വൃത്താകൃതിയിലുള്ള മുഖവും ഇവയെ ക്യൂട്ടാക്കി മാറ്റുന്നു. കഠിനാധ്വാനികളായ പികാകളില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചു കൊണ്ടു പോകുന്ന കുസൃതിക്കാരായ പികാകളും ഇവയ്ക്കിടയില്‍ ഉണ്ട്.

Content Highlights- The cutest animals in the world

To advertise here,contact us