ഹിപ്പോകൾക്ക് അങ്ങ് ഹിമയുഗത്തിലും പിടിയുണ്ട് ആശാനേ! ഈ കണ്ടെത്തൽ അമ്പരപ്പിക്കും

കറന്റ് ബയോളജി എന്ന ജേർണലിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഹിപ്പോപൊട്ടാമസുകളെ കുറിച്ച് പറയുമ്പോഴേ ഓർമവരിക സർവസമയവും വെള്ളത്തിലിങ്ങനെ കിടക്കുന്ന ജീവിയെന്നൊരു കാര്യമാകും. എന്നാൽ ഹിപ്പോകൾക്ക് ഈ ഭൂമിയുമായുള്ള ബന്ധത്തെ കുറിച്ച് പുത്തൻ വിവരങ്ങളില്‍ അമ്പരന്നിരിക്കുകയാണ് ഗവേഷകർ. യൂറോപിന്‍റെ പ്രീഹിസ്റ്റോറിക്ക് വൈൽഡ് ലൈഫിനെ കുറിച്ചെല്ലാ കാര്യങ്ങളും മനസിലാക്കി എന്ന് കരുതിയിരുന്ന ശാസ്ത്രജ്ഞരെ പോലും ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. കറന്റ് ബയോളജി എന്ന ജേർണലിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ന് സബ് സഹാറൻ ആഫിക്കയിൽ മാത്രം കാണപ്പെടുന്ന ഹിപ്പോകൾ നമ്മൾ വിചാരിക്കുന്നതിലും വളരെ വർഷങ്ങൾക്ക് മുമ്പേ സെൻട്രൽ യൂറോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇവയുടെ ഫോസിൽ എല്ലുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു സെമി അക്വാട്ടിക്ക് മൃഗമായ ഹിപ്പോ ജർമനിയിലെ അപ്പർ റൈൻ ഗ്രാബെൻ എന്നയിടത്ത് 47,000 വർഷങ്ങൾക്കും 31,000 വർഷങ്ങൾക്കുമിടയില്‍ ജീവിച്ചിരുന്നത്രേ. അതും അവസാന ഹിമയുഗത്തിന്റെ മധ്യകാലത്ത്.

അവസാന ഇന്റർഗ്ലേഷ്യൽ കാലഘട്ടത്തിൽ, അതും 115,000 വർഷങ്ങൾക്ക് മുമ്പ് സെൻട്രൽ യൂറോപ്പിൽ നിന്നും ഇവ അപ്രത്യക്ഷമായി എന്നാണ് കണക്കാക്കിയിരുന്നത്. അതായത് ഇക്കാലം അത്രയും വിശ്വസിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഹിമയുഗത്തില്‍ മാമോത്തുകൾക്കും റൈനോകൾക്കും ഒപ്പം ഈ പ്രദേശങ്ങളിൽ ഹിപ്പോയും വിഹരിച്ചിരുന്നു എന്ന് പുതിയ തെളിവുകൾ വിശദീകരിക്കുന്നു. ദക്ഷിണപടിഞ്ഞാറൻ ജർമനിയിലെ കാലാവസ്ഥ പരിസ്ഥിതി വ്യതിയാനങ്ങളെ കുറിച്ച് നടന്ന പഠനത്തിലാണ് അപ്പർ റൈൻ ഗ്രാബൻ പ്രദേശത്ത് നിന്നും ലഭിച്ച ഫോസിലുകൾ പരിശോധിച്ചതും പഠനവിധേയമാക്കിയതും.

ഈ പ്രദേശത്ത് ഹിപ്പോകൾ അതിവസിച്ചിരുന്നു എന്നതിൽ നിന്നും പല കാര്യങ്ങളും വ്യക്തമാവുന്നുണ്ട്. യൂറോപ്പിൽ ഹ്രസ്വവും ചൂടുള്ളതുമായ ഇടവേളകൾ വന്നുപോയിരുന്നു എന്നതാണ് ആദ്യം മനസിലാക്കാൻ. ഈ സാഹചര്യമാണ് ഉഷ്ണമേഖലാ മൃഗങ്ങളെയും ഹിമയുഗത്തിലെ മറ്റ് ജീവികൾക്കൊപ്പം അതിജീവിക്കാൻ സഹായിച്ചതിന് പിന്നിലെന്ന് പുത്തന്‍ പഠനം വ്യക്തമാക്കുന്നു.

റേയിഡോ കാർബൺ ഡേറ്റിങും പുരാതനമായ ഡിഎൻഎ സ്വീകൻസിങും ചേർത്താണ് ഗവേഷകർ ലഭിച്ച ഫോസിലുകളിൽ പരിശോധന നടത്തിയത്. ഇതുവഴിയാണ് ഹിമയുഗവുമായുള്ള ഹിപ്പോകളുടെ ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഇന്നും ജീവിച്ചിരിക്കുന്ന ആഫ്രിക്കൻ സ്പീഷീസിലെ ഹിപ്പോകളുമായി ജനിതമായ സാമ്യം ഹിമയുഗത്തിലെ ഹിപ്പോകൾക്കുണ്ടെന്ന് ഡിഎൻഎ സ്വീകൻസിങിൽ വ്യക്തമായിട്ടുണ്ട്.

ചെറുതും ഒറ്റപ്പെട്ടതുമായ കൂട്ടമായാണ് ഇവ ജീവിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നശിച്ച ഒരു വലിയ കൂട്ടത്തിന്റെ ഭാഗമായിരുന്നിരിക്കാം ഇവയെന്ന സാധ്യതയുണ്ടെന്നും പഠനം പറയുന്നു. പുതിയ കണ്ടുപിടിത്തത്തോടെ ഹിമയുഗത്തിൽ എന്തൊക്കെ സാഹചര്യങ്ങളും ജീവികളുമാണ് നിലനിന്നിരുന്നുവെന്ന് ഇനിയും മനസിലാക്കാനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഹിമയുഗത്തിൽ എല്ലായിടങ്ങളിലും ഒരേപോലെയുള്ള അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന ധാരണയും ഇതോടെ ഇല്ലാതാകുകയാണ്.Content Highlights: Hippos lived during Ice Age with Mammoths

To advertise here,contact us