PF തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാം: പുതിയ മാറ്റങ്ങളുമായി EPFO; അറിയേണ്ടതെല്ലാം

വിരമിച്ച ശേഷവും പിഎഫ് പണം ഗഡുക്കളായി കൈപ്പറ്റാം. പുതിയ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

1 min read|20 Nov 2026, 03:47 pm

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (PF) പിന്‍വലിക്കല്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). നിലവിലുള്ള അംഗങ്ങള്‍ക്ക് ഭാഗീകമായി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 75 ശതമാനത്തില്‍നിന്ന് 90 ശതമാനമായി ഉയര്‍ത്തുകയും, വിരമിക്കുന്നവര്‍ക്ക് പിഎഫ് തുക ഗഡുക്കളായി കൈപ്പറ്റാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പുതിയ പദ്ധതിയാണിത്.

കേന്ദ്ര തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന EPFO സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രെസ്റ്റീസിന്റെ 240-ാം യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. പിഎഫ് തുക ഘട്ടംഘട്ടമായി കൈപ്പറ്റാനുള്ള പുതിയ പദ്ധതി തുടര്‍ച്ചയായ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നതിനാല്‍ വിരമിച്ചവര്‍ക്ക് പ്രയോജനകരമാകാം. 55 വയസ്സിന് മുകളിലുള്ള ഏകദേശം 6.32 ലക്ഷം ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ പദ്ധതി പ്രാബല്യത്തിലാകുമ്പോള്‍ ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തുകയുടെ പരിധി വര്‍ധിക്കും. അതായത് പിഎഫ് അക്കൗണ്ടില്‍നിന്ന് ഭാഗികമായി പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ടില്‍ നിര്‍ബന്ധമായും നിലനിര്‍ത്തേണ്ട കുറഞ്ഞ തുകയുടെ പരിധി 25 ശതമാനത്തില്‍നിന്ന് 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ ഉടന്‍ തന്നെ ഈ രീതിയില്‍ പണം പിന്‍വലിക്കാം എന്ന് കരുതണ്ട. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുള്ള ഔദ്യോഗിക നടപടികളും ഭേദഗതികളും പൂര്‍ത്തിയാകേണ്ടതുണ്ട്.

വിരമിക്കുന്നവര്‍ക്ക് ആശ്വാസം

സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന മറ്റൊരു മാറ്റമാണ് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍(SWP) . വിരമിക്കുന്ന സമയത്ത് പിഎഫ് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായി പിന്‍വലിക്കുന്നതിന് പകരം നിശ്ചിത ഇടവേളകളില്‍ ഗഡുക്കളായി പിന്‍വലിക്കാന്‍ ഈ പദ്ധതിവഴി സാധിക്കും.

പണം കൈപ്പറ്റാനുള്ള കാത്തിരിപ്പ് കാലം കുറയും

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പിഎഫ് അക്കൗണ്ടിലെ മുഴുവന്‍ തുകയും അന്തിമമായി പിന്‍വലിക്കുന്നതിന് മുമ്പുള്ള സമയവും കുറച്ചിട്ടുണ്ട്. 2025 ഒക്ടോബറില്‍ 12 മാസമായി ഉയര്‍ത്തിയിരുന്ന കാത്തിരിപ്പ് സമയം രണ്ട് മാസമാക്കാനാണ് തീരുമാനം. അതേസമയം പെന്‍ഷന്‍ തുക അന്തിമമായി പിന്‍വലിക്കുന്നതിനുള്ള കുറഞ്ഞ കാത്തിരിപ്പുകാലാവധി 36 മാസമായി തുടരും.

തുക പിന്‍വലിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

  • ജോലിയില്‍നിന്ന് വിരമിച്ചാല്‍ മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാനുള്ള കാലയളവ് EPFO 12 മാസത്തില്‍ നിന്ന് 2 മാസമായി കുറച്ചു.
  • പെന്‍ഷന്‍ അഥവാ EPS തുക പിന്‍വലിക്കാന്‍ 36 മാസം കാത്തിരിക്കേണ്ടി വരും.
  • 55 വയസുവരെയുള്ള PF അംഗങ്ങള്‍ക്ക് ഈ തീരുമാനം ബാധകമായിരിക്കും. ഇവര്‍ സ്വന്തം അക്കൗണ്ടില്‍ 10 % മിനിമം ബാലന്‍സ് നിലനിര്‍ത്തണം.
  • ഭാഗീകമായി പണം പിന്‍വലിക്കുന്നതിന് മുന്‍പ് കാരണവും യോഗ്യതയും തെളിയിക്കേണ്ടതുണ്ട്.
  • മെഡിക്കല്‍ അടിയന്തിരാവസ്ഥകള്‍, കുട്ടികളുടെ വിദ്യാഭ്യാസം , അവരുടെ വിവാഹം അല്ലെങ്കില്‍ വീട് വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ പോലെയുള്ള ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാവുന്നതാണ്.

വിരമിച്ച ജീവനക്കാര്‍ക്ക് പ്രത്യേത നിയമങ്ങളും വ്യവസ്ഥകളും

യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ വിരമിച്ച ജീവനക്കാര്‍ക്കായി പ്രത്യേക നിയമങ്ങളും വ്യവസ്ഥതകളും ഉള്‍പ്പെടുന്നുണ്ട്. ഒരു സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതി ഇപിഎഫ്ഒ അംഗീകരിച്ചിട്ടുള്ളതുകൊണ്ടുതന്നെ വിരമിച്ചവര്‍ക്ക് മുഴുവന്‍ PF ബാലന്‍സും ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് പകരം തവണകളായി പിന്‍വലിക്കാന്‍ കഴിയും.അതുകൊണ്ട് അക്കൗണ്ടിലെ ശേഷിക്കുന്ന തുക അവര്‍ക്ക് സ്ഥിര വരുമാനം നല്‍കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഇനി ഈ കാലയളവില്‍ ഈ വ്യക്തി മരിച്ചാല്‍ നോമിനിക്കോ യോഗ്യതയുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്കോ ബാക്കി തുക പിന്‍വലിക്കാന്‍ സാധിക്കും.

Content Highlights : Changes to PF rules: PF funds can now be received in installments even after retirement. Let’s find out what the new reforms are.

To advertise here,contact us